റിയാദ്: 2024ൽ മൊത്തം ആഭ്യന്തര, വിദേശ വിനോദസഞ്ചാരികളുടെ എണ്ണം 11.6 കോടിയിലെത്തിയതായി സൗദി ടൂറിസം മന്ത്രാലയം വെളിപ്പെടുത്തി. 2023നെ അപേക്ഷിച്ച് ആറു ശതമാനം വളർച്ചാനിരക്ക് രേഖപ്പെടുത്തിയതായും 2024ലെ ടൂറിസം മേഖലയെക്കുറിച്ചുള്ള വാർഷിക സ്ഥിതിവിവരക്കണക്ക് റിപ്പോർട്ട് വ്യക്തമാക്കി. രാജ്യത്തെ ആഭ്യന്തരവും അന്തർദേശീയവുമായ ടൂറിസ്റ്റുകൾ ചെലവഴിച്ചത് 28,400 റിയാലാണ്. 2023നെ അപേക്ഷിച്ച് 11 ശതമാനമാണ് വളർച്ച നിരക്ക്.
2024ൽ സൗദിയിലെത്തിയ വിദേശ വിനോദസഞ്ചാരികളുടെ എണ്ണം മൂന്നു കോടിയായി. വിദേശ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ റെക്കോർഡ് വർധനയാണ് സൗദി കൈവരിച്ചതെന്ന് ടൂറിസം മന്ത്രാലയം അറിയിച്ചു. ഇത് 2023നെ അപേക്ഷിച്ച് എട്ടു ശതമാനം വളർച്ച നിരക്കാണ്. വിദേശത്തുനിന്നുള്ള വിനോദസഞ്ചാരികൾ ചെലവഴിച്ചത് 16,850 കോടി റിയാലായി. 2023നെ അപേക്ഷിച്ച് 19 ശതമാനം വളർച്ചാനിരക്കാണിത്. 2024ൽ ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണം 8.62 കോടിയിലെത്തി. 2023നെ അപേക്ഷിച്ച് അഞ്ചു ശതാമനം വളർച്ചാനിരക്കാണിത്. അതേസമയം മൊത്തം ആഭ്യന്തര വിനോദസഞ്ചാര ചെലവ് 11,530 കോടി റിയാലിലെത്തിയതായും മന്ത്രാലയം റിപ്പോർട്ടിൽ വിശദീകരിച്ചു.
വാർഷിക സ്ഥിതിവിവരക്കണക്ക് റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്ന അസാധാരണ നേട്ടങ്ങളും ഗണ്യമായ വളർച്ചയും ഭരണകൂടത്തിന്റെ നിർദേശങ്ങളും ടൂറിസം മേഖലക്കുള്ള അവരുടെ പരിധിയില്ലാത്ത പിന്തുണയും മൂലമാണെന്ന് ടൂറിസം മന്ത്രി അഹമ്മദ് അൽ ഖതീബ് പറഞ്ഞു. ‘വിഷൻ 2030’ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് സംഭാവന ചെയ്യുന്ന അടിസ്ഥാന സ്തംഭമായി ടൂറിസം മേഖല മാറിയിരിക്കുന്നു.









