
പാലക്കാട്: കിഴക്കഞ്ചേരി നൈനാങ്കാട് വാടക വീട്ടിൽ നിന്നും 13.5 കിലോ കഞ്ചാവ് കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് ഒരാൾകൂടി അറസ്റ്റിൽ. നെന്മാറ പടപ്പാടത്ത് വീട്ടിൽ ഗോപകുമാറി(52)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അയൽ സംസ്ഥാനങ്ങളിൽ നിന്നും കഞ്ചാവ് എത്തിച്ച് ചില്ലറ വിൽപ്പനക്കാർക്ക് വിൽക്കുന്നയാളാണ് ഗോപകുമാർ എന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ ഓഗസ്റ്റ് എട്ടിനാണ് കിഴക്കഞ്ചേരി നൈനാങ്കാട് വാടക വീട്ടിൽ നിന്നും കഞ്ചാവ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ഒരു സ്ത്രീ ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിലായിരുന്നു. ഇവരെ ചോദ്യം ചെയ്തതോടെയാണ് ഗോപകുമാറിനെ കുറിച്ചുള്ള വിവരം പൊലീസിന് ലഭിച്ചത്.
ആന്ധ്ര, ഒറീസ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും ചരക്ക് കടത്തുന്നതോടൊപ്പം കഞ്ചാവും എത്തിക്കുകയാണ് ഇയാളുടെ രീതി. അയൽ സംസ്ഥാനങ്ങളിൽ നിന്നും ഇയാളുടെ ലോറിയിൽ കടത്തിക്കൊണ്ടുവരുന്ന കഞ്ചാവ് വിവിധ പ്രദേശങ്ങളിലുള്ള വിൽപ്പനക്കാർക്ക് എത്തിച്ചു കൊടുക്കും. കഞ്ചാവിന്റെ മൊത്തവിതരണക്കാരനാണ് ഇയാളെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
Also read : കുറ്റ്യാടി വരെയുള്ള ചാർജ് എടുത്ത് തരുമോ എന്ന് ചോദിച്ചു; കാൻസർ രോഗിയായ യാത്രക്കാരന് മർദ്ദനം
വീട്ടിൽ കഞ്ചാവ് സൂക്ഷിച്ചതിന് അന്ന് കിഴക്കഞ്ചേരി സ്വദേശി സുന്ദരൻ, അണക്കെപ്പാറ സ്വദേശിനി സ്വപ്ന എന്നിവരായിരുന്നു നേരത്തേ പിടിയിലായത്. സുന്ദരന്റെ മകളുടെ ഭർത്താവിന്റെ അമ്മയാണ് സ്വപ്ന. കഞ്ചാവ് സൂക്ഷിക്കാൻ സുന്ദരനെ ഏൽപ്പിച്ചത് സ്വപ്നയായിരുന്നു. സുന്ദരനെ ചോദ്യം ചെയ്തപ്പോൾ ‘അണക്കപ്പാറ അക്ക’ എന്ന് അറിയപ്പെടുന്ന സ്വപ്ന സൂക്ഷിക്കാൻ ഏൽപ്പിച്ച കഞ്ചാവാണ് അതെന്ന് വെളിപ്പെടുത്തിയതായി പൊലീസ് പറയുന്നു. സ്ഥലത്ത് കഞ്ചാവ് വിൽപ്പന നടത്തുന്ന പ്രധാനിയാണ് സ്വപ്ന.
തുടർന്ന് സ്വപ്നയെ ചോദ്യം ചെയ്തപ്പോഴാണ് തനിക്ക് കഞ്ചാവ് നൽകിയത് ഗോപകുമാറാണെന്ന് ഇവർ പൊലീസിനോട് പറഞ്ഞത്. സ്വപ്നയെയും അന്ന് തന്നെ അറസ്റ്റ് ചെയ്തിരുന്നു. ഇവർ രണ്ടുപേരും ഇപ്പോൾ റിമാൻഡിൽ ആണ്. സ്വപ്നയ്ക്ക് സ്ഥിരം കഞ്ചാവ് എത്തിക്കുന്നതും ഇയാളാണെന്ന് പൊലീസ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ഗോപകുമാർ പിടിയിലാവുന്നത്. ഇയാളെ പിടികൂടിയതോടെ പാലക്കാട് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ഇയാൾ കഞ്ചാവ് കൈമാറുന്ന ആളുകളെ പറ്റി പൊലീസിന് വിവരം ലഭിച്ചതായാണ് സൂചന.
The post വാടക വീട്ടിൽ നിന്നും 13.5 കിലോ കഞ്ചാവ് കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് ഒരാൾകൂടി അറസ്റ്റിൽ appeared first on Express Kerala.









