കണ്ണൂർ ജില്ലയിലെ മട്ടന്നൂർ കോളാരിയിൽ നിർമ്മാണ പ്രവർത്തനങ്ങൾക്കിടെ മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു. കിണറ്റിനകത്ത് കുടിവെള്ള പൈപ്പ് സ്ഥാപിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. അപകടത്തിൽ പരിക്കേറ്റ തൊഴിലാളിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പൈപ്പ് ലൈൻ ജോലികൾക്കായി മണ്ണിനടിയിൽ ഇറങ്ങിയ കീഴ്പ്പള്ളി സ്വദേശി മനീഷും ചെറുപുഴ സ്വദേശി തങ്കച്ചനുമാണ് അപകടത്തിൽപ്പെട്ടത്. ജോലികൾ പുരോഗമിക്കുന്നതിനിടെ, മുകളിലെ ചെങ്കൽ ഭിത്തി ഇടിഞ്ഞുവീഴുകയായിരുന്നു. മണ്ണിനടിയിൽ കുടുങ്ങിയ ഇരുവരെയും ഉടൻ തന്നെ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി പുറത്തെത്തിച്ചു.
ALSO READ: കണ്ണൂർ സെൻട്രൽ ജയിലിൽ ലഹരിമാഫിയ സജീവം; സംഘത്തിലെ മൂന്നാമനും പിടിയിൽ
ഗുരുതരമായി പരിക്കേറ്റ മനീഷിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ട തങ്കച്ചൻ ചികിത്സയിൽ തുടരുകയാണ്. അപകടത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
The post കണ്ണൂരിൽ മണ്ണിടിഞ്ഞ് ഒരാൾ മരിച്ചു, ഒരാൾ ചികിത്സയിൽ; അപകടം പൈപ്പ് സ്ഥാപിക്കുന്നതിനിടെ appeared first on Express Kerala.