
പമ്പ: ആഗോള അയ്യപ്പ ഭക്തരെ ഒരുമിപ്പിക്കുന്ന ‘ആഗോള അയ്യപ്പ സംഗമം’ നാളെ പമ്പയിൽ നടക്കും. കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് രാത്രി തന്നെ പമ്പയിലെത്തി. സംഗമത്തിനായുള്ള വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായിക്കഴിഞ്ഞു. രണ്ടാം പിണറായി സർക്കാരിന്റെ കാലഘട്ടത്തിൽ മുഖ്യമന്ത്രി പമ്പയിൽ എത്തുന്നത് ഇത് ആദ്യമായാണ്.
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മരാമത്ത് ഓഫീസ് കോംപ്ലക്സിലാണ് മുഖ്യമന്ത്രി താമസിക്കുക. ദേവസ്വം മന്ത്രി വി.എൻ. വാസവൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, ദേവസ്വം ബോർഡ് സെക്രട്ടറി എം.ജി. രാജമാണിക്യം ഐഎഎസ് എന്നിവർ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. സ്ഥലത്ത് അതീവ സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. എഡിജിപി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിൽ ആയിരത്തിലധികം പോലീസുകാരെ സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്.
ALSO READ: തിരിച്ചറിയാൻ വൈകി; ആറ് വയസുകാരിയെ അണലി കടിച്ചു
നാളെ രാവിലെ 9.30-ന് പമ്പ മണപ്പുറത്തെ പ്രധാന വേദിയിൽ മുഖ്യമന്ത്രി സംഗമം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന ചടങ്ങിന് ശേഷം, ശബരിമല വികസനം, ആധ്യാത്മിക ടൂറിസം, തിരക്ക് നിയന്ത്രിക്കുന്നതിനുള്ള മാർഗ്ഗങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ മൂന്ന് വേദികളിലായി ചർച്ചകൾ നടക്കും. പ്രധാന വേദിയിൽ നടക്കുന്ന ചർച്ചയിൽ ശബരിമലയുടെ സമഗ്ര വികസനത്തിനായുള്ള മാസ്റ്റർ പ്ലാനിനെക്കുറിച്ച് ചർച്ച ചെയ്യും. ഹിൽടോപ്പിന്റെ താഴ്വരയിലുള്ള വേദിയിൽ ആധ്യാത്മിക ടൂറിസത്തെക്കുറിച്ചും പമ്പ ശ്രീരാമസാകേതം ഓഡിറ്റോറിയത്തിൽ തിരക്ക് നിയന്ത്രിക്കുന്നതിനെക്കുറിച്ചും ചർച്ചകൾ നടക്കും.
സംഗമത്തിൽ 3,500 പ്രതിനിധികൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പാസ്സ് ലഭിച്ചവർക്ക് മാത്രമേ സംഗമത്തിൽ പ്രവേശനം അനുവദിക്കൂ. രാവിലെ ആറു മണി മുതൽ രജിസ്‌ട്രേഷൻ ആരംഭിക്കും. വിവിധ ചർച്ചകളിൽ നിന്ന് ലഭിക്കുന്ന നിർദേശങ്ങൾ ക്രോഡീകരിച്ച്, ഭാവിയിലെ വികസന പ്രവർത്തനങ്ങൾക്കായി ദേവസ്വം ബോർഡ് പദ്ധതികൾക്ക് രൂപം നൽകും.
ALSO READ: ഭാര്യയും ഭർത്താവും വിഷം കഴിച്ച് ജീവനൊടുക്കി
ചടങ്ങിൽ ശബരിമല തന്ത്രി കണ്ഠര് മഹേഷ് മോഹനര്, എൻഎസ്എസ് വൈസ് പ്രസിഡന്റ് എൻ. സംഗീത് കുമാർ, എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, കെപിഎംഎസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ, മലയരയസമാജം ജനറൽ സെക്രട്ടറി പി.കെ. സജീവ്, കേരള ബ്രാഹ്മണസഭ ജനറൽ സെക്രട്ടറി കരിമ്പുഴ രാമൻ, ശിവഗിരി മഠത്തെ പ്രതിനിധീകരിച്ച് സ്വാമി പ്രബോധതീർഥ തുടങ്ങിയ പ്രമുഖർ പങ്കെടുക്കും. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള മന്ത്രിമാരും സംഗമത്തിൽ അതിഥികളായി എത്തും.
The post ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ; ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി പമ്പയിലെത്തി appeared first on Express Kerala.









