വൈഡൂര്യ നിറത്തിലുള്ള വെള്ളം, കണ്ണാടി സമാനമായ ലഗൂണുകള്‍, വെളുത്ത മണല്‍ത്തിട്ടകള്‍, തീരത്തേക്ക് ചാഞ്ഞുനില്‍ക്കുന്ന തെങ്ങുകള്‍, കാറ്റിലെ കടലിന്റെ ഗന്ധവുമാകുമ്പോള്‍ ലക്ഷദ്വീപ് നിങ്ങള്‍ക്ക് സുന്ദരാനുഭവത്തിന്റെ വേറിട്ട തലം സമ്മാനിക്കും. എന്നാല്‍ അപ്പോഴും അവിടുത്തെ നാട്ടുകാരുടെ മുഖത്ത് ഉത്കണ്ഠ കനക്കുന്നത് കാണാനാകും.
‘ഇതൊരു വെറും ദ്വീപാണെന്നും ഇഷ്ടാനുസരണം വന്ന് എങ്ങനെയും അവധിക്കാലം ആഘോഷിക്കാമെന്നും ആളുകള്‍ കരുതുന്നു. എന്നാല്‍ ഞങ്ങള്‍ ഇവിടെയാണ് ജീവിക്കുന്നത്. ഇവിടെ ശരിയായ ആശുപത്രികളില്ല. വേനല്‍ക്കാലത്ത് കുടിക്കാന്‍ ആവശ്യത്തിന് ശുദ്ധജലം പോലും കിട്ടില്ല. വിനോദ സഞ്ചാരികള്‍ കൂടുമ്പോള്‍, അവര്‍ ഞങ്ങള്‍ക്ക് ഉപയോഗിക്കാനുള്ള വെള്ളം പോലും എടുക്കുന്നു’- പ്രദേശവാസികളുടെ ഉത്കണ്ഠയുടെ കാരണം ഷെഫീഖ് എന്ന മത്സ്യത്തൊഴിലാളിയുടെ വാക്കുകളിലുണ്ട്.
അറബിക്കടലില്‍ പച്ചമുത്തുകള്‍ പോലെ ചിതറിക്കിടക്കുന്ന 36 ചെറുദ്വീപുകളടക്കുന്ന കേന്ദ്രഭരണ പ്രദേശമാണ് ലക്ഷദ്വീപ്. ‘ഇന്ത്യയുടെ അവസാനത്തെ സ്പര്‍ശനമേല്‍ക്കാത്ത സ്വര്‍ഗം’ എന്ന് ലക്ഷദ്വീപിനെക്കുറിച്ച് പറയാറുണ്ട്. എന്നാല്‍ ഈ ദ്വീപ് വീടായിരിക്കുന്നവരെ സംബന്ധിച്ചിടത്തോളം ആ സ്വര്‍ഗം നാള്‍ക്കുനാള്‍ ദുര്‍ബലമായിക്കൊണ്ടിരിക്കുകയാണ്.
‘ഞങ്ങള്‍ക്ക് സന്ദര്‍ശകരോട് വെറുപ്പില്ല. പക്ഷേ സര്‍ക്കാര്‍ ഞങ്ങള്‍ക്ക് ആശുപത്രികള്‍ തരാതെ കൂടുതല്‍ റിസോര്‍ട്ടുകള്‍ ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നു. ആര്‍ക്കെങ്കിലും അസുഖം വന്നാല്‍ കപ്പലിനായി കാത്തിരിക്കേണ്ടിവരും. ഞങ്ങളുടെ കുട്ടികളെപ്പോലും നോക്കാന്‍ പറ്റാത്ത ഇടത്തേക്ക് കൂടുതല്‍ വിനോദസഞ്ചാരികളെ കൊണ്ടുവരുന്നതിനെക്കുറിച്ച് സങ്കല്‍പ്പിച്ച് നോക്കൂ’ – ഷെഫീഖിന്റെ ഭാര്യ നസീറ പറയുന്നു.
സമാനമായ ആശങ്കകള്‍ കര്‍ണാടക, കൂര്‍ഗിലെ കോടമഞ്ഞുള്ള കാപ്പിത്തോട്ടങ്ങളിലൂടെ കടന്നുപോകുമ്പോഴും പ്രദേശവാസികളില്‍ നിന്ന് കേള്‍ക്കാം. കൂര്‍ഗിന്റെ ചരിവുകള്‍ പച്ചപ്പ് അണിഞ്ഞ് നിങ്ങളെ എതിരേല്‍ക്കുന്നു. പഴങ്ങളാല്‍ പൂത്ത കാപ്പി ചെടികളും ഓക്കുമരങ്ങളില്‍ ചുറ്റിപ്പിണഞ്ഞ കുരുമുളക് വള്ളികളും ആകര്‍ഷകമായ കാഴ്ചയുടെ വിരുന്നൊരുക്കും. വെള്ളി മേഘങ്ങളുടെ പഞ്ഞിക്കെട്ടുകള്‍ കുന്നിന്‍ തലപ്പുകളെ സ്പര്‍ശിക്കുന്നതും ചേലുള്ള കാഴ്ച. എന്നാല്‍ ടൂറിസമേല്‍പ്പിക്കുന്ന ആഘാതത്തെക്കുറിച്ച് ഇവിടുത്തുകാര്‍ക്ക് ചിലത് പറയാനുണ്ട്.
‘ഞങ്ങള്‍ കൊടവരാണ്. ആതിഥ്യമര്യാദ ഞങ്ങളുടെ ജീവിതത്തില്‍ അത്രമേല്‍ പ്രധാനപ്പെട്ടതുമാണ്. പക്ഷേ അതിനൊരു പരിധിയുണ്ട്. ഇപ്പോള്‍ എല്ലാ വാരാന്ത്യത്തിലും നൂറുകണക്കിന് കാറുകളാണ് വരുന്നത്. ആളുകള്‍ വനങ്ങളില്‍ തമ്പടിക്കുന്നു, പ്ലാസ്റ്റിക് വലിച്ചെറിയുന്നു, മദ്യപിക്കുന്നു, ഉച്ചത്തില്‍ പാട്ടുവയ്ക്കുന്നു. ഇത് കാണുന്ന ഞങ്ങളുടെ കുട്ടികള്‍ ഇതെല്ലാം സാധാരണമാണെന്ന് കരുതുന്നു. ഫലത്തില്‍ ഞങ്ങളെ ഞങ്ങള്‍ക്ക് നഷ്ടപ്പെടുകയാണ്’ – മടിക്കേരി സ്വദേശി അപ്പണ്ണ പറയുന്നു.
‘ഞങ്ങള്‍ക്ക് ഗ്രാമത്തിലെ എല്ലാവരും പങ്കെടുക്കുന്ന ഉത്സവങ്ങള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ പകുതിയിലധികം യുവാക്കളും റിസോര്‍ട്ടില്‍ ജോലി ചെയ്യാനോ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനോ ഉള്ള തിരക്കിലാണ്. പണം വരുന്നുണ്ട്, പക്ഷേ നമ്മുടെ ആചാരങ്ങളും സംസ്‌കാരവും മങ്ങിപ്പോകുന്നു. ഞങ്ങളുടെ ഭാഷ പോലും കുറഞ്ഞ അളവിലേ ഉപയോഗിക്കപ്പെടുന്നുള്ളൂ’ – മീര എന്ന യുവതി ചൂണ്ടിക്കാട്ടുന്നു.
അതേസമയം എല്ലാവരും ഇതിന് എതിരല്ല. ‘വിനോദസഞ്ചാരികളെ ലക്ഷദ്വീപിന്റെ പ്രത്യേകതകളെയും സംസ്‌കാരത്തെയും കുറിച്ച് പഠിപ്പിക്കണം. അവരുടെ എണ്ണം പരിമിതപ്പെടുത്തുകയും വേണം. എങ്കില്‍ അത് ഗുണകരമാകും. എന്റെ കുട്ടികള്‍ കടലിനെ അറിയണമെന്നും കൊച്ചിയിലേക്കോ ദുബായിലേക്കോ പോകാതെ അവര്‍ക്ക് ഇവിടെ തന്നെ ജോലി ചെയ്യാനാകണമെന്നും ഞാന്‍ ആഗ്രഹിക്കുന്നു’ – ലക്ഷദ്വീപില്‍, ഡൈവിങ് സ്‌കൂള്‍ നടത്തുന്ന യാസിന്‍ പറയുന്നു.
എന്നാല്‍, ടൂറിസം തനിക്ക് സാമ്പത്തിക സ്വാതന്ത്ര്യം നല്‍കിയെന്ന് പറയുകയാണ് കൂര്‍ഗിലെ ടൂര്‍ ഗൈഡായ ദിവ്യ. ‘മുമ്പ്, ഇവിടുത്തെ സ്ത്രീകള്‍ വീട്ടിലിരിക്കുകയായിരുന്നു. ഇപ്പോള്‍ ഞാന്‍ സമ്പാദിക്കുന്നു, എല്ലാ സ്ഥലത്തുമുള്ള ആളുകളെ കണ്ടുമുട്ടുന്നു. പക്ഷേ ഈ മലനിരകള്‍ മറ്റൊരു ഊട്ടിയായി മാറാതിരിക്കാന്‍ അധികാരികള്‍ കര്‍ശന നിയമങ്ങള്‍ ഉണ്ടാക്കണമെന്ന് മാത്രമേ എനിക്ക് ആഗ്രഹമുള്ളൂ’ – ദിവ്യ പറയുന്നു.
ഈ വാക്കുകള്‍ പ്രതീക്ഷയും ഭയവുമെല്ലാം നിഴലിക്കുന്ന മുഴക്കങ്ങളാണ്. ഒരു വശത്ത്, അവരുടെ ഭൂമി, പാരമ്പര്യങ്ങള്‍, അപരിചിതരെ സ്വീകരിക്കാനുള്ള സവിശേഷത എന്നിവയില്‍ അവര്‍ അഭിമാനിക്കുന്നു. മറുവശത്ത്, അവര്‍ക്ക് നിയന്ത്രിക്കാന്‍ കഴിയാത്ത സാഹചര്യങ്ങളുടെ ചുഴിയില്‍ പെട്ടുപോകുന്നു. അതായത് വലിയ നിക്ഷേപകര്‍ അവരുടെ കടല്‍ തീരങ്ങളില്‍ കണ്ണുവയ്ക്കുന്നു, എസ്.യു.വികള്‍ നിറഞ്ഞ റോഡുകള്‍, ജലാശയങ്ങള്‍ മലിനമാക്കുന്നു.
ലക്ഷദ്വീപില്‍, മനോഹരമായ ലഗൂണിന് സമീപം കടല്‍പ്പുല്ലില്‍ പ്ലാസ്റ്റിക് കുപ്പികള്‍ കുടുങ്ങിക്കിടക്കുന്നത് കാണാം. ടൂറിസം എത്രമേല്‍ ഈ ആവാസവ്യവസ്ഥയെ മലിനപ്പെടുത്തുന്നു എന്നതിന്റെ ദൃഷ്ടാന്തമാണത്. കൂര്‍ഗില്‍, ആനകള്‍ കടന്നുപോകുന്ന വഴിയിലൂടെ നിര്‍മ്മാണ ട്രക്കുകള്‍ കുതിക്കുന്നത് കാണാം. തുള്ളിയായിരുന്ന ടൂറിസം പ്രളയമായതിന്റെ ദുരവസ്ഥയാണ് ഇത്തരം കാഴ്ചകള്‍.









