ഓരോ ഇന്ത്യൻ സംസ്ഥാനവും അവയുടെ സാസ്കാരിക, ഭൂമിശാസ്ത്രപരമായ തനിമ കൊണ്ട് എപ്പോഴും വേറിട്ടു നിൽക്കുന്നു. അത്തരത്തിൽ ഉറങ്ങുന്ന സംസ്ഥാനം എന്നറിയപ്പെടുന്നൊരിടം ഇന്ത്യയിലുണ്ട്, ഹിമാചൽ. വികസനത്തിന്‍റ ഇഴച്ചിലോ പുരോഗതി ഇല്ലാത്തതോ ഒന്നുമല്ല ഈ വിശേഷണത്തിനു കാരണം. പിന്നെ?
സമാധാനം നിറഞ്ഞ ശാന്ത ഗതിയിലുള്ള ജീവിത ശൈലിയാണ് ഹിമാചലിന് ഈ വിശേഷണം ലഭിക്കാൻ കാരണം. നേരത്തെ ഉറങ്ങുകയും സൂര്യോദയത്തിനൊപ്പം ഉണരുകയും ചെയ്യുന്ന പ്രകൃതിയോടിണങ്ങി ജീവിതം നയിക്കുകയും ചെയ്യുന്നവരാണ് ഹിമാചലിലെ മനുഷ്യർ. അസ്തമയത്തോടെ ആളുകൾ ജോലിയെല്ലാം കഴിഞ്ഞ് വീടണയുന്നതോടെ തെരുവുകളിലെ തിരക്ക് കുറയാൻ തുടങ്ങും. കടകളൊക്കെ നേരത്തേ തന്നെ അടക്കും. പിന്നെ എവിടെയും നിശബ്ദത. തണുത്ത മല നിരകൾ ഹിമാചൽ ജനതയുടെ ജീവിതത്തെ മറ്റിടങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നു.
രാത്രി 9മണിയോടെ തന്നെ അത്താഴം കഴിച്ച് നിദ്ര പ്രാപിക്കുന്നതാണ് ഹിമാചലിലെ ഏറിയ പങ്ക് മനുഷ്യരുടെയും ജീവിത രീതി. മലനിരകളിൽ നിന്നെത്തുന്ന ശുദ്ധമായ തണുത്ത കാറ്റും വ്യാവസായിക കേന്ദ്രങ്ങൾ അധികം ഇല്ലാത്തതും ഗതാഗതിരക്കില്ലാത്ത റോഡുകളുമാണ് ഹിമാചലിലെ ശാന്ത ജീവിതത്തിന്‍റെ അടിസ്ഥാനം.
ഇന്ത്യയുടെ അവസാന ഗ്രാമമായ ചിറ്റ്കുലും മഞ്ഞ് മലകളും ആപ്പിൾ തോട്ടങ്ങളും നിറഞ്ഞ കൽപ്പയമൊക്കെ ഹിമാചലിന്‍റെ തനത് ജീവിത സൗന്ദര്യം അനുഭവിച്ചറിയാൻ പറ്റിയ ഗ്രാമങ്ങളാണ്. ഇവിടെ തന്നെ സ്ഥിതി ചെയ്യുന്ന തീർഥനും സ്പിറ്റിവാലിയും ഭൂമിയിലെ സ്വർഗമാണ്. ഇന്ത്യയിലെ ആദ്യത്തെ പുക രഹിത സംസ്ഥാനമാണ് ഹിമാചൽപ്രദേശ്. പ്ലാസ്റ്റിക് നിരോധനത്തിന് കർശന മാർഗ നിർഗദേശങ്ങളാണ് സംസ്ഥാനം പിന്തുടരുന്നത്. രാജ്യത്തെ ആപ്പിൾ ഉൽപ്പാദനത്തിൽ മികച്ച സംഭാവന നൽകുന്ന സംസ്ഥാനമാണ് ഹിമാചൽ.









