മുംബൈ: വന്‍ ജനപ്രീതിയാര്‍ജിച്ച സമൂഹ മാധ്യമ ആപ്ലിക്കേഷനായ അറട്ടൈക്ക് പിന്നാലെ മറ്റൊരു നവീന പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് സോഹോ കോര്‍പറേഷന്‍. വാണി എന്ന ആപ്ലിക്കേഷനാണ് ഇപ്പോള്‍ തൊഴില്‍ മേഖലകളുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്. ആളുകളെ ബന്ധിപ്പിക്കല്‍, ജോലി എളുപ്പമാക്കല്‍, ബ്രെയിന്‍സ്റ്റോമിങ്ങ് തുടങ്ങിയവയെ സംബന്ധിക്കുന്ന സമഗ്ര പ്ലാറ്റ്‌ഫോമാണ് വാണി.
ആധുനിക ആശയങ്ങളെ പദ്ധതികളായി സാക്ഷാത്കരിക്കാന്‍ സഹായിക്കുന്ന തരത്തിലാണ് വീഡിയോ സംവിധാനമടക്കമുള്ള വാണി രൂപകല്‍പ്പ ചെയ്തിരിക്കുന്നത്. ഒക്ടോബര്‍ 1 മുതലാണ് ഇത് ലഭ്യമാക്കുന്നത്. സോഹോ കോര്‍പറേഷന് കീഴില്‍ പുതിയ ബ്രാന്‍ഡായാണ് വാണി ആരംഭിച്ചിരിക്കുന്നത്.
എന്താണ് വാണി?
സോഹോ അവതരിപ്പിച്ച തൊഴില്‍ ഉത്പാദനക്ഷമതാ ടൂളുകളില്‍ ഏറ്റവും പുതിയതാണ് വാണി. ചാറ്റിങ്ങിലോ ഡോക്യുമെന്റ് ഷെയറിങ്ങിലോ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്ന പരമ്പരാഗത സഹകരണ സോഫ്റ്റ് വെയറുകളില്‍ നിന്ന് വ്യത്യസ്തമായി, വാണി വീഡിയോ സംവിധാനത്തില്‍ ഊന്നിയാണ്.
ഒരേ സമയം ടീമുകള്‍ക്ക് ആശയങ്ങള്‍ പങ്കിടാനും, ചര്‍ച്ചകള്‍ നടത്താനും, പദ്ധതി രൂപകല്‍പ്പനകള്‍ നിര്‍വഹിക്കാനും അവ നടപ്പാക്കാനും കഴിയുന്ന തരത്തിലുള്ള ഡിജിറ്റല്‍ ക്യാന്‍വാസാണ് വാണി.
ഹൈബ്രിഡ്, റിമോട്ട് ടീമുകള്‍ക്കായി നിര്‍മ്മിക്കപ്പെട്ട വാണി, വൈറ്റ്‌ബോര്‍ഡ്, ഡയഗ്രം, മൈന്‍ഡ് മാപ്പ്, സ്റ്റിക്കി നോട്ടുകള്‍ തുടങ്ങിയ ടൂളുകള്‍ ഉപയോഗിച്ച് ആശയങ്ങള്‍ ദൃശ്യവത്കരിക്കാന്‍ ഉപയോക്താക്കളെ സഹായിക്കുന്നു. സംയോജിത വീഡിയോ കോളുകള്‍, സാഹചര്യോചിതമായ കമന്റുകള്‍, ഏകോപനത്തിലൂടെയുള്ള സഹകരണം എന്നിവ ഇത് പരിപോഷിപ്പിക്കുന്നു.
വാണിയുടെ സവിശേഷതകള്‍ ?
ആധുനിക തൊഴിലിടങ്ങളില്‍ പലപ്പോഴും ആശയങ്ങള്‍ അമൂര്‍ത്തമായി തുടരുന്നുവെന്ന് സോഹോ ചൂണ്ടിക്കാട്ടുന്നു. ഈ പ്രതിസന്ധി പരിഹരിക്കുകയാണ് വാണിയിലൂടെ ലക്ഷ്യമിടുന്നത്. ജെനറേഷന്‍ എക്‌സ്, മില്ലേനിയില്‍ തലമുറകളില്‍ വരുന്ന 60 ശതമാനത്തിലേറെ പേര്‍, വാക്കുകളെ അപേക്ഷിച്ച് ഡയഗ്രം, വീഡിയോ, പോലെ ദൃശ്യ സംവിധാനങ്ങളാണ് ആശയവിനിമയത്തിന് ഏറെ ഉപകാരപ്രദമാകുന്നതെന്ന് അഭിപ്രായപ്പെടുന്നു.
അവിടെയാണ് വാണിയുടെ പ്രസക്തി. ഇത് ടീം വര്‍ക്കിനെ കൂടുതല്‍ കാര്യക്ഷമമാക്കുകയും തീരുമാനമെടുക്കലിനെ മന്ദഗതിയിലാക്കുന്ന വൈജ്ഞാനിക ഭാരം കുറയ്ക്കുകയും ചെയ്യുന്നുവെന്നും സോഹോ കോര്‍പറേഷന്‍ വ്യക്തമാക്കുന്നു.









