
ഇന്ത്യൻ ക്രിക്കറ്റ് ടീം പ്രധാന കോച്ച് ഗൗതം ഗംഭീറിനെതിരെ രൂക്ഷ വിമർശനവുമായി മുൻ ഇന്ത്യൻ താരം മനോജ് തിവാരി രംഗത്ത്. ഇന്ത്യൻ സീനിയർ താരങ്ങളെല്ലാം അടുത്തിടെ വിരമിച്ചത് ഗംഭീറിൻ്റെ തന്ത്രങ്ങളുടെ ഭാഗമാണെന്നും ഇത് അദ്ദേഹത്തിൻ്റെ ആവശ്യമാണെന്നും തിവാരി ആരോപിച്ചു.
രോഹിത് ശർമ, വിരാട് കോഹ്‌ലി, രവിചന്ദ്രൻ അശ്വിൻ എന്നിവരുടെ വിരമിക്കലുകൾ ചൂണ്ടിക്കാട്ടിയാണ് മനോജ് തിവാരിയുടെ പ്രസ്താവന. ഇന്ത്യൻ ടീമിന്റെ വരും തലമുറയുടെ ഭാവിയെക്കുറിച്ചും തനിക്ക് ആശങ്കയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സീനിയർ താരങ്ങൾ നേരത്തെ വിരമിച്ചതിന് ഗംഭീർ കാരണമായിരിക്കാം എന്നും തിവാരി ആരോപിക്കുന്നു.
കഴിഞ്ഞ വർഷം ഇന്ത്യയുടെ ഓസ്‌ട്രേലിയൻ പര്യടനത്തിനിടെയാണ് അശ്വിൻ വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. കൂടാതെ, ഇംഗ്ലണ്ടിനെതിരായ പ്രധാനപ്പെട്ട ആൻഡേഴ്സൺ-ടെൻഡുൽക്കർ ട്രോഫി ടെസ്റ്റ് പരമ്പരയ്ക്ക് തൊട്ടുമുമ്പ് രോഹിതും വിരാടും ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ചു. ഗൗതം ഗംഭീറിൻ്റെ ശൈലി മുതിർന്ന കളിക്കാരുടെ ടീമിലെ സാന്നിധ്യത്തെയും തുടർന്നുള്ള കരിയറിനെയും ബാധിച്ചേക്കാം എന്നാണ് മനോജ് തിവാരി വിശ്വസിക്കുന്നത്.
Also Read: വിവാഹമോചന വാർത്തകൾക്ക് ‘സൈലന്റ്’ മറുപടി; അഭ്യൂഹങ്ങളോട് പ്രതികരിച്ച് ഷോയിബ് മാലിക്കും സന ജാവേദും
രോഹിത്, വിരാട് കോഹ്‌ലി, രവിചന്ദ്രൻ അശ്വിൻ തുടങ്ങിയ സീനിയർ താരങ്ങൾ ടീമിലുണ്ടെങ്കിൽ അവർക്ക് ഹെഡ് കോച്ചിനേക്കാളും മറ്റ് സ്റ്റാഫിനേക്കാളും വലിയ സ്ഥാനം ലഭിച്ചേനെ എന്ന് മനോജ് തിവാരി ചൂണ്ടിക്കാട്ടി. യോജിക്കാൻ സാധിക്കാത്ത കാര്യങ്ങൾ ഉണ്ടാകുമ്പോൾ അവർ ചോദ്യങ്ങൾ ഉന്നയിക്കും. അതുകൊണ്ട്, “അടിസ്ഥാനപരമായി ഇവർ അവിടെയില്ലെന്ന് ഗംഭീർ ഉറപ്പുവരുത്തി. അതായിരുന്നു ഗംഭീറിന്റെ ആദ്യത്തെ ലക്ഷ്യം,” തിവാരി പറഞ്ഞു.
ഗംഭീർ പരിശീലകനായി സ്ഥാനമേറ്റെടുത്തതിനുശേഷം ധാരാളം വിവാദങ്ങൾ ഉയർന്നുവരുന്നത് താൻ നിരീക്ഷിക്കുന്നുണ്ടെന്നും ഇത് ഇന്ത്യൻ ക്രിക്കറ്റിന് നല്ലതല്ലെന്നും തിവാരി അഭിപ്രായപ്പെട്ടു. ഗംഭീർ പരിശീലകനായ ശേഷമാണ് അശ്വിൻ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപിച്ചത്. പിന്നാലെ കോഹ്‌ലിയും രോഹിത്തും വിരമിച്ചു.
The post രോഹിത്,വിരാട്, അശ്വിൻ എന്നിവരെ പുറത്താക്കേണ്ടത് അവന്റെ ആവശ്യം! ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; തുറന്നുപറഞ്ഞ് താരം appeared first on Express Kerala.









