ഇന്ത്യന്‍ വിമാനത്താവളങ്ങളില്‍ നിരോധിത വസ്തുക്കള്‍ പിടിച്ചെടുക്കുകയും പിഴയീടാക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ തുടര്‍ക്കഥയാണ്. നിയമലംഘനത്തെ തുടര്‍ന്ന് ചിലരുടെ യാത്ര തന്നെ മുടങ്ങുകയോ വൈകുകയോ ചെയ്യാറുമുണ്ട്. എന്തെല്ലാം കൊണ്ടുപോകാമെന്നും ഒഴിവാക്കേണ്ടത് എന്തൊക്കെയാണെന്നും മുന്‍കൂട്ടി അറിഞ്ഞിരുന്നാല്‍ അവസാന മിനിട്ടിലെ ആശയക്കുഴപ്പങ്ങളും പിരിമുറുക്ക സാഹചര്യങ്ങളും ഒഴിവാക്കാന്‍ ഉപകരിക്കും.
ഇത് പാക്കിങ് സമയം കുറയ്ക്കാന്‍ സഹായിക്കുകയും പിഴത്തുക, വിമാനത്താവളത്തിലെ ആശയക്കുഴപ്പം, നടപടിക്രമങ്ങള്‍ക്കുള്ള അധിക സമയം എന്നിവ ഒഴിവാക്കിത്തരികയും ചെയ്യും. ഇന്ത്യന്‍ വിമാനത്താവളങ്ങളില്‍ കൂടുതലും പിടിവീഴുന്ന വിഭാഗം പുകവലിക്കാരാണ്. കാരണം ഇന്ത്യയിലെ വ്യോമയാന നിയമങ്ങള്‍ ലോകത്തെ തന്നെ ഏറ്റവും കര്‍ശനമായവയില്‍ ഒന്നാണ്. സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറല്‍ (ഡിജിസിഎ) വ്യോമയാന കാര്യങ്ങളില്‍ കര്‍ശന നിഷ്ട പുലര്‍ത്താന്‍ നിര്‍ദേശിക്കുന്നുണ്ട്.
ഇന്ത്യന്‍ വിമാന യാത്രയില്‍ ലൈറ്റര്‍ കൊണ്ടുപോകാമോ ?
ലൈറ്റര്‍ ചെറുതും പോക്കറ്റില്‍ ഒതുങ്ങുന്നതുമല്ലേയെന്ന് കരുതി സൂക്ഷിച്ചാല്‍ പിടിവീഴും. കാരണം ഇന്ത്യന്‍ വ്യോമയാന നിയമം എല്ലായിനം ലൈറ്ററുകളെയും തീപിടിക്കാന്‍ സാധ്യതയുള്ള വസ്തുക്കളായാണ് കണക്കാക്കുന്നത്. അതിനാല്‍ വിമാനയാത്രയില്‍ അവ സൂക്ഷിക്കുന്നതും ഉപയോഗിക്കുന്നതും പൂര്‍ണമായി വിലക്കിയിട്ടുണ്ട്.
ചെക്ക് ഇന്‍ ബാഗ്: ഇതില്‍ ലൈറ്ററുകള്‍ അനുവദനീയമല്ല. ടോര്‍ച്ച് ലൈറ്ററുകള്‍, റീഫില്‍ ചെയ്യാവുന്നവ, ഡിസ്‌പോസിബിള്‍ എന്നിവ ഉള്‍പ്പടെ നിരോധനത്തിന്റെ പരിധിയില്‍ വരും.
കാബിന്‍ ലഗേജ്: ഇതിലും ലൈറ്ററുകള്‍ അനുവദനീയമല്ല. സുരക്ഷാ പരിശോധനാ കേന്ദ്രത്തില്‍ നിന്ന് തന്നെ ഇവ പിടിച്ചെടുക്കാന്‍ സാധ്യതയുണ്ട്.
വേയ്പുകളും ഇ-സിഗരറ്റുകളും: ഇവയും അനുവദനീയമല്ല. ഇലക്ട്രോണിക് സിഗരറ്റ് നിരോധന നിയമം, 2019 പ്രകാരം ഇന്ത്യയില്‍ വേയ്പുകളും ഇ-സിഗരറ്റുകളും നിരോധിച്ചിട്ടുണ്ട്. ചെക്ക് ഇന്‍, ക്യാബിന്‍ ബാഗേജുകളില്‍ ഒരു പോലെ ഇവയ്ക്ക് വിലക്കുണ്ട്.
ബാഗിലോ കൈയ്യിലോ കരുതിയാല്‍ നടപടിയെന്ത് ?
ഒരു ലൈറ്ററാണ് കൊണ്ടുപോകുന്നതെങ്കില്‍ അത് പിടിച്ചെടുക്കും. ഒന്നില്‍ കൂടുതല്‍ കൈവശം വച്ചാല്‍ പിഴ ഈടാക്കും. അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍, വേയ്പ് അനുവദിച്ചേക്കാം, എന്നാല്‍ ഇന്ത്യയില്‍ ഒട്ടും അനുവദനീയമല്ല. വേയ്പ് ശ്രദ്ധയില്‍പ്പെട്ടാല്‍ അധികൃതര്‍ ഉടനടി പിടിച്ചെടുക്കും. ഒന്നില്‍ കൂടുതലുണ്ടെങ്കില്‍ പിഴയും ലഭിക്കും.
മറ്റ് രാജ്യങ്ങളിലെ നിയമം എങ്ങനെ ?
ഇന്ത്യ വിട്ടുകഴിഞ്ഞാല്‍, നിയമത്തില്‍ വലിയ വ്യത്യാസമുണ്ട്. അമേരിക്കയില്‍ ഡിസ്‌പോസിബിള്‍ അല്ലെങ്കില്‍ കാലിയായ സിപ്പോ ലൈറ്ററുകള്‍ ചെക്ക് ഇന്‍ ലഗേജില്‍ അനുവദനീയമാണ്, എന്നാല്‍ ഇന്ധനമുള്ള ലൈറ്ററുകള്‍ക്ക് നിരോധനമുണ്ട്. കൂടാതെ ഇലക്ട്രോണിക് പുകവലി ഉപകരണങ്ങള്‍ ക്യാബിന്‍ ലഗേജില്‍ സ്വിച്ച് ഓഫ് ചെയ്ത് വയ്ക്കണം.
യൂറോപ്പില്‍ സാധാരണയായി, ചെറിയ ലൈറ്ററുകള്‍ അനുവദനീയമാണ്, എന്നാല്‍ ടോര്‍ച്ച് ലൈറ്ററുകളും ഇന്ധനമോ ലിഥിയം ബാറ്ററിയോ ഉള്ള സിപ്പോ ലൈറ്ററുകളും നിരോധിച്ചിരിക്കുന്നു. വേയ്പുകള്‍ കൈവശമുള്ള ലഗേജില്‍ അനുവദനീയമാണ്, പക്ഷേ വിമാനത്തില്‍ ഉപയോഗിക്കാന്‍ പാടില്ല.
ഇതുസംബന്ധിച്ച് മിഡില്‍ ഈസ്റ്റിലെ നിയമങ്ങളും കര്‍ശനമാണ്. എമിറേറ്റ്‌സ് ക്യാബിന്‍ ലഗേജില്‍ ലൈറ്റര്‍ അനുവദനീയമാണ്, എന്നാല്‍ ചെക്ക് ഇന്‍ ബാഗേജുകളില്‍ സൂക്ഷിച്ചാല്‍ പിടിച്ചെടുക്കും. അതായത് വിദേശത്ത് അനുവദനീയമായ പലതും ഇന്ത്യന്‍ വിമാനത്താവളങ്ങളില്‍ നിങ്ങളെ നടപടികള്‍ നേരിടുന്നതിലേക്ക് വഴിനടത്താം.
ക്യാബിന്‍ ബാഗേജിലെ നിരോധിത വസ്തുക്കള്‍
- മൂര്‍ച്ചയുള്ള വസ്തുക്കളും ഉപകരണങ്ങളും
- 100 മില്ലിയില്‍ കൂടുതലുള്ള ദ്രാവകങ്ങള്‍
- 160വാട്ട്‌സ് മണിക്കൂറില്‍ കൂടുതലുള്ള പവര്‍ ബാങ്കുകള്‍
- സ്‌പോര്‍ട്‌സ്, ഫിറ്റ്‌നസ് ഗിയര്‍
- സ്‌പ്രേകള്‍
ചെക്ക് ഇന്‍ ലഗേജില്‍ നിന്ന് ഒഴിവാക്കേണ്ടത്
- ഇലക്ട്രിക് ടൂത്ത് ബ്രഷ്, ലാപ്‌ടോപ്പ്, ഫുട്‌ബോള്‍
- കര്‍പ്പൂരം, ഉണങ്ങിയ തേങ്ങ, പാര്‍ട്ടി പോപ്പര്‍
- ചാര്‍ജറുകള്‍, പവര്‍ ബാങ്കുകള്‍
- തീപ്പെട്ടി കൊണ്ടുപോകാമോ?
ചെക്ക് ഇന്‍, ക്യാബിന്‍ ബാഗേജുകളില്‍ തീപ്പെട്ടി കര്‍ശനമായി നിരോധിച്ചിട്ടുണ്ട്.
- വിമാനത്താവളത്തില്‍ നിന്ന് വാങ്ങാമോ ?
ഡ്യൂട്ടി ഫ്രീയില്‍ നിന്ന് ലൈറ്ററുകളും മറ്റും വാങ്ങുക സാധ്യമല്ല. ഇന്ത്യന്‍ ഡ്യൂട്ടി ഫ്രീ ഷോപ്പുകള്‍ അവ വില്‍ക്കുന്നില്ല.
ഇന്ത്യയില്‍ വിമാനയാത്രയ്ക്ക് ഒരുങ്ങുമ്പോള്‍ ലൈറ്റര്‍, വേയ്പ്, ഇ-സിഗരറ്റ് എന്നിവ ഉപേക്ഷിക്കുക. മറ്റ് രാജ്യങ്ങള്‍ ചില ഇളവുകള്‍ നല്‍കിയേക്കാം, എന്നാല്‍ ഡിജിസിഎയുടെ നിയമങ്ങള്‍ കര്‍ശനവും സുവ്യക്തവുമാണ്. നിങ്ങളെ സംബന്ധിച്ച് അവ അത്യാവശ്യമായി തോന്നാമെങ്കിലും ഇന്ത്യന്‍ നിയമം അത് അനുവദിക്കുന്നില്ല. നിയമലംഘനം ധനനഷ്ടം, സമയനഷ്ടം, മാനഹാനി എന്നിവയ്ക്ക് വഴിവച്ചേക്കാം.









