
തിരുവനന്തപുരം: എട്ടുനാള്‍ നീണ്ടുനിന്ന കൗമാരകായിക മേളയക്ക് ഇന്ന് കൊടിയിറക്കം. ആദ്യമായി ഏര്‍പ്പെടുത്തിയ 117.5 പവന്റെ സ്വര്‍ണകപ്പ് ആതിഥേയരായ തിരുവനന്തപുരം മുത്തമിടുമെന്ന് ഉറപ്പായി. 202 സ്വര്‍ണമെഡലുകളുടെ കരുത്തില്‍ 1810 പോയിന്റുമായി കഴിഞ്ഞവര്‍ഷത്തെ ചാമ്പ്യന്‍ഷിപ്പ് നിലനിര്‍ത്തിക്കൊണ്ടാണ് തിരുവനന്തപുരം സ്വര്‍ണകപ്പ് സ്വന്തമാക്കാന്‍ ഒരുങ്ങുന്നത്. വൈകുന്നേരം നാലിന് യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ നടക്കുന്ന സമാപന സമ്മേളനത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ സ്വര്‍ണകപ്പ് സമ്മാനിക്കും.
നീന്തല്‍, ഗെയിംസ് മത്സരങ്ങളിലെ തിരുവനന്തപുരത്തിന്റെ മുന്നേറ്റത്തിന് തടയിടാന്‍ മറ്റ്ജില്ലകള്‍ക്കായില്ല. 90ശതമാനം മത്സരങ്ങളും അവസാനിക്കുമ്പോള്‍ 202 സ്വര്‍ണം, 145വെള്ളി, 170 വെങ്കലം മെഡലുകളാണ് തിരുവനന്തപുരം മെഡല്‍പെട്ടിയില്‍ ഭഗ്രമാക്കിയത്. 871 പോയിന്റുമായി രണ്ടാം സ്ഥാനത്തുള്ള തൃശൂരിന് 90 സ്വര്‍ണവും 54വെള്ളിയും 108 വെങ്കലവും മാത്രമാണ് നേടാനായത്. മൂന്നാം സ്ഥാനത്തുള്ള കണ്ണൂരിന് 843 പോയിന്റുകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. 789 പോയിന്റുമായി പാലക്കാടാണ് തൊട്ടുപിന്നില്‍.
അത്‌ലറ്റിക്‌സ് വിഭാഗത്തില്‍ 16 ഇനങ്ങളും ഗെയിംസില്‍ എട്ടിനങ്ങളും മാത്രമാണ് ഇന്ന് പൂര്‍ത്തിയാകാനുള്ളത്. ഉച്ചയോടെ അവയും അവസാനിക്കും. അത്‌ലറ്റിക്‌സില്‍ ഇന്നലെ ഒരു റിക്കാര്‍ഡ് മാത്രമാണ് പിറന്നത്. സബ് ജൂനിയര്‍ ഗേള്‍സിന്റെ ഷോട്ട് പുട്ടില്‍ കണ്ണൂര്‍ മമ്പറം എച്ച്എസ്എസിലെ ബി.കെ.അന്‍വികയാണ് 11.31 മീറ്റര്‍ എന്ന പുതിയ റിക്കാര്‍ഡ് സ്വന്തമാക്കിയത്. ഇന്ന് എല്ലാ വിഭാഗങ്ങളിലെയും 400മീറ്റര്‍ ഓട്ടം, റിലേ എന്നിവയും കൂടി കഴിയുന്നതോടെ വ്യക്തിഗത ചാമ്പ്യന്മാരെയും അറിയാനാകും. അത്‌ലറ്റിക്‌സിലെ സ്‌കൂളുകളില്‍ കടാശ്ശേരി ഐഡിയല്‍ പബ്ലിക് സ്‌കൂള്‍ 70 പോയിന്റുമായി മികച്ച സ്‌കൂള്‍പട്ടം ഉറപ്പിച്ചുകഴിഞ്ഞു. സ്‌പോര്‍ട്‌സ് സ്‌കൂളുകളില്‍ 48 പോയിന്റുമായി ജി.വി.രാജയാണ് മുന്നില്‍. അതേസമയം പ്രായതട്ടിപ്പ് നടത്തി ഇതരസംസ്ഥാനത്തെ കായികതാരങ്ങള്‍ മത്സരിക്കാന്‍ ട്രാക്കില്‍ ഇറങ്ങിയതും മാത്രമല്ല കളരിപ്പയറ്റ് പോലുള്ള ഗെയിംസുകളിലെ വിധിനിര്‍ണയത്തിലും അപാകത ഉയര്‍ന്നതും മേളയുടെ ശോഭകെടുത്തി.
വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനത്തില്‍ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി അധ്യക്ഷനാകും. മന്ത്രിമാരായ വീണാ ജോര്‍ജ്, സജി ചെറിയാന്‍, ജി ആര്‍ അനില്‍ എന്നിവര്‍ സംസാരിക്കും. മേയര്‍ ആര്യ രാജേന്ദ്രന്‍, ആന്റണി രാജു എംഎല്‍എ, ഒളിമ്പ്യന്‍ പി. ആര്‍. ശ്രീജേഷ്, പൊതു വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി കെ വാസുകി, ഡയറക്ടര്‍ എന്‍ എസ് കെ ഉമേഷ്, ജില്ലാ കളക്ടര്‍ അനുകുമാരി എന്നിവര്‍ പങ്കെടുക്കും.









