ചെന്നൈ: മദ്രാസ് ഡയബറ്റിസ് റിസര്‍ച്ച് ഫൗണ്ടേഷന്‍ (MDRF), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ (IISc) സെന്റര്‍ ഫോര്‍ ബ്രെയിന്‍ റിസര്‍ച്ചുമായും (CBR), യുകെ ഡിമെന്‍ഷ്യ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടുമായും (UK DRI) സഹകരിച്ച് പ്രമേഹവും തലച്ചോറിന്റെ ആരോഗ്യവും തമ്മിലുള്ള ബന്ധം കണ്ടെത്താന്‍ അത്യാധുനിക ഗവേഷണം സംഘടിപ്പിക്കുന്നു.
പ്രമേഹം, ഡിമെന്‍ഷ്യ, അല്‍ഷിമേഴ്സ് എന്നിവ നേരത്തേ കണ്ടുപിടിക്കാനും പ്രതിരോധിക്കാനുമുള്ള തന്ത്രങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് ആഴത്തിലുള്ള പഠനങ്ങള്‍, ഡാറ്റാ കൈമാറ്റം, ട്രാന്‍സ്ലേഷണല്‍ ഗവേഷണം എന്നിവയ്ക്ക് ഈ പങ്കാളിത്തം സൗകര്യമൊരുക്കും.
‘പ്രമുഖ ന്യൂറോ സയന്റിസ്റ്റുകളും ഡിമെന്‍ഷ്യ ഗവേഷകരുമായി കൈകോര്‍ക്കുന്നതിലൂടെ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്ന സംവിധാനങ്ങള്‍ കണ്ടെത്താന്‍ കഴിയുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു’ – മദ്രാസ് ഡയബറ്റിസ് റിസര്‍ച്ച് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. വി. മോഹന്‍ പറഞ്ഞു.
‘മെറ്റബോളിക് ഡിസോര്‍ഡേഴ്‌സ് എങ്ങനെയാണ് തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നതെന്ന് മനസിലാക്കുക എന്നത് ഈ കാലത്തെ വലിയ ശാസ്ത്രീയ വെല്ലുവിളികളില്‍ ഒന്നാണ്.
രോഗികള്‍ക്ക് പ്രയോജനകരമാകുന്ന കണ്ടെത്തലുകള്‍ക്ക് ആഗോള സംവിധാനങ്ങളും വിഭവങ്ങളും ഒരുമിപ്പിക്കേണ്ടത് നിര്‍ണായകമാണ്’ – യുകെ ഡിമെന്‍ഷ്യ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ. സിദ്ധാര്‍ത്ഥന്‍ ചന്ദ്രന്‍ അഭിപ്രായപ്പെട്ടു.
എംഡിആര്‍എഫ്
മദ്രാസ് ഡയബറ്റിസ് റിസര്‍ച്ച് ഫൗണ്ടേഷന്‍ (എംഡിആര്‍എഫ്) ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ഗവേഷണ സ്ഥാപനമാണ്. പ്രമേഹത്തെയും അനുബന്ധ സങ്കീര്‍ണതകളെയും കുറിച്ചുള്ള ശാസ്ത്രീയ പഠനങ്ങള്‍ നടത്താന്‍ ഇത് പ്രതിജ്ഞാബദ്ധമാണ്.
ഇന്ത്യയിലെ പ്രമുഖ പ്രമേഹ രോഗ വിദഗ്ധനായ ഡോ. വി. മോഹനാണ് 1996-ല്‍ ഈ ഫൗണ്ടേഷന്‍ സ്ഥാപിച്ചത്. പ്രമേഹത്തിന്റെ കാരണങ്ങള്‍, പ്രതിരോധം, ചികിത്സ, അതുമായി ബന്ധപ്പെട്ട സങ്കീര്‍ണതകള്‍ എന്നിവ മനസ്സിലാക്കുന്നതില്‍ എംഡിആര്‍എഫ് ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
എംഡിആര്‍എഫിലെ ഗവേഷണങ്ങള്‍ എപ്പിഡെമിയോളജി, ജനിതകശാസ്ത്രം, ക്ലിനിക്കല്‍ മാനേജ്‌മെന്റ്, പൊതുജനാരോഗ്യം എന്നിവയില്‍ ഊന്നിയുള്ളതാണ്.
യുകെ ഡിമെന്‍ഷ്യ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്
യുകെ ഡിമെന്‍ഷ്യ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (യുകെ ഡിആര്‍ഐ) ലോകോത്തര മള്‍ട്ടി ഡിസിപ്ലിനറി ഗവേഷണ സ്ഥാപനമാണ്. ഇതിന് പ്രധാനമായും ധനസഹായം നല്‍കുന്നത് മെഡിക്കല്‍ റിസര്‍ച്ച് കൗണ്‍സില്‍ (എംആര്‍സി) ആണ്.
അല്‍ഷിമേഴ്സ്, ഫ്രോണ്ടോ ടെമ്പറല്‍ ഡിമെന്‍ഷ്യ, ഹണ്ടിംഗ്ടണ്‍സ്, ലെവി ബോഡി ഡിമെന്‍ഷ്യ, മോട്ടോര്‍ ന്യൂറോണ്‍, പാര്‍ക്കിന്‍സണ്‍സ്, വാസ്‌കുലര്‍ ഡിമെന്‍ഷ്യ തുടങ്ങിയ ന്യൂറോ ഡിജെനറേറ്റീവ് രോഗങ്ങള്‍ ബാധിച്ചവരെ സഹായിക്കുക എന്നതാണ് യുകെ ഡിആര്‍ഐയുടെ ലക്ഷ്യം.
7 പ്രധാന സര്‍വകലാശാലകളിലായി 1000-ല്‍ അധികം ഗവേഷകരുള്ള ഈ കൂട്ടായ്മ ന്യൂറോ ഡിജെനറേഷന്‍ കണ്ടെത്താനും ചികിത്സിക്കാനും പ്രതിരോധിക്കാനും സഹായിക്കുന്ന ഇടപെടലുകളുമായി മുന്നേറുകയാണ്.
സെന്റര്‍ ഫോര്‍ ബ്രെയിന്‍ റിസര്‍ച്ച്(സിബിആര്‍)
ഡോ. ക്രിസ് ഗോപാലകൃഷ്ണന്റെയും (ഇന്‍ഫോസിസ് സഹസ്ഥാപകന്‍) ശ്രീമതി സുധ ഗോപാലകൃഷ്ണന്റെയും (പ്രതീക്ഷ ട്രസ്റ്റ് സ്ഥാപക) പിന്തുണയോടെ 2014-ല്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ലാഭേച്ഛയില്ലാത്ത സ്ഥാപനമായി സിബിആര്‍ സ്ഥാപിക്കുകയായിരുന്നു.
ഐ.ഐ.എസ്.സി ഹോസ്റ്റ് ചെയ്യുന്ന ഈ കേന്ദ്രം, തലച്ചോറിന്റെ വാര്‍ദ്ധക്യം, അല്‍ഷിമേഴ്സ്, പാര്‍ക്കിന്‍സണ്‍സ് പോലുള്ള വാര്‍ദ്ധക്യ സഹജമായ ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് പഠിക്കുന്നതിനുള്ള കൂട്ടായ്മയാണ്.
ഈ സംവിധാനം ക്ലിനിക്കല്‍ ന്യൂറോ സയന്‍സിലെ ഗവേഷണങ്ങള്‍ക്കായി സമര്‍പ്പിതവുമാണ്. കൂടാതെ, ജനിതക, പ്രോട്ടിയോമിക്, ബയോകെമിക്കല്‍, ന്യൂറോ ഇമേജിംഗ്, ന്യൂറോകോഗ്‌നിറ്റീവ് രംഗങ്ങളിലും പഠനങ്ങള്‍ സംഘടിപ്പിച്ച് വരുന്നു.









