വൈവിധ്യമാര്‍ന്ന കാഴ്ചകളും അനുഭവങ്ങളും സമ്മാനിച്ച് സഞ്ചാരികളെ ത്രസിപ്പിക്കുകയും അതിശയിപ്പിക്കുകയും ചെയ്യുന്ന ദക്ഷിണേന്ത്യന്‍ നഗരമാണ് ചെന്നൈ. പ്രകൃതി സുന്ദര കാഴ്ചകളും രുചികരമായ വിഭവങ്ങളും അതിവിപുലമായ ഷോപ്പിങ്ങ് അനുഭവവും പ്രദാനം ചെയ്ത് ചെന്നൈ നിങ്ങള്‍ക്ക് വേറിട്ട നിമിഷങ്ങള്‍ സമ്മാനിക്കും. ഇവിടെയെത്തുമ്പോള്‍ നിര്‍ബന്ധമായും ആസ്വദിച്ചിരിക്കേണ്ട 5 കാര്യങ്ങള്‍ ഇവയാണ്.
ബീച്ച് വൈബ്
ലോകത്തെ രണ്ടാമത്തെ വലിയ നഗര ബീച്ചാണ് മറീന. ഈ സ്വര്‍ണമണല്‍ തീരം വിനോദസഞ്ചാരികളുടെ പറുദീസയാണ്. കടലിന്റെ മതിവരാ കാഴ്ചകള്‍ ഇവിടെ സാധ്യമാണ്. തിരകളില്‍ നീരാടാം, ഒട്ടക, കുതിര സവാരികള്‍ ഉള്‍പ്പടെ വിനോദങ്ങളിലും ഏര്‍പ്പെടാം. മത്സ്യവിഭവങ്ങള്‍ മതിവരുവോളം ആസ്വദിക്കുകയും ചെയ്യാം. ഇതുകൂടാതെ പ്രശാന്തമായ ബസന്ത് നഗര്‍ ബീച്ചും വേറിട്ട അനുഭവമൊരുക്കും. നാടോടിക്കാറ്റിലെ ദാസനും വിജയനും നീന്തിക്കയറിയെത്തുന്നത് ബസന്ത് നഗര്‍ ബീച്ചിലേക്കാണ്.
ഫുഡ് വൈബ്
മറീന ബീച്ചില്‍ വിവിധ തരം മത്സ്യവിഭവങ്ങള്‍ ആസ്വദിക്കാം. നഗരത്തിലേക്കിറങ്ങിയാല്‍, ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഹോട്ടല്‍ ശൃംഖലയായ സരവണ ഭവനില്‍ നിന്ന് വിശദമായി വിഭവങ്ങള്‍ ആസ്വദിക്കാം. ഇല്ലെങ്കില്‍ അഡയാര്‍ ആനന്ദ ഭവനില്‍ നിന്നാകാം. ഇവിടങ്ങളില്‍ മികച്ച മീല്‍സും വേറിട്ട ദോശകളും ഫില്‍ട്ടര്‍ കോഫിയും ഊത്തപ്പം ഉള്‍പ്പടെയുള്ളവയും ലഭ്യമാണ്. ബസന്ത് നഗറിലെ മഡ് കോഫി ഹോട്ടലില്‍ നിന്ന് അതീവ രുചികരമായ കാപ്പിയും ആസ്വദിക്കാം.
ഷോപ്പിങ് വൈബ്
വിലപേശി സാധനങ്ങള്‍ ഹോള്‍സെയിലായും റീട്ടെയിലായും ലഭ്യമാകുന്ന നിരവധി തെരുവുകള്‍ ചെന്നൈ നഗരത്തിലുണ്ട്. വസ്ത്രങ്ങളും ആഭരണങ്ങളും വാങ്ങാനാണെങ്കില്‍ ടി നഗറും പോണ്ടി ബസാറും മികച്ച ഒപ്ഷനുകളാണ്. വീട്ടുപകരണങ്ങളും മറ്റുമാണെങ്കില്‍ പാരീസ് ബസാറും നിങ്ങളെ എണ്ണമറ്റ ഉത്പന്നങ്ങളുമായി മാടി വിളിക്കും. ഫീനിക്‌സ്, വി ആര്‍, മറീന തുടങ്ങിയ പേരുകളിലെ മാളുകളും ശ്രദ്ധേയ ഷോപ്പിങ് അനുഭവം സമ്മാനിക്കും.
ആര്‍ട്ട് വൈബ്
നിങ്ങളൊരു കലാതത്പരനാണെങ്കില്‍ ഏറെ അതിശയിക്കാന്‍ വകയുണ്ട് മൈലാപ്പൂരിലെ കപാലീശ്വര ക്ഷേത്രത്തില്‍. അതിസങ്കീര്‍ണമായ വാസ്തുവിദ്യയിലാണ് ക്ഷേത്രം പണിതിരിക്കുന്നത്. അതിലെ കൊത്തുപണികളും ചിത്രങ്ങളും മറ്റ് രൂപകല്‍പ്പനകളും കണ്ട് കണ്ണഞ്ചുമെന്നുറപ്പ്. ഭക്തരെ സംബന്ധിച്ച് മികച്ച ആത്മീയ അന്തരീക്ഷത്തിനും പേരുകേട്ട ദ്രാവിഡ ക്ഷേത്രമാണ് ഇത്.
ഹിസ്റ്ററി വൈബ്
ഇന്ത്യയുടെ ചരിത്രം വിശദമായി അറിയാന്‍ ആഗ്രഹിക്കുന്നയാളാണ് നിങ്ങളെങ്കില്‍ നിര്‍ബന്ധമായും സന്ദര്‍ശിച്ചിരിക്കേണ്ട കേന്ദ്രമാണ് ഫോര്‍ട്ട് സെന്റ് ജോര്‍ജ്. ബ്രിട്ടീഷുകാര്‍ ദക്ഷിണേന്ത്യയില്‍ തമ്പടിച്ച ഏറ്റവും വലിയ കേന്ദ്രമായിരുന്നു ഇത്. കൊളോണിയല്‍ വാഴ്ചയുടെ രാജ്യത്തെ പ്രധാന പ്രതീകസ്തംഭങ്ങളിലൊന്നാണ് ഇന്ന് സെന്റ് ജോര്‍ജ് കോട്ട. ഇവിടം സന്ദര്‍ശിച്ച് അറിവിന്റെ വഴിയില്‍ മുന്നേറാം.









