
നവി മുംബൈ: വനിതാ ക്രിക്കറ്റ് ലോകകപ്പില്‍ വമ്പന്‍ കടമ്പ താണ്ടാന്‍ ഭാരതം ഇന്ന് ഓസ്‌ട്രേലിയയ്‌ക്കെതിരെ. ഹര്‍മന്‍പ്രീത് കൗറും സംഘവും പ്രഥമ ലോക കിരീടത്തിലേക്കുള്ള ഫൈനല്‍ പാസെടുക്കാന്‍ വൈകീട്ട് മൂന്നുമുതല്‍ നവി മുംബൈയിലെ ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ പാഡ് കെട്ടും.
കാര്യങ്ങള്‍ അത്ര എളുപ്പമല്ല, കരുത്തരായ ഓസ്‌ട്രേലിയ ആണ് എതിരാളികള്‍. ഇതുവരെ ആകെ 60 ഏകദിനങ്ങള്‍ ഓസ്‌ട്രേലിയക്കെതിരെ കളിച്ചു. 49ലും ജയിച്ചത് അവര്‍. 11 വിജയങ്ങളാണ് ഭാരതത്തിന് ആശ്വസിക്കാനുള്ളത്. എന്നാല്‍ 2017 ലോകകപ്പില്‍ ഇതുപോലൊരു സെമിയില്‍ ഓസ്‌ട്രേലിയയെ 36 റണ്‍സിന് കീഴടക്കാന്‍ ഭാരതത്തിന് സാധിച്ചിട്ടുണ്ട്. ഇതിഹാസ താരം മിഥാലി രാജിന് കീഴില്‍ അന്ന് 171 റണ്‍സുമായി ടീമിനെ വിജയത്തിലേക്ക് നയിച്ചത്. ഇന്നത്തെ നായിക ഹര്‍മന്‍പ്രീത് ആണ്. ലോകകപ്പിന് തൊട്ടുമുമ്പ് നാട്ടിലെത്തിയ ഓസ്‌ട്രേലിയക്ക് മുന്നില്‍ ഭാരതം പരമ്പര 1-3ന് അടിയറവച്ചു. പക്ഷെ, അതില്‍ ജയിച്ച ഒരു മത്സരം അതിഗംഭീരമായിരുന്നു. ചണ്ഡീഗഢില്‍ അന്ന് നേടിയ 102 റണ്‍സിന്റെ ആധികാരിക വിജയം ഭാരതത്തിന്റെ ആത്മവിശ്വാസം ഉണര്‍ത്തുന്നുണ്ട്.
പ്രാഥമിക റൗണ്ടില്‍ നിന്നും തോല്‍വി അറിയാതെയാണ് ഓസ്‌ട്രേലിയ സെമിയിലേക്കെത്തിയത്. കളിച്ച ഏഴ് കളികളില്‍ ആറിലും ജയം. ഒരെണ്ണം മഴ കാരണം നടക്കാതെ പോയി പോയിന്റ് പങ്കുവയ്‌ക്കേണ്ടിവന്നു. ഭാരതം ഏഴില്‍ മൂന്ന് കളിയും തോറ്റു. അവസാന കളി മഴ തടസ്സപ്പെടുത്തി. മൂന്ന് വിജയം നേടിക്കൊണ്ട് നാലാം സ്ഥാനക്കാരായി സെമിയില്‍ കയറിപ്പറ്റുകയായിരുന്നു.
പ്രതികയ്‌ക്ക് പകരം ഷെഫാലി, ഹീലിയുടെ കാര്യം സംശയം
മികച്ച ഫോമിലുള്ള ഭാരത ഓപ്പണര്‍ പ്രതിക റാവല്‍ ഇന്നത്തെ മത്സരത്തിനുണ്ടാവില്ല. മഴയില്‍ കുതിര്‍ന്ന കഴിഞ്ഞ മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ഫീല്‍ഡ് ചെയ്യുമ്പോള്‍ തെന്നിവീണ് കാലിന് സാരമായി പരിക്കേറ്റിരുന്നു. ഭേദമാകാന്‍ ചിലപ്പോള്‍ മാസങ്ങള്‍ വേണ്ടിവന്നേക്കാം എന്നാണ് മെഡിക്കല്‍ നിഗമനങ്ങള്‍. ഈ സാഹചര്യത്തില്‍ ഭാരത ടീമില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്ന ഓപ്പണര്‍ ഷെഫാലി വര്‍മയ്‌ക്ക് അവസരം നല്‍കിയിരിക്കുകയാണ്. മികച്ച താരമായിരുന്ന ഷെഫാലി ഫോമൗട്ടായി മാറ്റി നിര്‍ത്തപ്പെട്ട അവസരത്തിലാണ് പ്രതിക റാവല്‍ സ്മൃതി മന്ദാനയ്‌ക്ക് ഉത്തമ കൂട്ടാളിയായി ഓപ്പണിങ് സ്ഥാനത്തേക്ക് എത്തിയത്. ലോകകപ്പിലും അത്യുഗ്രന്‍ പ്രകടനമാണ് താരം കാഴ്‌ച്ചവച്ചുകൊണ്ടിരുന്നത്.
ഓസീസിനെ എട്ടാം കിരീടത്തിലേക്ക് നയിക്കാനിറങ്ങിയിട്ടുള്ള ക്യാപ്റ്റന്‍ എല്ലീസ ഹീലി ഇന്നിറങ്ങുന്ന കാര്യം സംശയമാണ്. കാല്‍ വണ്ണയ്‌ക്ക് പരിക്കേറ്റതില്‍ നിന്ന് പൂര്‍ണ സുഖം പ്രാപിച്ചെങ്കിലേ ഇന്നിറങ്ങാന്‍ സാധിക്കൂ.
ചതിക്കുമോ മന്‍സൂണ്‍, മന്ഥ പ്രതിഭാസങ്ങള്‍
മന്ഥ ചൂഴലിക്കാറ്റ് വനിതാ ലോകകപ്പിനെയും രഞ്ജി ക്രിക്കറ്റിനെയും കാര്യമായി ബാധിച്ചിട്ടുണ്ട്. ഇന്നത്തെ മത്സരത്തിലും മഴ സാധ്യത തള്ളിക്കളയാനാകില്ല. മത്സരം നടക്കുന്ന നവി മുംബൈ ഭാഗത്ത് മഴ സാധ്യത 25 ശതമാനമാണ്. മഴ കടുത്താല്‍ ഓവറുകള്‍ വെട്ടിച്ചുരുക്കാന്‍ ശ്രമിക്കും. 20 ഓവര്‍ വരെ സാധ്യമാകുമോയെന്ന് നോക്കും. എന്നിട്ടും നടക്കാതെ വന്നാല്‍ റിസര്‍വ് ദിനത്തിലേക്ക് മാറ്റും. റിസര്‍വ് ദിനവും ഇത് തന്നെ ആവര്‍ത്തിച്ചാല്‍ പ്രാഥമിക റൗണ്ടിലെ പോയിന്റ് നിലയിലെ മുന്‍നിര സ്ഥാനക്കാര്‍ ഫൈനലിലേക്ക് മുന്നേറും. ഓസ്‌ട്രേലിയ ആണ് ഗ്രൂപ്പ് ഘട്ടത്തിലെ ഒന്നാം നമ്പര്‍ ടീം.









