
42-ാം ഓവറില്‍ ഓസ്‌ട്രേലിയയുടെ മേഗന്‍ ഷൂട്ടിനെതിരേ സിംഗിളെടുത്ത് ജെമീമ റോഡ്രിഗ്‌സ് സെഞ്ച്വറി തികയ്‌ക്കുമ്പോള്‍ ഭാരതം നാലിന് 264 റണ്‍സ്. കൂറ്റന്‍ സ്‌കോര്‍ പിന്തുടരുന്ന ഇന്ത്യക്ക് വനിതാ ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ കടക്കണമെങ്കില്‍ അപ്പോഴും 70 റണ്‍സ് കൂടി വേണം. ആകെയുള്ളതാകട്ടെ, 50 പന്തുകളും. അതുകൊണ്ടുതന്നെ സെഞ്ച്വറി നേട്ടത്തില്‍ ജെമീമ അമിതാഹ്ലാദം പ്രകടിപ്പിച്ചില്ല. ആകാശത്തേക്ക് ബാറ്റും ഉയര്‍ത്തിയില്ല. തന്റെ ലക്ഷ്യം ഭാരതത്തെ ഫൈനലിലെത്തിക്കുക എന്നതായിരുന്നു എന്ന് മറ്റാരേക്കാളും തിരിച്ചറിഞ്ഞ ജെമീമ ഉശിരോടെ അടരാടി. വനിതാ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ പിന്തുടര്‍ന്നുള്ള വിജയം ഭാരതം സ്വന്തമാക്കി.
ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 49.5 ഓവറില്‍ 338 റണ്‍സെടുത്തു പുറത്തായി. മൈറ്റി ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തണമെങ്കില്‍ അദ്ഭുതം സംഭവിക്കണമെന്ന വിലയിരുത്തലിലായിരുന്നു ഭാരതം കളത്തിലിറങ്ങിയത്. എന്നാല്‍, അദ്ഭുതങ്ങളില്‍ വിശ്വസിക്കുന്ന ഒരുകൂട്ടം പെണ്‍കുട്ടികള്‍ ഹര്‍മന്‍പ്രീത് കൗറിന്റെ നേതൃത്വത്തില്‍ നവി മുംബൈയിലെ ഡി.വൈ. പാട്ടീല്‍ സ്റ്റേഡിയത്തില്‍ അരയും തലയും മുറുക്കി ഇറങ്ങി. തുടക്കത്തില്‍ ഷെഫാലി വര്‍മയും (10) സ്മൃതി മന്ദാനയും (24) പുറത്തായെങ്കിലും സാധാരണ അഞ്ചാം നമ്പറില്‍ ഇറങ്ങാറുള്ള ജെമീമ റോഡ്രിഗിസ് മൂന്നാം നമ്പറില്‍ ഇറങ്ങി ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും ഒരു കൈനോക്കാന്‍ തന്നെ തീരുമാനിച്ചു. അവര്‍ സ്വപ്‌നത്തെ അനുഗമിച്ച് നിധി തേടിപ്പോയ സാന്റിയാഗോ എന്ന ആട്ടിടയനെ ഓര്‍മിപ്പിച്ചു, പൗലോ കെയ്‌ലോയുടെ ആല്‍ക്കെമിസ്റ്റിനെ ഓര്‍മിപ്പിച്ചു. ഇരുവരും വീറോടെ പൊരുതി. മികച്ച കൂട്ടുകെട്ടുണ്ടാക്കി. 156 പന്തില്‍ 167 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി നായിക ഹര്‍മന്‍പ്രീത് (89) മടങ്ങി. പിന്നീട് വന്ന ദീപ്തി ശര്‍മയുടെയും (17 പന്തില്‍ 24) റിച്ച ഘോഷിന്റെയും (16 പന്തില്‍ 26) അമന്‍ജോത് കൗറിന്റെയും (എട്ട് പന്തില്‍ പുറത്താകാതെ 15) കാമിയോ റോളുകള്‍ ഭാരത വിജയത്തില്‍ നിര്‍ണായകമായി.
എന്നാല്‍, അപ്പോഴും താന്‍ ക്രീസില്‍ തുടരേണ്ടതിന്റെ അനിവാര്യത മനസ്സിലാക്കി ശ്രദ്ധാപൂര്‍വം കളിച്ച ജമീമ റോഡ്രിഗ്‌സ് ഭാരതത്തെ ഫൈനലിലെത്തിച്ച ശേഷമാണ് ബാറ്റ് താഴെവച്ചത്. 193 മിനിറ്റു നീണ്ട പോരാട്ട വീര്യം. ശ്രദ്ധാപൂര്‍വം നേരിട്ട 134 പന്തുകള്‍. അതിനിടെ ഒരുവേള ലൈഫ് തിരിച്ചുകിട്ടി, വിയര്‍പ്പ് കണം വീണ 127 റണ്‍സ്. അവയ്‌ക്ക് ചാരുത ചാര്‍ത്തി അതിര്‍ത്തി കടന്ന 14 ബൗണ്ടറികള്‍. അങ്ങനെ ജമീമ കത്തിജ്വലിച്ചു. അമന്‍ജോതിന്റെ ബാറ്റില്‍നിന്ന് ബൗണ്ടറിയിലൂടെ വിജയറണ്‍ പിറന്നതോടെ അതുവരെ അടക്കിപ്പിടിച്ച വികാരങ്ങളുടെ വിസ്‌ഫോടനമായിരുന്നു ജമീമയുടെ മുഖത്ത് കണ്ടത്. സാന്റിയാഗോയെപോലെ ഒരു സ്വപ്‌നത്തിനു പിന്നാലെ നിശ്ചദാര്‍ഢ്യത്തോടെ മുന്നേറുമ്പോള്‍ അതു നിങ്ങള്‍ക്ക് നേടിത്തരാന്‍ ഈ പ്രപഞ്ചം മുഴുവന്‍ ഗൂഢാലോചന നടത്തിയ കാഴ്ചയാണ് ഓരോ ഭാരതീയനും കണ്ടത്. മത്സരശേഷം ബൈബിളിലെ വചനമുദ്ധരിച്ച് ജമീമ നിറകണ്ണുകളോടെ അതിങ്ങനെ പറഞ്ഞു.
നീ അവിടെ നിന്നുകൊള്ളുക, നിനക്കും നിനക്ക് ചുറ്റുള്ളവര്‍ക്കും വേണ്ടി ദൈവം പ്രവര്‍ത്തിക്കും. നാം ചെയ്യുന്ന കര്‍മം ആത്മാര്‍ഥമായാല്‍ അത് നടത്താന്‍ ദൈവമുണ്ടാകുമെന്ന ആത്മവിശ്വാസത്തിന്റെ കണ്ണീര്‍ വാചകങ്ങളായിരുന്നു അത്.
രണ്ട് ലോകകപ്പിലെ കാര്യമെടുത്താല്‍ കഴിഞ്ഞ 15 മത്സരങ്ങളില്‍ ഒന്നുപോലും തോല്‍ക്കാതെ മുന്നേറിയ ഓസ്‌ട്രേലിയ ഒടുവില്‍ ഇന്ത്യക്കും ജമീമയ്‌ക്കും മുന്നില്‍ മുട്ടുമടക്കി. വെറും ഓസ്‌ട്രേലിയ അല്ല പരാജയപ്പെട്ടത്, ആകെ നടന്ന 12 ലോകകപ്പില്‍ ഏഴിലും കിരീടം ചൂടിയ ഓസ്‌ട്രേലിയയെയാണ്. ഇനിയുള്ളത് ദക്ഷിണാഫ്രിക്ക എന്ന കടമ്പയാണ്. ഹര്‍മന്‍പ്രീതും ജമീമയും സ്മൃതിയും റിച്ചയും അമന്‍ജോതും ഒക്കെയുള്ള ഇതേ ഇന്ത്യക്ക് ആ ദക്ഷിണാഫ്രിക്കയെയും പരാജയപ്പെടുത്താനാകുമെന്നു തന്നെയാണ് ആരാധകരുടെ പ്രതീക്ഷ.









