
കണ്ണൂര്‍: തന്റെ പതിനൊന്നാമത്തെ വയസ്സില്‍ ഹോക്കിസ്റ്റിക്കെടുത്ത് ലോക ഹോക്കിയില്‍ ഭാരതത്തിന് മേല്‍വിലാസമുണ്ടാക്കിക്കൊടുത്ത മലയാളിയാണ് ഇന്നലെ വിടവാങ്ങിയ കായിക പ്രേമികളുടെ സ്വന്തം മാനുവല്‍ ഫ്രെഡറിക്. ടൈഗര്‍ എന്നായിരുന്നു അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത്. ഒളിമ്പിക്‌സ് ഹോക്കി മെഡല്‍ നേടിയ ആദ്യ മലയാളി താരമായിരുന്നു അദ്ദേഹം. 1972 ലെ മ്യൂണിക് ഒളിംപിക്‌സില്‍ ഹോളണ്ടിനെ തോല്‍പിച്ച് വെങ്കലം നേടിയ ഇന്ത്യന്‍ ടീമിന്റെ ഗോള്‍കീപ്പറായിരുന്നു. പതിറ്റാണ്ടുകള്‍ക്കിപ്പുറം ഹോക്കി ഗോള്‍കീപ്പാറായി 2020 ടോക്യോ ഒളിംപിക്‌സിലും 2024 പാരീസ് ഒളിംപിക്‌സിലും മലായാളിയായ പി.ആര്‍. ശ്രീജേഷ് വെങ്കല മെഡല്‍ നേടുന്നതുവരെ ഒളിംപിക് ചാമ്പ്യനെന്നാല്‍ ദശാബ്ദങ്ങളോളം മലയാളികള്‍ക്ക് മുന്നില്‍ എപ്പോഴും മാനുവല്‍ ഫ്രെഡറിക് തന്നെയായിരുന്നു. കണ്ണൂരിലെത്തുന്ന പ്രമുഖരായ സ്‌പോര്‍ട്‌സ് താരങ്ങളും രാഷ്‌ട്രീയനേതാക്കും മാനുവല്‍ ഫ്രെഡറിക്കിനെ കാണാനെത്തുമ്പോള്‍ അഭിമാനത്തോടെ അദ്ദേഹം ഒളിമ്പ്ക് മെഡല്‍ കാണിക്കറുണ്ടായിരുന്നു.
ഏഴു വര്‍ഷം അദ്ദേഹം ഇന്ത്യന്‍ ഹോക്കിടീമിന്റെ ഭാഗമായി. 16 ദേശീയ ചാമ്പ്യന്‍ഷിപ്പുകള്‍ ടൈബ്രേക്കറില്‍ ജയിപ്പിച്ച ഗോളി എന്ന ബഹുമതിയും ഇദ്ദേഹത്തിനു സ്വന്തമാണ്. കണ്ണൂര്‍ കോട്ടയ്‌ക്കടുത്തെ ബിഇഎംപി സ്‌കുളിലും കണ്ണൂര്‍ സെന്റ് മൈക്കിള്‍സ് സ്‌കുളിലുമായിരുന്നു വിദ്യാഭ്യാസം. കണ്ണൂര്‍ ബിഇഎംപി സ്‌കൂളിലെ ഫുട്ബോള്‍ ടീമില്‍നിന്ന് സെന്റ് മൈക്കിള്‍സ് സ്‌കൂള്‍ ടീം വഴി ഹോക്കിയില്‍ സജീവമായി. 17-ാം വയസ്സില്‍ ബോംബെ ഗോള്‍ഡ് കപ്പില്‍ കളിച്ചു. ബംഗളൂരു ആര്‍മി സപ്ളൈകോറിലെ കളിക്കാരനായതോടെയാണ് ദേശീയ തലത്തില്‍ അവസരങ്ങള്‍ തുറന്നു കിട്ടുന്നത്. 1971 ല്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായി ആദ്യ രാജ്യാന്തര മത്സരം.
താന്‍ പഠിച്ച ബിഇഎംപി സ്‌കുളിനും സെന്റ് മൈക്കിള്‍സിനും വേണ്ടിയായിരുന്നു മാനുവല്‍ കളി തുടങ്ങിയത്. കണ്ണൂരിലെ കോട്ടമൈതാനിയായിരുന്നു കളിക്കളം. പതിമുന്നാം വയസില്‍ ആര്‍മി ബോയ്സില്‍ ചേര്‍ന്നു. 1965 ല്‍ ബോംബെ ഗോള്‍ഡ് കപ്പില്‍ കളിച്ചു. എസി ടീമിനു വേണ്ടിയായിരുന്നു ഗോള്‍വലയം കാത്തത്. 1971 ല്‍ ഏഷ്യന്‍ ഗെയിംസില്‍ ഫ്രെഡറിക്കിന്റെ മിന്നും പ്രകടനമാണ് ഒളിംപിക്സ് ടീമിലേക്കുള്ള വഴി തുറന്നത്. രാജ്യത്തിനായി വെങ്കലം നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നുവെങ്കിലും കളിക്കളത്തില്‍ ടൈഗര്‍ എന്ന വിളിപ്പേരുള്ള മാനുവലിന് അര്‍ഹതയ്‌ക്കുള്ള അംഗീകാരം ഒരിക്കലും ലഭിച്ചിരുന്നില്ല. 2019 ല്‍ തന്റെ പ്രിയ താരമായ ധ്യാന്‍ചന്ദിന്റെ പേരിലുള്ള ദേശീയ പുരസ്‌കാരം മാനുവലിന് ലഭിച്ചത് വലിയ നേട്ടമായിരുന്നു. കളിയില്‍ നിന്ന് വിരമിച്ച ശേഷം 18 വര്‍ഷം ബംഗളൂരു എച്ച്എഎല്ലിന്റെ പരിശീലകനായി. കണ്ണൂര്‍ പയ്യാമ്പലത്ത് സര്‍ക്കാര്‍ അദ്ദേഹത്തിന് വീട് വെച്ച് നല്‍കിയിരുന്നുവെങ്കിലും ജീവിതത്തിന്റെ അവസാന നാളുകളില്‍ ബെംഗളൂരുവില്‍ മക്കളോടൊപ്പമായിരുന്നു താമസം. മലയാളികളും ഹോക്കിയുമുള്ളകാലത്തോളം മാനുവല്‍ ഫ്രഡറിക്കും ജീവിക്കും.









