
വിനോദ് ദാമോദരന്‍
കോഴിക്കോട്: സൂപ്പര്‍ ലീഗ് കേരളയില്‍ സ്വ്ന്തം മൈതാനത്ത് കാലിക്കറ്റ് എഫ്സി ഇന്ന് വീണ്ടും കളിക്കാനിറങ്ങുന്നു. കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ രാത്രി 7.30ന് നടക്കുന്ന പോരാട്ടത്തില്‍ തിരുവനന്തപുരം കൊമ്പന്‍സാണ് എതിരാളികള്‍. നാല് കളികളില്‍ നിന്ന് ഒരു ജയവും രണ്ട് സമനിലയും ഒരു പരാജയവുമടക്കം 5 പോയിന്റുമായി പട്ടികയില്‍ നാലാം സ്ഥാനത്താണ് കാലിക്കറ്റ് എഫ്സി.
നിലവിലെ ചാമ്പ്യന്മാരെന്ന പകിട്ടോടെ രണ്ടാം സീസണ്‍ തുടങ്ങിയ കാലിക്കറ്റ് എഫ്സി സ്വന്തം തട്ടകത്തില്‍ നടന്ന ഉദ്ഘാടന മത്സരത്തില്‍ വിജയത്തോടെയാണ് തുടങ്ങിയത്. ആദ്യ മത്സരത്തില്‍ ഫോഴ്സ കൊച്ചിയെ തോല്‍പ്പിച്ച് തുടങ്ങിയ കാലിക്കറ്റ് തുടര്‍ന്നുള്ള മൂന്ന് കളികളില്‍ ആ മികവ് പുലര്‍ത്താനായില്ല. രണ്ടാം കളിയില്‍ തൃശൂര്‍ മാജിക് എഫ്സി കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 1-0ന് സമനില പാലിച്ചു. മൂന്നാം കളിയില്‍ മൂന്ന് മിനിറ്റിനിടെ രണ്ട് ഗോള്‍ വഴങ്ങിയതോടെ പയ്യനാട് സ്റ്റേഡിയത്തില്‍ മലപ്പുറം എഫ്സിയോട് 3-3നും കഴിഞ്ഞ ദിവസം കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന കളിയില്‍ കണ്ണൂര്‍ വാരിയേഴ്സിനോടും 1-1നും സമനില പാലിച്ചു. മലപ്പുറത്തിനെതിരെ 3-1ന് മുന്നിട്ടുനിന്നശേഷമായിരുന്നു കാലിക്കറ്റ് എഫ്സി സമനില വഴങ്ങിയത്. കണ്ണൂരിനെതിരെയും ലീഡ് നേടിയ ശേഷമാണ് തുല്യത പാലിച്ചത്. കണ്ണൂരിനെതിരെ പത്തുപേരുമായി കളിച്ചാണ് സമനില പാലിച്ചത്.
മികച്ച പ്രതിരോധവും മധ്യനിരയും ഉണ്ടെങ്കിലും കളിയുടെ അവസാന മിനിറ്റുകളിലെ സമ്മര്‍ദ്ദം അതിജീവിക്കാന്‍ കഴിയാത്തതാണ് കാലിക്കറ്റിന് പലപ്പോഴും തിരിച്ചടിയാകുന്നത്. കഴിഞ്ഞ കളിയില്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തുപോകേണ്ടി വന്ന മുഹമ്മദ് ആസിഫ ഇന്ന് കളിക്കാനിറങ്ങില്ല. അതുകൊണ്ടുതന്നെ കഴിഞ്ഞ മത്സരത്തില്‍ ഇറങ്ങിയ ഇലവനില്‍ ചില മാറ്റങ്ങള്‍ കോച്ച് വരുത്തുമെന്നുറപ്പാണ്. മികച്ച താരനിരയുണ്ടെങ്കിലും മധ്യനിരയില്‍ പന്ത് ഹോള്‍ഡ് ചെയ്തത് കളിമെനയുന്നതില്‍ കാലിക്കറ്റിന് ഇനിയും മെച്ചപ്പെടാനുണ്ട്.
കഴിഞ്ഞ കളിയില്‍ മലപ്പുറം എഫ്സിയെ പയ്യനാട് സ്റ്റേഡിയത്തില്‍ സമനിലയില്‍ തളച്ചതിന്റെ ആത്മവിശ്വാസത്തിലാണ് തിരുവനന്തപുരം കൊമ്പന്‍സ് ഇന്ന് കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ കളിക്കാനിറങ്ങുന്നത്. ആദ്യ കളിയില്‍ കണ്ണൂര്‍ വാരിയേഴ്സിനോട് 3-2ന് തോറ്റ അവര്‍ രണ്ടാം കളിയില്‍ ഫോഴ്സ കൊച്ചിയെ എവേ മത്സരത്തില്‍ 1-0ന് തോല്‍പ്പിച്ചു. മൂന്നാം മത്സരത്തില്‍ തൃശൂര്‍ മാജിക് എഫ്സിയോട് 1-0ന് തോല്‍ക്കുകയും ചെയ്തു. ബ്രസീലിയന്‍ താരങ്ങളിലാണ് അവരുടെ പ്രതീക്ഷകള്‍. രണ്ട് ഗോളടിച്ച് മികച്ച ഫോമിലുള്ള ബിസ്പോ ഇന്നും തിളങ്ങിയാല്‍ കൊമ്പന്‍സിന് വിജയം പ്രതീക്ഷിക്കാം. എന്നാല്‍ ഏറ്റവും മികച്ച പ്രതിരോധനിര താരനിരയുള്ള കാലിക്കറ്റിനെ മറികടക്കാന്‍ അവര്‍ക്ക് കഠിനാദ്ധ്വാനം വേണ്ടിവരും. നിലവില്‍ നാല് കളികളില്‍ നിന്ന് നാല് പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് കൊമ്പന്‍സ്.
രണ്ട് ടീമുകളും വിജയം മാത്രം ലക്ഷ്യമിട്ട് ഇറങ്ങുമ്പോള്‍ ആവേശകരമായ മത്സരം പ്രതീക്ഷിക്കാം.
സ്തനാര്‍ബുദ ബോധവത്കരണമായ ‘പിങ്ക് ഒക്ടോബര്‍’ മാസാചരണത്തിന്റെ ഭാഗമായി, സ്ത്രീകള്‍ക്ക് മത്സരം കാണാന്‍ സൗജന്യ പ്രവേശനവും ഗാലറിയില്‍ ലേഡീസ് ഒണ്‍ലി സോണും കളി നടക്കുന്ന ഇഎംഎസ് സ്റ്റേഡിയത്തില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.









