
കോഴിക്കോട്: ‘സ്വാശ്രയ ഭാരതം, ആരോഗ്യ കേരളം’ എന്ന സന്ദേശവുമായി കേരളപ്പിറവി ദിനത്തില്‍ ജന്മഭൂമി മിനിമാരത്തോണ്‍. ക്രീഡാ ഭാരതിയും സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (സായി) യുമായി സഹകരിച്ചാണ് മിനി മാരത്തോണ്‍ സംഘടിപ്പിച്ചത്. കോഴിക്കോട് ബീച്ചിലെ കോര്‍പറേഷന്‍ ഓഫീസ് പരിസരത്ത് നിന്ന് രാവിലെ ആറര മണിയോടെ ആരംഭിച്ച മാരത്തോണ്‍ മാനാഞ്ചിറ വലം വെച്ച് കോര്‍പറേഷന്‍ ഓഫീസ് പരിസരത്ത് സമാപിച്ചു. അഞ്ച് കിലോമീറ്റര്‍ 11 മിനിറ്റ് 37 സെക്കന്‍ഡ് കൊണ്ട് ഓടിയെത്തിയ എം.പി. നബീല്‍ സാഹി ഒന്നാം സ്ഥാനം നേടി. എം.എഫ്. അജ്മല്‍ രണ്ടാം സ്ഥാനവും പി.പി. അതുല്‍ മൂന്നാം സ്ഥാനവും നേടി. ഇവര്‍ക്ക് യഥാക്രമം 10,000, 5000, 3000 രുപ ക്യാഷ് പ്രൈസ് നല്‍കി.
തൃശൂര്‍ സെന്റ് തോമസ് കോളജ് എംഎ ഇംഗ്ലീഷ് അവസാന വര്‍ഷ വിദ്യാര്‍ത്ഥിയാണ് നബീല്‍. ഇതേ കോളജില്‍ എംഎസ്ഡബ്ലിയു രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് അജ്മല്‍. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ ബിഎ ഇക്കണോമിക്‌സ് ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിയാണ് പി.പി. അതുല്‍.
വനിതാ വിഭാഗത്തില്‍ എസ്. അനശ്വര, അഞ്ജു കൃഷ്ണ, ജി. ആര്യ എന്നിവര്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി. പങ്കെടുത്ത എല്ലാവര്‍ക്കും ഒളിംപ്യന്‍ പി.ടി. ഉഷ ഒപ്പുവെച്ച സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി.
നൂറുകണക്കിന് കായികതാരങ്ങളും യുവതീയുവാക്കളും മുതിര്‍ന്ന പൗരന്മാരും ആവേശപൂര്‍വ്വം മാരത്തണില്‍ പങ്കെടുത്തു. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് താരവും സിനിമ-സീരിയല്‍ നടനുമായ വിവേക് ഗോപന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. ജന്മഭൂമി പ്രിന്റര്‍ ആന്‍ഡ് പബ്ലിഷര്‍ മധു വി. ഗോറെ അധ്യക്ഷനായി. ജന്മഭൂമി യൂണിറ്റ് മാനേജര്‍ എം.പി. ജയലക്ഷ്മി, കെന്‍സ ടിഎംടി സ്റ്റീല്‍സ് ചെയര്‍മാന്‍ പി.കെ. മൊയ്തീന്‍കോയ, ക്രീഡാഭാരതി ജില്ലാ ജനറല്‍ സെക്രട്ടറി രാജീവ് മേനോന്‍, സംസ്ഥാന സെക്രട്ടറി ടി. രതീഷ്, സായി സെന്റര്‍ കോഴിക്കോട് ഇന്‍ ചാര്‍ജ് ലിജോ ഇ. ജോണ്‍, ജന്മഭൂമി കോഴിക്കോട് ബ്യൂറോ ചീഫ് യു.പി. സന്തോഷ്, അസി. മാര്‍ക്കറ്റിംഗ് മാനേജര്‍ പി.ടി. ജഗീഷ് എന്നിവര്‍ സംസാരിച്ചു.









