
നവി മുംബൈ: വനിതാ ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ന് പുതിയൊരു ചരിത്രം പിറക്കും. ഇന്നത്തെ ഫൈനലില്‍ ആര് ജയിച്ചാലും ലോക ക്രിക്കറ്റിന് കിട്ടുക പുതിയ ലോക ക്രിക്കറ്റ് റാണിമാരെ. വൈകീട്ട് മൂന്ന് മുതല്‍ നവി മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ ഏറ്റുമുട്ടുന്നത് ഹര്‍മന്‍പ്രീത് കൗര്‍ നയിക്കുന്ന ഭാരതവും ലോറ വോള്‍വാര്‍ഡിന് കീഴിലുള്ള ദക്ഷിണാഫ്രിക്കയും.
വനിതകളുടെ ക്രിക്കറ്റ് ലോകകപ്പിന്റെ ചരിത്രത്തില്‍ ആദ്യമായി ഇംഗ്ലണ്ടോ ഓസ്‌ട്രേലിയയോ ഇല്ലെന്ന പ്രത്യേകത കൂടി ഈ 13-ാം പതിപ്പന്റെ ഫൈനലിനുണ്ട്.
ഫൈനലിലെത്തിയ രണ്ട് ടീമുകളും ഇതുവരെ നേടിയത് ഫൈനല്‍ ജയത്തോളം പോന്ന നേട്ടങ്ങളാണ്. ചരിത്രത്തില്‍ ആദ്യമായി ലോകകപ്പ് ക്രിക്കറ്റ് ഫൈനലിലെത്തിയ ആവേശത്തിലാണ് ദക്ഷിണാഫ്രിക്കന്‍ വനിതകള്‍. സെമിയില്‍ ഇംഗ്ലണ്ടിനെ 125 റണ്‍സിന്
തോല്‍പ്പിച്ചായിരുന്നു ചരിത്ര നേട്ടം. ലോകകപ്പിന്റെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനോട് നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിക്കൊണ്ടാണ് ദക്ഷിണാഫ്രിക്ക തുടങ്ങിയത്. കഴിഞ്ഞ മാസം മൂന്നിന് നടന്ന കളിയില്‍ ആദ്യം ബാറ്റ് ചെയ്ത് വെറും 69 റണ്‍സില്‍ ഓള്‍ഔട്ടാകുകയായിരുന്നു. പത്ത് വിക്കറ്റിനായിരുന്നു ആ തോല്‍വി. പിന്നീട് ജയത്തിലൂടെ മുന്നേറി സെമി ബെര്‍ത്ത് ഉറപ്പിച്ചു. ആദ്യ ഘട്ടത്തിലെ അവസാന റൗണ്ട് മത്സരത്തില്‍ ഓസ്‌ട്രേലിയക്ക് മുന്നില്‍ അടിതെറ്റി. അതും വമ്പന്‍ തോല്‍വി ആയിരുന്നു. ആദ്യം ബാറ്റ് ചെയ്ത് വെറും 97 റണ്‍സില്‍ പുറത്തായി. വഴങ്ങിയത് ഏഴ് വിക്കറ്റ് തോല്‍വി. ഭാരതത്തിലും ശ്രീലങ്കയിലുമായി നടന്ന ലോകകപ്പ് ക്രിക്കറ്റിനിടെ പല മത്സരങ്ങളും അലോസരപ്പെടുത്തിയിരുന്നു. അതിനിടെ എല്ലാ മത്സരങ്ങളും പൂര്‍ത്തിയാക്കാന്‍ സാധിച്ച ഏക ടീം ദക്ഷിണാഫ്രിക്കയാണ്. ആദ്യ ഘട്ടത്തിലെ ഏഴ് കളികളില്‍ അഞ്ചെണ്ണത്തില്‍ ജയിച്ചു. രണ്ടെണ്ണമേ തോറ്റിട്ടുള്ളൂ.
ഭാരതത്തിന്റെ അവസാന മത്സരം മാത്രമാണ് മഴയെടുത്തത്. ബംഗ്ലാദേശിനെതിരായ ആ കളി പാതിക്കുവച്ച് ഉപേക്ഷിക്കേണ്ടിവന്നു. മറ്റ് ആറ് മത്സരങ്ങളില്‍ മൂന്നെണ്ണത്തില്‍ തോറ്റു. സപ്തംബര്‍ 30ന് ഗുവാഹത്തിയില്‍ നടന്ന ഉദ്ഘാടന മത്സരത്തില്‍ ശ്രീലങ്കയെ 59 റണ്‍സിന് തോല്‍പ്പിച്ചുകൊണ്ട് ഗംഭീരമായി തുടങ്ങി. രണ്ടാം മത്സരത്തില്‍ പാകിസ്ഥാനെയും കീഴടക്കി. പിന്നീട് തുടര്‍ച്ചയായ മൂന്ന് തോല്‍വികള്‍. ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് ടീമകള്‍ക്ക് മുന്നിലെ തോല്‍വിയോടെ സെമി സാധ്യത പോലും അനിശ്വിചത്വത്തിലായി. ന്യൂസിലന്‍ഡിനെതിരായ ജീവന്‍മരണ പോരാട്ടത്തില്‍ 53 റണ്‍സിന് വിജയിച്ച് സെമി ബെര്‍ത്ത് ഉറപ്പാക്കി. സെമിയില്‍ ഓസ്‌ട്രേലിയക്കെതിരെ 339 റണ്‍സ് പിന്തുടര്‍ന്ന് ചരിത്ര വിജയം നേടി. ലോകകപ്പിലും വനിതാ ഏകദിനത്തിലെയും സ്‌കോര്‍ പിന്തുടര്‍ന്നുള്ള ഏറ്റവും വലിയ വിജയമായിരുന്നു അത്. ഇന്ന് ജയിച്ചാല്‍ മറ്റൊരു ചിരത്രനേട്ടം കൂടിയാകും. ഭാരതത്തിന് മാത്രമല്ല ദക്ഷിണാഫ്രിക്കയ്‌ക്കും.
ടീം
ഭാരതം: ഷെഫാലി വര്‍മ, സ്മൃതി മന്ദാന, ജെമീമ റോഡ്രിഗസ്, ഹര്‍മന്‍പ്രീത് കൗര്‍(ക്യാപ്റ്റന്‍), ദീപ്തി ശര്‍മ, റിച്ച ഘോഷ്(വിക്കറ്റ് കീപ്പര്‍), അമന്‍ജോത് കൗര്‍, രാധാ യാദവ്, ക്രാന്തി ഗൗഡ്, ശ്രീ ചരണി, രേണുക സിങ് ഠാക്കൂര്‍, സ്‌നേഹ് റാണ, ഹര്‍ലീന്‍ ഡിയോള്‍, അരുന്ധതി റെഡ്ഡി, ഉമാ ചേത്രി
ദക്ഷിണാഫ്രിക്ക: ലോറ വോള്‍വാര്‍ഡ്(ക്യാപ്റ്റന്‍), ടസ്മിന്‍ ബ്രിറ്റ്‌സ്, അന്നെകെ ബോഷ്, സ്യൂന്‍ ലൂസ്, മരിസാനെ കാപ്പ്, സിനോലോ ജാഫാ(വിക്കറ്റ് കീപ്പര്‍), ക്ലോ ട്രയോന്‍, നാദിനെ ജെ ക്ലെര്‍ക്, അയബോങ്ക ഖാകാ, നോങ്കുലുലേകോ മ്ലാബാ, മസബാറ്റാ ക്ലാസ്, ടൂമി, സെഖുഖൂനെ, നോന്ദുമിസോ ഷാംഗെയ്‌സ്, കരാബോ മെസോ









