
ന്യൂദല്‍ഹി: ടെന്നീസ് വേദിയില്‍ ഭാരതത്തിന്റെ യശസ്സ് വാനോളമുയര്‍ത്തിയ താരം രോഹന്‍ ബൊപ്പണ്ണ പ്രൊഫഷണല്‍ കരിയറില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. പുരുഷ ഡബിള്‍സില്‍ അലക്‌സാണ്ടര്‍ ബുബ്‌ളിക്കിനൊപ്പം പാരീസ് മാസ്റ്റേഴ്‌സ് 1000 ആണ് അവസനമായി പങ്കെടുത്ത ടൂര്‍ണമെന്റ്.
20 വര്‍ഷം നീണ്ട മറക്കാനാവാത്ത യാത്രകള്‍ അവസാനിപ്പിച്ച് ഞാനെന്റെ റാക്കറ്റ് തൂക്കിയിടുകയാണെന്ന് ബൊപ്പണ്ണ ഇന്‍സ്റ്റാ ഗ്രാമില്‍ കുറിച്ചു. കഴിഞ്ഞ വര്‍ഷം പുരുഷ ഡബിള്‍സില്‍ ഒന്നാം റാങ്കിലെത്തി ഈ നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കൂടിയതാരമെന്ന റിക്കാര്‍ഡ് സ്വന്തമാക്കിയിരുന്നു. അതേ വര്‍ഷം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ നേടിക്കൊണ്ട് ഗ്രാന്‍ഡ് സ്‌ലാം നേടുന്ന പ്രായം കൂടിയ താരം എന്ന റിക്കാര്‍ഡും നേടി. 43-ാം വയസ്സിലാണ് ഈ രണ്ട് നേട്ടവും കൈവരിച്ചത്. 2016 റയോ ഡി ജനീറോ ഒളിംപിക്‌സിന്റെ മിക്‌സഡ് ഡബിള്‍സില്‍ സാനിയ മിര്‍സയ്‌ക്കൊപ്പം നാലാം സ്ഥാനം വരെ മുന്നേറിയിരുന്നു. രണ്ട് ദശകങ്ങളിലായി ഭാരതത്തിന്റെ ഡേവിസ് കപ്പ് ടീമില്‍ ഒഴിച്ചുകൂടാനാവാത്ത താരം കൂടിയാണ്.









