മനുഷ്യരാശിയുടെ പൈതൃകമായി കണക്കാക്കപ്പെടുന്ന കെട്ടിടങ്ങൾ, സ്മാരകങ്ങൾ ,പ്രകൃതി സംരക്ഷിത പ്രദേശങ്ങൾ എന്നിവക്ക് അന്താരാഷ്ട്ര അംഗീകാരം നൽകുന്ന പട്ടികയാണ് യുനെസ്കോയുടെ ലോകപൈതൃക പട്ടിക. ഇന്ത്യയിൽ നിന്നും നിരവധി സ്ഥലങ്ങളും സ്മാരകങ്ങളും സംരക്ഷിത പ്രദേശങ്ങളും പട്ടികയിൽ സ്ഥാനംപിടിച്ചിട്ടുണ്ട്. യുനെസ്കോയുടെ ലോകപൈതൃക പട്ടികയിൽ ഒന്നിലധികം സ്ഥലങ്ങൾ ഇടം പിടിച്ച ഏക ഇന്ത്യൻ നഗരം ഡൽഹിയാണ്. റെഡ് ഫോർട്ട്, ഹുമയൂണിന്‍റെ ശവക്കുടീരം, കുത്തബ്മിനാർ എന്നിവയാണ് പട്ടികയിൽ ഉളളത്. വിവിധ കാലഘട്ടങ്ങളിലെ സമ്പന്നമായ മുഗൾ ചരിത്രത്തെയും മനോഹരമായ വാസ്തുവിദ്യയെയും സാംസ്കാരിക പ്രധാന്യത്തെയും അത് എടുത്തുകാണിക്കുന്നു.
1.ചെങ്കോട്ട

ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ നിർമിതികളിൽ ഒന്ന്. 1638 ൽ മുഗൾ ചക്രവർത്തി ഷാജഹാൻ നിർമിച്ച ഈ കോട്ട മുഗൾ സാമ്രാജ്യത്തിന്‍റെ പ്രധാന കേന്ദ്രമായിരുന്നു. ചുവന്ന മണൽക്കല്ല് കൊണ്ട് നിർമിച്ചതിനാൽ ചെങ്കോട്ട എന്ന പേരിലും അറിയപ്പെടുന്നു. 200 വർഷത്തോളം മുഗൾ ചക്രവർത്തിമാരുടെ പ്രധാന വസതിയായിരുന്നു ഇത്. ദിവാൻ -കി -ഖാസ്, ദിവാൻ- ഇ -ആം, രംഗ് മഹൽ എന്നി വാസ്തുവിദ്യ ശൈലികൾ ഈ കൊട്ടാരത്തിൽ ഉൾപ്പെടുന്നു. ഇന്ത്യക്ക് സ്വാതന്ത്രം ലഭിച്ചതിന് ശേഷമുളള സ്വാതന്ത്രദിന സന്ദേശങ്ങൾ പ്രധാനമന്ത്രി നൽകുന്നത് ഇവിടെ നിന്നാണ്. 2007 ലാണ് യുനെസ്കോയുടെ ലോകപൈതൃക പട്ടികയിൽ ഇടം നേടിയത്.
2. ഹുമയൂണിന്‍റെ ശവകുടിരം

1570 ൽ ഹുമയൂണിന്‍റെ പത്നി ബേഗ ബീഗം നിർമിച്ചതാണ് ഹുമയൂണിന്‍റെ ശവകുടിരം.ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ആദ്യത്തെ പൂന്തോട്ട ശവകുടിരം. മുഗൾ വാസ്തുവിദ്യയിൽ പേർഷ്യൻ ശൈലിയുടെ സ്വാധീനവും കാണാം. താജ്മഹലിന്‍റെ നിർമാണത്തിനെ ഇത് സ്വാധീനിച്ചിട്ടുണ്ട്. ഇസ- ഖാൻ -നിയാസിയുടെ ശവക്കുടീരം, ബൂഹാലിമയുടെ ശവകുടിരം, ചാർബാഗ് എന്നീ കെട്ടിടങ്ങളും ഇവിടെയുണ്ട്. 1993 ലാണ് യുനെസ്കോയുടെ ലോകപൈതൃക പട്ടികയിൽ ഇടം നേടിയത്.
3. കുത്തബ്മിനാറും സ്മാരകങ്ങളും

73 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന കുത്തബ്മിനാർ ലോകത്തിലെ ഏറ്റവും വലിയ ഇഷ്ടിക മിനാരമാണ്. ഇന്തോ-ഇസ്ലാമിക വാസ്തുശിൽപകലക്ക് ഉദാഹരണമാണിത്. 1199 ൽ ഡൽഹി സുൽത്താനായിരുന്ന ഖുത്ബ്ദ്ദീൻ ഐബക്കാണ് നിർമിതി ആരംഭിച്ചത്. 1229 ൽ ഇൽത്തുമിഷ് പണി പൂർത്തീകരിച്ചു. ഇരുമ്പ് സ്തംഭം, ഖുവ്വതുൽ-ഇസ്ലാം -മസ്ജിദ്, അലൈ-ദർവാസ ഗേറ്റ് എന്നിവ കുത്തബ്മിനാറിലെപ്രധാന സ്മാരകങ്ങളിൽ ഉൾപ്പെടുന്നു. 1993 ലാണ് യുനെസ്കോയുടെ ലോകപൈതൃക പട്ടികയിൽ ഇടം നേടിയത്.









