
ന്യൂദല്‍ഹി: ചെസ്സില്‍ ഇന്ത്യയുടെ ലോക ചെസ് ചാമ്പ്യനായ ഡി. ഗുകേഷ് ഈയിടെ യുഎസിലെ സെന്‍റ് ലൂയിസ് ക്ലബ്ബില്‍ നടന്ന ക്ലച്ച് ചെസ്സില്‍ കാണിച്ച മാന്യത ലോകമാധ്യമങ്ങളില്‍ വീണ്ടും ചര്‍ച്ചാ വിഷയമാകുന്നു. കഴിഞ്ഞ മാസം യുഎസും ഇന്ത്യയും തമ്മില്‍ നടന്ന ചെക് മേറ്റ് ചെസ് മത്സരത്തില്‍ ഗുകേഷിനെതിരെ വിജയിച്ച അമേരിക്കയുടെ ഹികാരു നകാമുറ ഗുകേഷിന്റെ രാജാവിനെ കാണികള്‍ക്കിടയിലേക്ക് വലിച്ചെറിഞ്ഞാണ് തന്റെ വിജയം ആഘോഷിച്ചത്. ലോകചാമ്പ്യനായ ഗുകേഷിനെതിരെ താന്‍ വിജയിച്ചിരിക്കുന്നു എന്നതിന്റെ പ്രതീകമെന്നോണമാണ് ഗുകേഷിന്റെ രാജാവിനെ ഹികാരു നകാമുറ കാണികളുടെ ഇടയിലേക്ക് വലിച്ചെറിഞ്ഞത്.
അമേരിക്കയില്‍ നടന്ന ക്ലച്ച് ചെസ്സിലെ രണ്ടാം റൗണ്ടില്‍ ഗുകേഷ് ഹികാരു നകാമുറയെ തോല്‍പിച്ചിരുന്നു. വിജയിച്ചെങ്കിലും നിശ്ശബ്ദനായി സ്വന്തം കസേരയില്‍ നിന്നും എഴുന്നേറ്റ് പോകുകയായിരുന്നു ചെസ്സിലെ ഇപ്പോഴത്തെ ലോക ചാമ്പ്യന്‍ കൂടിയായ ഗുകേഷ്. വിജയം അമിതാഹ്ളാദപ്രകടനങ്ങളില്ലാതെ നിശ്ശബ്ദമായി ആസ്വദിക്കുന്ന ഭാരതീയ പാരമ്പര്യത്തിന്റെ പ്രതീകമായി ലോക മാധ്യമങ്ങള്‍ ഗുകേഷിനെക്കുറിച്ച് വാഴ്‌ത്തി എഴുതുകയാണ്.
ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ലോകചാമ്പ്യന്‍ മാഗ്നസ് കാള്‍സനും ഇതുപോലെ മത്സരത്തിന് ശേഷം ഒരു നാടകീയ പെരുമാറ്റം പുറത്തെടുത്തിരുന്നു. അന്ന് ഗുകേഷിനോട് തോറ്റതിന്റെ നിരാശയില്‍ മാഗ്നസ് കാള്‍സന്‍ മേശയില്‍ ശക്തമായി ഇടിക്കുകയായിരുന്നു. ഇതോടെ മേശയിലെ കരുക്കള്‍ നാലുപാടും ചിതറി. ഇത് മാന്യമല്ലാത്ത പെരുമാറ്റ രീതിയാണെന്ന് ലോകമാധ്യമങ്ങള്‍ എഴുതിയിരുന്നു. പാരിസിലെ ലോക ഫുട്ബാള്‍ ക്ലബ്ബായ പിഎസ് ജി വരെ അന്ന് ഗുകേഷിനെ അഭിനന്ദിച്ചുകൊണ്ട് പോസ്റ്റിട്ടിരുന്നു.
ലോകചെസ്സില്‍ അനുദിനം യൂറോപ്പിനെയും റഷ്യയെയും ചൈനയെയും പിന്നിലാക്കി മുന്നേറുന്ന ഇന്ത്യയും അതിലെ യുവതാരങ്ങളും അവരുടെ പ്രതിഭകൊണ്ട് മാത്രമല്ല, ഇപ്പോള്‍ കളിക്കളത്തിലെ മാന്യമായ പെരുമാറ്റ രീതിയുടെ പേരില്‍ കൂടി ലോകത്തിന്റെ അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങുകയാണ്.









