
ഗോവ: ഗോവയില്‍ അന്താരാഷ്‌ട്ര ചെസ് ഫെഡറേഷനായ ഫിഡെ സംഘടിപ്പിക്കുന്ന ചെസ് ലോകകപ്പ് മത്സരം ആരംഭിച്ചു. ചെസ്സില്‍ ഇന്ത്യയെ ലോകത്തിലെ സൂപ്പര്‍ പവറാക്കി മാറ്റുമെന്ന് മത്സരം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ലോക ചെസ് മത്സരം ചെസ്സിന്റെ വീട്ടിലേക്ക് തിരിച്ചെത്തിയിരിക്കുകയാണെന്നും മോദി പറഞ്ഞു. വേദിയിലേക്ക് അയച്ച പ്രധാനമന്ത്രിയുടെ കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഓള്‍ ഇന്ത്യ ചെസ് ഫെഡറേഷന്‍ പ്രസിഡന്‍റ് നിതിന്‍ നരംഗ് മോദിയുടെ ഈ കത്ത് വേദിയില്‍ വായിച്ചു.
ഗോവയില്‍ നടക്കുന്ന ചെസ് ലോകകപ്പിന് ഇന്ത്യയുടെ ചെസ് താരം വിശ്വനാഥന്‍ ആനന്ദിന്റെ പേരിട്ടു. ഇന്ത്യയില്‍ ഒരു നിര യുവചെസ് താരങ്ങളെ വളര്‍ത്തി ഇന്ത്യന്‍ ചെസ്സിന്റെ പിതാവായി മാറിയ ആനന്ദിനോടുള്ള ആദരവിന്റെ ഭാഗമായാണ് ഈ നീക്കം. അഞ്ച് തവണ ചെസില്‍ ലോകചാമ്പ്യനായി മാറിയ താരം കൂടിയാണ് വിശ്വനാഥന്‍ ആനന്ദ്. 20 ലക്ഷം ഡോളറാണ് ആകെ സമ്മാനത്തുക.
ഇന്ത്യക്കാരനായ ചെസ്സിലെ ഇപ്പോഴത്തെ ലോക ചാമ്പ്യന്‍ ഗുകേഷാണ് ഈ ടൂര്‍ണ്ണമെന്‍റില്‍ ഒന്നാം സീഡ്. പ്രജ്ഞാനന്ദ, അര്‍ജുന്‍ എരിഗെയ്സി, നിഹാല്‍ സരിന്‍ തുടങ്ങി 27 ഇന്ത്യക്കാരോളം മാറ്റുരയ്‌ക്കുന്നു. ഇതില്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് ലോകചാമ്പ്യനെ നേരിടാനുള്ള എതിരാളിയെ കണ്ടെത്താനുള്ള കാന്‍ഡിഡേറ്റ്സ് ടൂര്‍ണ്ണമെന്‍റില്‍ കളിക്കാം.
ലോകത്തിലെ ആദ്യ റാങ്കുകാരായ മാഗ്നസ് കാള്‍സന്‍, ഹികാരു നകാമുറ, ഫാബിയാനോ കരുവാന എന്നിവര്‍ ഗോവയിലെ മത്സരത്തില്‍ പങ്കെടുക്കുന്നില്ല. പക്ഷെ വിന്‍സെന്‍റ് കെയ്‌മര്‍ (ജര്‍മ്മനി), അനീഷ് ഗിരി (ഡച്ച്), വെസ്ലി സോ, ലെവോണ്‍ ആരോണിയന്‍ (യുഎസ്) വെയ് യി (ചൈന) റിച്ചാര്‍ഡ് റാപോര്‍ട്ട് (ഹംഗറി). ആഗോള റേറ്റിംഗില്‍ 2700നേക്കാള്‍ അധികം പോയിന്‍റുള്ള 20 താരങ്ങളെങ്കിലും എത്തുന്നുണ്ട്.









