
മുംബൈ: ദക്ഷിണാഫ്രിക്കയെ കീഴടക്കി ഭാരതത്തിന്റെ പെണ്‍സിംഹങ്ങള്‍ ഐസിസി വനിതാ ഏകദിന ലോകകപ്പ് ചരിത്രത്തിലാദ്യമായി സ്വന്തമാക്കിയതോടെ ആഹ്ലാദത്തിലായത് രാജ്യത്തെ മുഴുവന്‍ ജനങ്ങളുമാണ്. ഫൈനലില്‍ 52 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം. ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 298 റണ്‍സെടുത്ത ഭാരതത്തിനെതിരെ ദക്ഷിണാഫ്രിക്ക 45.3 ഓവറില്‍ 246 റണ്‍സിന് പുറത്ത്.
ഈ വിജയത്തിന് ഏറ്റവുമധികം കടപ്പെട്ടിരിക്കുന്നത് അമന്‍ജോത് കൗറിനോടാണ്. കാരണം കൈവിട്ടുപോകുമെന്ന് കരുതിയ കിരീടമാണ് ഒറ്റ ക്യാച്ചിലൂടെ അമന്‍ജോത് രാജ്യത്തിന് സമ്മാനിച്ചത്. 42-ാം ഓവറിലെ ആദ്യ പന്തിലായിരുന്നു ആ ക്യാച്ച്. 41 ഓവര്‍ പൂര്‍ത്തിയായപ്പോള്‍. ദക്ഷിണാഫ്രിക്ക ആറിന് 220. ക്രീസിലുള്ളത് സെഞ്ചുറിയുമായി ദക്ഷിണാഫ്രിക്കന്‍ നായിക ലോറ വോള്‍വാര്‍ഡ്. 42-ാം ഓവറില്‍ ദീപ്തി ശര്‍മയുടെ ആദ്യപന്ത് ലോറ സിക്‌സറിന് ശ്രമിച്ചെങ്കിലും പന്ത് നേരേ ചെന്ന് പതിച്ചത് അമന്‍ജോത് കൗറിന്റെ കൈകളില്‍. ആദ്യം കൈവിട്ടുപോയ പന്ത് പിടിക്കാന്‍ ശ്രമിക്കവെ വീണ്ടും വഴുതി. ഒടുവില്‍ വിസ്മയകരമായി കൈയിലൊതുക്കി. 101 റണ്‍സെടുത്ത ദക്ഷിണാഫ്രിക്കന്‍ നായിക പുറത്തേക്ക്. ഒപ്പം അവരുടെ ജയപ്രതീക്ഷയും. ആ ഒരു വിക്കറ്റ് മതിയായിരുന്നു കളി മാറിമറിയാനും ഭാരതത്തിന് ലോക കിരീടത്തില്‍ മുത്തമിടാനും.
ലോകചാമ്പ്യന്മാരായ ഭാരത വനിതകളെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യ തലസ്ഥാനത്തേക്ക് ക്ഷണിച്ചു. നാളെയാണ് പ്രധാനമന്ത്രിയുടെ വിരുന്നു സല്‍ക്കാരം. വലിയൊരാഹ്ലാദത്തിലേക്ക് വഴിവച്ച വിജയത്തില്‍ ലക്ഷണമൊത്തൊരു ഫൈനലിന്റെ എല്ലാ ചേരുവയും അടങ്ങിയിരുന്നു. ഒടുവില്‍ രാത്രി 12നോടടുക്കുമ്പോള്‍ ഭാരതം ആശ്വസിച്ചു, ആഹ്ലാദിച്ചു. കളിയുടെ സംഭവ കഥ തുടങ്ങുന്നത് ഒരു മഴയില്‍ നിന്നാണ്. ഒന്നര മണിക്കൂറോളം നീണ്ട ആശങ്കയ്‌ക്കൊടുവില്‍ ടോസ് നിര്‍ണയം. അത് ഭാരതത്തിന് എതിരായി ഭവിച്ചു. ബാറ്റിങ്ങിലാണ് ഭാരതത്തിന്റെ സര്‍വ്വശക്തിയും അടങ്ങിയിരുന്നത്. 300 റണ്‍സ് പോലും പ്രതിരോധിക്കാനാകുമെന്ന് ഉറപ്പില്ലാത്ത ബൗളിങ് ലൈനപ്പാണ് നമ്മുടെ സ്വത്ത്. അതറിഞ്ഞുകൊണ്ടാണ് ദക്ഷിണാഫ്രിക്കന്‍ നായിക ആദ്യം നമ്മളെ ബാറ്റ് ചെയ്യാന്‍ വിട്ടത്.









