ന്യൂഡൽഹി: വിമാന ടിക്കറ്റ് റീഫണ്ടിങ് നിയമങ്ങളിൽ കാതലായ മാറ്റം വരുത്താൻ ഡി.ജി.സി.എ. ടിക്കറ്റ് ബുക്ക് ചെയ്ത് 48 മണിക്കൂറിനുള്ളിൽ സൗജന്യമായി കാൻസൽ ചെയ്യാനുള്ള സൗകര്യമാണ് കൊണ്ടു വരുന്നത്. അതുപോലെ ഏജന്‍റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുകയാണെങ്കിൽ റീഫണ്ടിന്‍റെ ഉത്തരവാദിത്തം എയർ ലൈനുകൾക്കായിരിക്കുമെന്നും അധികൃതർ അറിയിച്ചു.
വിമാന ടിക്കറ്റ് റീഫണ്ടിങുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. വിമാന ടിക്കറ്റ് ബുക്ക് ചെയ്ത് ആദ്യ 24 മണിക്കൂറിനുള്ളിൽ പേരിൽ തിരുത്തലുകൾക്ക് യാതൊരു ചാർജും ഈടാക്കില്ല. അതുപോലെ 48 മണിക്കൂറിനുള്ളിൽ യാത്രാ തീയതികളിൽ മാറ്റം വരുത്തുന്നതിനോ കാൻസൽ ചെയ്യുന്നതിനോ ചാർജ് ഈടാക്കില്ല.
എന്നാൽ ആഭ്യന്തര വിമാന യാത്രകളിൽ അഞ്ച് ദിവസത്തിനുള്ളിൽ പുറപ്പെടേണ്ട വിമാനങ്ങളുടെ ടിക്കറ്റുകൾക്കും അന്താരാഷ്ട്ര യാത്ര ടിക്കറ്റുകളിൽ പതിനഞ്ച് ദിവസത്തിനുള്ളിൽ പുറപ്പെടേണ്ട വിമാനങ്ങളുടെ ടിക്കറ്റുകൾക്കും എയർലൈൻ വെബ്സൈറ്റ് വഴി നേരിട്ട് ബുക്ക് ചെയ്യുമ്പോൾ ഈ ആനുകൂല്യം ലഭിക്കില്ല.
ടിക്കറ്റ് റീഫണ്ടിങ് 21 വർക്കിങ് ഡേയ്സിനുള്ളിൽ ലഭ്യമാക്കണമെന്നും ഡി.ജി.സി.എ നിർദേശിച്ചു. മെഡിക്കൽ എമർജൻസി കേസുകളാൽ ടിക്കറ്റ് കാൻസൽ ചെയ്താൽ യാത്രക്കാരന് ടിക്കറ്റ് റീഫണ്ട് ചെയ്യുകയോ ക്രെഡിറ്റ് ഷെൽ സൗകര്യം നൽകുകയോ ചെയ്യാം. തീരുമാനങ്ങളുടെ കരട് രേഖയിൽ സ്റ്റേക്ക് ഹോൾഡർമാരിൽ നിന്ന് നവംബർ 30 വരെ ഡി.ജി.സി.എ അഭിപ്രായം തേടിയിട്ടുണ്ട്.









