ബെംഗളൂരു: ഇടവിട്ടെത്തുന്ന തണുത്ത കാറ്റ്, മൂടല്‍മഞ്ഞുള്ള പ്രഭാതങ്ങള്‍…ബെംഗളൂരുവില്‍ മൂന്ന് വര്‍ഷത്തിനിടയിലെ ഏറ്റവും തണുപ്പുള്ള ഒക്ടോബറാണ് കടന്നുപോയതെന്ന് ഇവിടുത്തുകാര്‍ പറയുന്നു.
ഇത് ഇത്തവണത്തെ ശൈത്യകാലത്ത് നഗരത്തില്‍ തണുപ്പ് വര്‍ധിക്കുമെന്നതിന്റെ സൂചനയായി കാണുന്നവരും നിരവധി.
ബെംഗളൂരുവിലെ മഴ
ഒക്ടോബറില്‍ ബെംഗളൂരു നഗരത്തില്‍ 127.9 മില്ലിമീറ്റര്‍ മഴ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ശരാശരിയില്‍ കുറവാണിത്. 186.4 മില്ലി മീറ്ററാണ് ശരാശരി ലഭിക്കേണ്ടിയിരുന്നത്.
എന്നിരുന്നാലും സമീപ വര്‍ഷങ്ങളില്‍ ബെംഗളൂരു കണ്ട ഏറ്റവും തണുപ്പുള്ള ഒക്ടോബറാണ് കടന്നുപോയത്. ഒക്ടോബറില്‍ ബെംഗളൂരുവിലെ ശരാശരി കൂടിയ താപനില 28.18 ഡിഗ്രി സെല്‍ഷ്യസായിരുന്നു.
ഈ ആഴ്ചയിലെ കാലാവസ്ഥാ പ്രവചനം
ഈ ആഴ്ച ബെംഗളൂരു ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും ഇടയ്ക്കിടെ നേരിയ മഴ ലഭിച്ചേക്കാമെന്നുമാണ് കാലാവസ്ഥാ പ്രവചനം. നഗരത്തില്‍ നേരിയ മഴയും വരണ്ട കാലാവസ്ഥയും മാറി മാറി അനുഭവപ്പെടുമെന്നും മുന്നറിയിപ്പുണ്ട്.
ഇത് നഗരത്തിലെ താമസക്കാര്‍ക്ക് മഴയില്‍ കുതിര്‍ന്ന പ്രഭാതങ്ങളും കാറ്റുള്ളതും സുവര്‍ണ നിറമുള്ളതുമായ സൂര്യാസ്തമയങ്ങളും സമ്മാനിക്കും.
നവംബര്‍ 8 വരെ ബെംഗളൂരുവില്‍ നേരിയ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിട്ടുണ്ട്. പകല്‍ താപനില ഏകദേശം 29 ഡിഗ്രി സെല്‍ഷ്യസ് വരെ ആയിരിക്കും. കുറഞ്ഞ താപനില 19 ഡിഗ്രി സെല്‍ഷ്യസ് വരെ ആകാം.
ഇക്കഴിഞ്ഞ ഞായറാഴ്ച ബെംഗളൂരുവില്‍ കനത്ത മൂടല്‍മഞ്ഞ് അനുഭവപ്പെട്ടിരുന്നു. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍ അനുസരിച്ച് ദൂരക്കാഴ്ച ഏകദേശം 4 കിലോമീറ്റര്‍ വരെ കുറഞ്ഞു. ഉച്ചയോടടുപ്പിച്ചാണ് മൂടല്‍മഞ്ഞ് നീങ്ങിയത്.









