
ദക്ഷിണ കൊറിയയിൽ ജനസംഖ്യയിൽ വലിയ മാറ്റങ്ങൾ സംഭവിക്കുകയാണ്. ലോകത്തിലെ ഏറ്റവും കുറഞ്ഞ ജനനനിരക്കുകളുള്ള ഈ രാജ്യത്ത്, ജനസംഖ്യയുടെ പകുതിയോളം 50 വയസ്സിനു മുകളിൽ പ്രായമുള്ളവരാണ്. ഈ സാഹചര്യത്തിൽ, രാജ്യത്ത് ‘മരണ ബിസിനസ്സ്’ മേഖലയിൽ ജോലി കണ്ടെത്തുന്നവരുടെ എണ്ണം ക്രമാതീതമായി വർധിക്കുകയാണ്.
ബുസാനിലെ ഒരു യൂണിവേഴ്സിറ്റി ക്ലാസ് റൂം, ഭാവിയിൽ ശവസംസ്കാര ഡയറക്ടർമാർ ആവുന്ന വിദ്യാർത്ഥികൾക്ക് പരിശീലനം നൽകാനായി ശവപ്പെട്ടികൾ നിരത്തിവെച്ച് ഒരുക്കിയിരിക്കുകയാണ്. ബുസാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ വിദ്യാർത്ഥികൾ, പരമ്പരാഗത കൊറിയൻ ശവസംസ്കാര തുണിയിൽ ഒരു മാനെക്വിനെ (മനുഷ്യശരീരത്തിന്റെ വലിപ്പത്തെ പ്രതിനിധീകരിക്കുന്നതും വസ്ത്രങ്ങൾ പ്രദർശിപ്പിക്കുന്നതിനുമായി ഉപയോഗിക്കുന്ന പ്രതിമ) ശ്രദ്ധാപൂർവ്വം പൊതിഞ്ഞ്, ശവപ്പെട്ടിയിലേക്ക് ശരിയായ രീതിയിൽ വെച്ച് പരിശീലിക്കുന്നു. “നമ്മുടെ സമൂഹം പ്രായമാകുന്നതോടെ, ഇത്തരത്തിലുള്ള ജോലികൾക്കുള്ള ആവശ്യം വർധിക്കുകയേയുള്ളൂ എന്ന് ഞാൻ കരുതി,” 27-കാരനായ ശവസംസ്കാര അഡ്മിനിസ്ട്രേഷൻ വിദ്യാർത്ഥി ജാങ് ജിൻ-യോങ് പറയുന്നു.
23 വയസ്സുള്ള ഇം സെയ്-ജിൻ എന്ന മറ്റൊരു വിദ്യാർത്ഥി, മുത്തശ്ശി മരിച്ചതിനുശേഷം ഈ മേഖലയിലേക്ക് പ്രവേശിക്കാൻ തീരുമാനിക്കുകയായിരുന്നു.
‘ഛായാചിത്രങ്ങൾ പോലെ’ ഒറ്റപ്പെട്ട വീടുകൾ
കൂടുതൽ ദക്ഷിണ കൊറിയക്കാരും ഒറ്റയ്ക്ക് ജീവിക്കുകയും ഒറ്റയ്ക്ക് മരിക്കുകയും ചെയ്യുന്നു എന്നതാണ് ഈ വ്യവസായത്തിന്റെ വളർച്ചയുടെ പ്രധാന കാരണം. ഏഷ്യയിലെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയിൽ, നിലവിൽ ആകെയുള്ള വീടുകളുടെ 42 ശതമാനവും ഒറ്റയ്ക്ക് താമസിക്കുന്ന വീടുകളാണ്. ഈ സ്ഥിതിവിവരക്കണക്കുകൾക്കിടയിൽ ഒരു പുതിയ തൊഴിൽ മേഖല ഉയർന്ന് വന്നിരിക്കുന്നത്.
മുൻ ക്ലാസിക്കൽ സംഗീതജ്ഞനായ ചോ യൂൻ-സിയോക്ക്, ആളുകളെ മരിച്ച നിലയിൽ കണ്ടെത്തിയ നിരവധി വീടുകൾ വൃത്തിയാക്കിയിട്ടുണ്ട്. ചിലപ്പോൾ മരിച്ച് മാസങ്ങൾ കഴിഞ്ഞാണ് ഇവരെ കണ്ടെത്തുക. അവരുടെ വീടുകൾ “അവരുടെ ഛായാചിത്രങ്ങൾ പോലെയാണ്,” 47-കാരനായ ചോ പറയുന്നു. വികസിത രാജ്യങ്ങളിൽ ഏറ്റവും ഉയർന്ന ആത്മഹത്യാ നിരക്ക് ദക്ഷിണ കൊറിയയിലാണ്. ഈ “ഏകാന്ത മരണങ്ങളിൽ” സ്വയം മരിച്ചവരും ഉൾപ്പെടുന്നു.
ശ്രദ്ധിക്കപ്പെടാത്ത മരണങ്ങളുടെ ഭീഷണി
ശ്രദ്ധിക്കപ്പെടാതെയുള്ള മരണങ്ങൾ ഉണ്ടാകുമ്പോൾ, അത് പരിസ്ഥിതിക്ക് ദോഷം വരുത്തുകയും, കീടബാധയ്ക്ക് കാരണമാവുകയും, വീടുകളിൽ നിന്ന് മുഴുവൻ സാധനങ്ങളും നീക്കം ചെയ്യാൻ നിർബന്ധിതമാവുകയും ചെയ്യും. ഉപയോഗിച്ച കാർ ലീസിംഗ് കമ്പനികളിൽ നിന്ന് പോലും ക്ലയന്റുകൾ ജീവിതം അവസാനിപ്പിച്ച വാഹനങ്ങൾ വൃത്തിയാക്കാൻ ചോയ്ക്ക് ഇപ്പോൾ കോളുകൾ ലഭിക്കുന്നുണ്ട്. ദുർഗന്ധം വേനൽക്കാലത്ത് വളരെ വേഗത്തിൽ പടരുമെന്നും “ഒന്നും സംരക്ഷിക്കാൻ കഴിയില്ല” എന്നും അദ്ദേഹം പറയുന്നു.

കിം സിയോക്-ജങ് എന്ന ക്ലീനർ, ഒരിക്കൽ ഒരു അന്തരിച്ച ഗാനരചയിതാവിന്റെ വീട് വൃത്തിയാക്കിയപ്പോൾ, ബന്ധുക്കളുമായി പങ്കുവെക്കാത്ത ഒരു കൂട്ടം ഗാനങ്ങൾ കണ്ടെത്തി. അദ്ദേഹം അവയെ ദുഃഖിതരായ കുടുംബത്തിനായി ഒരു ഗാനമാക്കി മാറ്റി. ചില നേരങ്ങളിൽ ഈ ജോലിക്ക് വൃത്തിയാക്കലിനേക്കാൾ കൂടുതൽ ശ്രദ്ധയും കരുതലും ആവശ്യമാണ്.
ഗാർഹിക പീഡനത്തിൽ നിന്ന് രക്ഷപ്പെട്ട്, ഗോസിവോൺ എന്ന ഇടുങ്ങിയ മുറിയിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന ഒരു ഹൈസ്കൂൾ വിദ്യാർത്ഥിനിയെ ചോ യൂൻ-സിയോക്ക് ഓർക്കുന്നു. വിഷാദരോഗം കാരണം അവൾക്ക് സ്വയം മുറി വൃത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല, മുറിയിൽ സാധനങ്ങളും ചീഞ്ഞളിഞ്ഞ ഭക്ഷണവും നിറഞ്ഞിരുന്നു. എന്നാൽ, അവൾ ഒരു ചെറിയ പെട്ടി ശ്രദ്ധയോടെ സൂക്ഷിച്ചു, അത് ഒരിക്കലും വലിച്ചെറിയരുതെന്ന് ചോയോട് ആവശ്യപ്പെട്ടു.
ഒരു വർഷത്തിനുശേഷം, അതേ മുറിയിൽ അവൾ ആത്മഹത്യ ചെയ്തു. വൃത്തിയാക്കാൻ തിരിച്ചെത്തിയ ചോ, ആ ചെറിയ പെട്ടിയിൽ ഒരു എലിച്ചക്രം താമസിക്കുന്നതായി കണ്ടെത്തി. അതിനടുത്തായി, ഒരു സംഗീതജ്ഞയാകാൻ അവൾ സ്വപ്നം കണ്ടിരുന്ന ഗിറ്റാറും ഉണ്ടായിരുന്നു. “എലിയെ കണ്ട നിമിഷം, അതിനെ രക്ഷിക്കുകയും ജീവനോടെ നിലനിർത്തുകയും ചെയ്യണമെന്ന് മാത്രമേ എനിക്ക് തോന്നിയുള്ളൂ,” ചോയുടെ വാക്കുകൾ ആ രംഗത്തിന്റെ വൈകാരികത വെളിവാക്കുന്നു.
ഭയത്തോടെ പരിശീലിക്കുന്ന പുതുതലമുറ
ശവസംസ്കാര ‘ബിസ്നസ്സിലെ’ പരിചയസമ്പന്നനായ കിം ഡൂ-ന്യോൺ പറയുന്നത്, ഇരുപതുകളിൽ പ്രായമുള്ള പുതിയ നിയമനങ്ങളുടെ എണ്ണം വർധിച്ച് വരുന്നുണ്ടെന്നാണ്. ബുസാനിലെ ക്ലാസ്സിൽ പരിശീലനം നേടുന്ന വിദ്യാർത്ഥികളിൽ ചിലർക്ക് തങ്ങളുടെ കരിയർ പാതയെക്കുറിച്ച് ഇപ്പോഴും ആശങ്കകളുണ്ട്. തങ്ങളുടെ ഭയത്തെ കുറിച്ചും വിദ്യാത്ഥികൾ വ്യക്തമാക്കുന്നുണ്ട്. എത്ര തയ്യാറെടുപ്പുകൾ നടത്തിയാലും, മരിച്ച ഒരാളെ അഭിമുഖീകരിക്കുന്നത് ഭയപ്പെടുത്തുന്നതാണ്. അതിവേഗം പ്രായമാകുന്ന ദക്ഷിണ കൊറിയയിൽ, മരണം എന്നത് കേവലം ഒരവസാനം മാത്രമല്ല, ഒരു വലിയ സാമൂഹിക-സാമ്പത്തിക വ്യവസായത്തിന്റെ ആരംഭം കൂടിയാണ്.
ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (Generated by AI)
The post ഏകാന്ത മരണങ്ങളുടെ നാട്, ഭാവിയിലെ ജോലി മരിച്ചവരെ ഒരുക്കുക! ബുസാനിലെ സർവ്വകലാശാല ക്ലാസ് മുറിയിൽ ശവപ്പെട്ടികൾ നിരന്നതെന്തിന്? appeared first on Express Kerala.









