അന്താരാഷ്ട്ര യാത്രകളെക്കുറിച്ച് ചിന്തിക്കുമ്പോള്‍ വിസ നിര്‍ണായകമാണ്. യാത്ര ആരംഭിക്കുന്നതിന് മുന്‍പ് പൂര്‍ത്തിയാക്കേണ്ട സുപ്രധാന നടപടി. മിക്ക രാജ്യങ്ങളും, നമ്മുടെ ലക്ഷ്യസ്ഥാനത്തെയും താമസിക്കുന്ന കാലയളവിനെയും അടിസ്ഥാനമാക്കി നിശ്ചിത ഫീസ് ഈടാക്കുന്നു.
ചില രാജ്യങ്ങള്‍ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന് വിസയില്ലാത്ത പ്രവേശനമോ വേഗത്തിലുള്ള ഇ-വിസയോ ലഭ്യമാക്കുകയും ചെയ്യുന്നു. എന്നാല്‍ ലോകത്ത് ഒരു വിസയ്ക്ക് പ്രതിദിനം നൂറുകണക്കിന് ഡോളര്‍ ചെലവ് വരുന്ന ഒരു രാജ്യമുണ്ടെന്ന് പറഞ്ഞാല്‍ അതിശയോക്തിയല്ല.
അതിശയകരമെന്ന് പറയട്ടെ, അത് യുണൈറ്റഡ് സ്റ്റേറ്റ്‌സോ (യുഎസ്), യുണൈറ്റഡ് കിംഗ്ഡമോ (യുകെ) മറ്റേതെങ്കിലും യൂറോപ്യന്‍ രാജ്യങ്ങളോ അല്ല. ഇന്ത്യയുടെ അയല്‍ രാജ്യമായ ഭൂട്ടാനാണിത്. ഈ രാജ്യത്തിന്റെ വിസ മോഡല്‍ സുസ്ഥിര വികസന ഫീസ് (SDF) അനുസരിച്ചാണ് നിശ്ചയിച്ചിരിക്കുന്നത്.
ഇത് ഭൂട്ടാനെ ദിവസേന യാത്ര ചെയ്യാന്‍ ഏറ്റവും ചെലവേറിയ രാജ്യമാക്കി മാറ്റി. രാജ്യം മൊത്ത ആഭ്യന്തര ഉത്പാദനത്തില്‍ നിന്നല്ല വളര്‍ച്ച അളക്കുന്നത്. മൊത്ത ദേശീയ സന്തോഷത്തെ അധികരിച്ചാണിത്. മിക്ക രാജ്യങ്ങളും ഒറ്റത്തവണ വിസയോ പ്രവേശന ഫീസോ ഈടാക്കുമ്പോള്‍, ഭൂട്ടാന്‍ ‘ഉയര്‍ന്ന മൂല്യം, കുറഞ്ഞ അളവ്’ എന്ന നയമാണ് പിന്തുടരുന്നത്.
അടിസ്ഥാനപരമായി, ഭൂട്ടാനിലേക്ക് പോകാന്‍, മിക്ക വിദേശ യാത്രികരും (ഇന്ത്യ, ബംഗ്ലാദേശ്, മാലിദ്വീപ് എന്നിവിടങ്ങളില്‍ നിന്നുള്ള പൗരര്‍ ഒഴികെ) പ്രതിദിനം ഒരാള്‍ക്ക് 100 ഡോളര്‍ സുസ്ഥിര വികസന ഫീസ് (എസ്ഡിഎഫ്) നല്‍കണം. ഇത് ഒരു തുടക്കം മാത്രമാണ്. മുമ്പ്, ഈ ഫീസ് ഇതിലും കൂടുതലായി 200 ഡോളര്‍ ആയിരുന്നു.
എന്നിരുന്നാലും, കൂടുതല്‍ സന്ദര്‍ശകരെ ആകര്‍ഷിക്കാന്‍ ഇത് 2023ല്‍ കുറച്ചു. ഈ ഫീസ് താമസം, ഭക്ഷണം, ഗൈഡ്, ഗതാഗതം തുടങ്ങിയ പതിവ് യാത്രാ ചെലവുകള്‍ക്കും ഉപരിയാണ്.
ഉദാഹരണത്തിന്, നിങ്ങള്‍ ഏഴ് ദിവസത്തെ യാത്രയാണ് പ്ലാന്‍ ചെയ്യുന്നതെങ്കില്‍, വിസയ്ക്കും എസ്ഡിഎഫിനുമായി ഒരാള്‍ക്ക് 700 ഡോളറില്‍ കൂടുതല്‍ ചെലവാകും – ഇത് ഭൂട്ടാനെ ലോകത്തെ ഏറ്റവും ചെലവേറിയ വിസ ലക്ഷ്യസ്ഥാനമാക്കി മാറ്റുന്നു.
എന്തുകൊണ്ട് ഭൂട്ടാന്‍ വിസയ്ക്ക് ചെലവേറുന്നു ?
ഈ ഭീമമായ ഫീസിന് പിന്നിലെ ഭൂട്ടാന്റെ യുക്തി ലളിതമാണ്: അതിന്റെ ഏറ്റവും വിലപ്പെട്ട കാര്യങ്ങള്‍ സംരക്ഷിക്കുക എന്നതാണ് ലക്ഷ്യം. പ്രകൃതി സൗന്ദര്യവും സാംസ്‌കാരിക പൈതൃകവും കാത്തുസൂക്ഷിക്കാന്‍ വേണ്ടിയാണിത്.
വിനോദ സഞ്ചാരികളില്‍ നിന്ന് ഈടാക്കുന്ന എസ്ഡിഎഫ് സുസ്ഥിരതാ സംരംഭങ്ങള്‍ക്കും അടിസ്ഥാന സൗകര്യ വികസനത്തിനും പരിസ്ഥിതി സംരക്ഷണ പദ്ധതികള്‍ക്കുമായാണ് ഭൂട്ടാന്‍ ഉപയോഗിക്കുന്നത്.
വാസ്തവത്തില്‍, ടൂറിസം വരുമാനം രാജ്യത്തിന്റെ പാരിസ്ഥിതിക സംരക്ഷണത്തിനും പ്രാദേശിക വികസനത്തിനും പ്രയോജനപ്പെടുത്താന്‍ ഭൂട്ടാന്‍ ഭരണകൂടം ലക്ഷ്യം വയ്ക്കുന്നു.
ഇന്ത്യക്കാര്‍ക്കുള്ള വിസ ഫ്രീ രാജ്യങ്ങള്‍
ഈ വര്‍ഷം ഇന്ത്യക്കാര്‍ക്ക് 57 രാജ്യങ്ങളിലേക്കാണ് വിസയില്ലാതെ യാത്ര ചെയ്യാനാവുക.
ആഗോള പാസ്‌പോര്‍ട്ട് റാങ്കിങ്ങില്‍ ഇന്ത്യ അഞ്ച് സ്ഥാനങ്ങള്‍ പിന്നിലേക്ക് പോയി 85-ാമത് ആയിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ഇന്ത്യക്കാര്‍ക്ക് 62 രാജ്യങ്ങളിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാനാകുമായിരുന്നു.
ആദ്യ 10 സ്ഥാനങ്ങളിലുള്ള രാജ്യങ്ങള്‍ ?
- സിംഗപ്പൂര്‍ – 193 രാജ്യങ്ങള്‍
- തെക്കന്‍ കൊറിയ – 190
- ജപ്പാന്‍ – 189
- ജര്‍മ്മനി, ഇറ്റലി, ലക്‌സംബര്‍ഗ്, സ്‌പെയിന്‍, സ്വിറ്റ്‌സര്‍ലന്‍ഡ് – 188
- ഓസ്ട്രിയ, ബെല്‍ജിയം, ഡെന്‍മാര്‍ക്ക്, ഫിന്‍ലാന്‍ഡ്, ഫ്രാന്‍സ്, അയര്‍ലന്‍ഡ്, നെതര്‍ലാന്‍ഡ്സ് – 187
- ഹംഗറി, ന്യൂസിലാന്‍ഡ്, നോര്‍വേ, പോര്‍ച്ചുഗല്‍, സ്വീഡന്‍ – 186
- ഓസ്ട്രേലിയ, ചെക്കിയ, മാള്‍ട്ട, പോളണ്ട് – 185
- ക്രൊയേഷ്യ, എസ്റ്റോണിയ, സ്ലോവാക്യ, സ്ലോവേനിയ, യുഎഇ, യുകെ – 184
- കാനഡ – 183 ലാത്വിയ, ലീച്‌ടെന്‍സ്റ്റീന്‍ – 182









