
ഒരിടവേളക്ക് ശേഷം കേരളത്തിൽ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് മുതൽ നവംബർ 10 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. നവംബർ 8 (നാളെ) മുതൽ മൂന്ന് ദിവസത്തേക്ക് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ പത്തനംതിട്ട, ഇടുക്കി ജില്ലകളിലും, 9-ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും, 10-ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലുമാണ് യെല്ലോ അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയാണ് ഈ ദിവസങ്ങളിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത് (24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ).
ഇടിമിന്നലോടുകൂടിയ മഴ പ്രതീക്ഷിക്കുന്നതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളിലും ജനലിനും വാതിലിനും അടുത്ത് നിൽക്കുന്നതും ഒഴിവാക്കണം. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ടെലിഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കുകയും വേണം. ഇടിമിന്നൽ മനുഷ്യൻ്റെയും മൃഗങ്ങളുടെയും ജീവനും വസ്തുവകകൾക്കും നാശനഷ്ടം വരുത്താൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.
The post കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട് appeared first on Express Kerala.









