മസ്കത്ത്: വടക്കൻ ബാത്തിന ഗവർണറേറ്റിലെ ശിനാസ്, സുവൈഖ് വിലായത്തുകളിലായി രണ്ട് പുതിയ വ്യവസായ നഗരങ്ങൾ സ്ഥാപിക്കുമെന്ന് വടക്കൻ ബാത്തിന ഗവർണർ മുഹമ്മദ് സുലൈമാൻ അൽ കിൻദി അറിയിച്ചു.
സുവൈഖ് വ്യവസായ നഗരം നിർമിക്കുന്നതിനുള്ള ടെൻഡർ ഇതിനകം ക്ഷണിച്ചതായും ശിനാസ് വ്യവസായ നഗരത്തിനായുള്ള പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും ഗവർണർ പറഞ്ഞു. സമീപത്തുള്ള തുറമുഖങ്ങൾ, ലോജിസ്റ്റിക്സ് ഹബുകൾ, ഫ്രീ സോണുകൾ എന്നിവയുമായി ഈ രണ്ട് പദ്ധതികളും ബന്ധിപ്പിക്കും. ഇതുവഴി വടക്കൻ ബാത്തിനയുടെ നിക്ഷേപമേഖലയെ കൂടുതൽ ശക്തമാക്കുകയാണ് ലക്ഷ്യം.
അസ്സുവൈഖ്, ശിനാസ് തുറമുഖങ്ങൾ നിലവിലുള്ള തുറമുഖ വ്യവസ്ഥയിലേർപ്പെടുത്തിയതും അവയെ സോഹാറിലെ 354 ഫാക്ടറികൾ ഉൾക്കൊള്ളുന്ന വ്യവസായ നഗരങ്ങളുമായി ബന്ധിപ്പിച്ചതും ഭാവിപദ്ധതികൾക്ക് ഗുണകരമാണ്. അസ്സുവൈഖിൽ പുതിയ വ്യവസായ നഗരം സ്ഥാപിക്കുന്നതിനുള്ള ടെൻഡർ നിലവിൽ പുറപ്പെടുവിച്ചിട്ടുണ്ടെന്നും ഷിനാസിലെ വ്യവസായ നഗര നിർമാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഈ പദ്ധതികൾ തുറമുഖങ്ങൾ, ലോജിസ്റ്റിക് മേഖലകൾ, സ്വതന്ത്ര മേഖലകൾ എന്നിവയുമായി ഏകീകരിച്ച് വടക്കൻ ബാത്തിനയെ ദേശീയ-വിദേശ നിക്ഷേപങ്ങൾക്ക് പ്രധാന ആകർഷണ കേന്ദ്രമാക്കും.
ഒമാൻ- യു.എ.ഇ റെയിൽവേ പദ്ധതി പുരോഗതിയിലാണെന്നും ഇതുവഴി ഗതാഗത കാര്യക്ഷമത വർധിക്കുകയും ഇരു രാജ്യങ്ങൾക്കുമിടയിലെ സാമ്പത്തിക വളർച്ചക്ക് സഹായകരമാവുമെന്നും ഗവർണർ പറഞ്ഞു. സുഹാർ വിമാനത്താവള വികസന പദ്ധതികളും പുരോഗതിയിലാണ്.
പുതിയ യാത്രക്കാരുടെ ടെർമിനലിന്റെ രൂപകൽപന പൂർത്തിയായി വരുകയാണ്. അതിനു ശേഷം നിർമാണ ടെൻഡർ പ്രസിദ്ധീകരിക്കും.
മേഖലയുടെ സാമ്പത്തിക വളർച്ചയുടെ കണക്കുകളും പ്രതീക്ഷ നൽകുന്നതാണ്. 2022 മുതൽ 2023 വരെയുള്ള കാലയളവിൽ ഓയിൽ ഇതര മേഖല 16 ശതമാനം വളർച്ച രേഖപ്പെടുത്തിയപ്പോൾ, 2023 പകുതിയിൽനിന്ന് 2024 ന്റെ അർധത്തിൽ വരെ 5.6 ശതമാനം വളർച്ച രേഖപ്പെടുത്തി.
മൊത്തം വരുമാനം 4.4 ബില്യൺ റിയാൽ കടന്നു. ഇതിൽ സേവനമേഖല- 2.4 ബില്യൺ റിയാൽ, വ്യവസായം 1.8 ബില്യൺ റിയാൽ, കാർഷിക-മത്സ്യ മേഖല 159 മില്യൺ റിയാൽ എന്നിങ്ങനെയാണുള്ളത്.
9.25 ലക്ഷമാണ് വടക്കൻ ബാത്തിനയിലെ ജനസംഖ്യ. ഒമാനിലെ എല്ലാ ഗവർണറേറ്റുളെയും പരിഗണിച്ചാൽ ഏറ്റവും കൂടുതൽ ഒമാനികളുള്ളത് ഈ പ്രദേശത്താണ്. ഇതു നിക്ഷേപകരെ ആകർഷിക്കുന്ന പ്രധാന ഘടകമാണെന്ന് ഗവർണർ മുഹമ്മദ് സുലൈമാൻ അൽ കിൻദി പറഞ്ഞു. 6.4 ബില്യൺ അമേരിക്കൻ ഡോളറായിരുന്നു 2024ലെ വിദേശ നിക്ഷേപം. ഇതിൽ 1.7 ബില്യൺ ഡോളർ ഈ വർഷത്തിന്റെ ആദ്യ പാദത്തിലാണ് ലഭിച്ചത്. ഇതുവഴി പുതിയ തൊഴിൽ അവസരങ്ങളും സാമ്പത്തിക വൈവിധ്യവൽക്കരണവും നടപ്പിലാക്കാൻ കഴിഞ്ഞതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
കിൻദി സോഹാർ ഇൻവെസ്റ്റ്മെന്റ് ഫോറം പോലുള്ള നിക്ഷേപ പരിപാടികളും ഗവർണറേറ്റിലെ സാമ്പത്തിക വികസനത്തിന് വഴികാട്ടിയാണ്. ഒമാൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയും ഗവർണറേറ്റ് ഓഫിസും ചേർന്ന് സംഘടിപ്പിച്ച ആദ്യ പതിപ്പ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിക്ഷേപകരെ ആകർഷിച്ചിരുന്നു.
രണ്ടാമത്തെ പതിപ്പ് 2026 തുടക്കത്തിൽ നടത്തുമെന്നും ഇതുവഴി നിക്ഷേപവും വിനോദസഞ്ചാരവും വർധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. നിലവിൽ ഗവർണറേറ്റിൽ 58 ഹോട്ടൽ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഇടത്തരം ബിസിനസുകൾക്ക് ആവശ്യമായ പിന്തുണ നൽകുന്നതിനും തൊഴിൽ സൃഷ്ടിക്കാനും പാർക്കുകൾ, ഗാർഡനുകൾ, ഇന്നർ റോഡുകൾ എന്നിവ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമാണ് ഗവർണറേറ്റിന്റെ ബജറ്റ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
സുഹാറിലെ അൽ അവാഹി പ്രദേശത്തെ വാഹനവിപണിയുടെ വികസനം, ലിവയുടെ പ്രധാന പ്രവേശന കവാടത്തിന്റെ നവീകരണം, റോഡ് പരിപാലന പദ്ധതികൾ, ഷിനാസിലെ കമേഴ്സ്യൽ മാർക്കറ്റ് മെച്ചപ്പെടുത്തൽ തുടങ്ങിയ പദ്ധതികൾ നടപ്പിലാക്കിയതായി ഗവർണർ പറഞ്ഞു. ഇതുകൂടാതെ സുഹാറിലെ വാദി ഹസൂൻ പുനരുദ്ധാരണം, ഖാബൂറയിലെ അൽ ദുർറ പദ്ധതി എന്നിവയും പുരോഗതിയിലാണ്.
പ്രാദേശിക വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി, വടക്കൻ ബാത്തിന മുനിസിപ്പാലിറ്റി ഖാബൂറയിൽ അൽ ദുവൈർ പാർക്ക്, സഖിയാത് പാർക്ക്, അൽ ബക്സ് പാർക്ക് എന്നിവ ഉൾപ്പെടുന്ന പുതിയ വിനോദ സൗകര്യങ്ങൾ വികസിപ്പിച്ചുവരികയാണ്. ഇതുവഴി പ്രദേശത്തെ സാമൂഹിക ജീവിതം മെച്ചപ്പെടുത്തുകയും നാട്ടുകാർക്ക് വിനോദസൗകര്യങ്ങൾ ഒരുക്കുകയും ചെയ്യാനാണ് ലക്ഷ്യമിടുന്നത്.









