
കോഴിക്കോട്: വിഖ്യാത സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റും മാതൃഭൂമി അസിസ്റ്റന്റ് എഡിറ്ററുമായിരുന്ന വിംസിയുടെ (വി.എം. ബാലചന്ദ്രന്‍) ജന്മശതാബ്ദി പ്രമാണിച്ചു ഫുട്‌ബോളില്‍ ഉയര്‍ന്നു വരുന്ന താരത്തിനു സീനിയര്‍ ജേര്‍ണലിസ്റ്റ്സ് ഫോറം കോഴിക്കോട് ജില്ലാ കമ്മിറ്റിയും വിംസിയുടെ കുടുംബവും ചേര്‍ന്നു നല്‍കുന്ന വിംസി സെന്റിനറി അവാര്‍ഡിന് ഭാരത വനിതാ സീനിയര്‍ ഫുട്‌ബോള്‍ ടീം അംഗം പി. മാളവികയെ തെരഞ്ഞെടുത്തു. 50000 രൂപയും ഫലകവുമാണ് അവാര്‍ഡ്. മുന്‍ ഇന്ത്യന്‍ താരങ്ങളും പരിശീലകരുമായ വിക്ടര്‍ മഞ്ഞില, ജോപോള്‍ അഞ്ചേരി, സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റുകളായ ആര്‍. രഞ്ജിത്ത്, അനീഷ് പി. നായര്‍ എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്. 15ന് വൈകീട്ട് നാലിന് ഹോട്ടല്‍ അളകാപുരിയില്‍ നടക്കുന്ന ചടങ്ങില്‍ മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.വി. ശ്രേയാംസ് കുമാര്‍ അവാര്‍ഡ് സമ്മാനിക്കും.
കാസര്‍കോട് ജില്ലക്കാരിയായ മാളവിക ഏഷ്യാ കപ്പ് യോഗ്യതാ റൗണ്ടില്‍ ഭാരതത്തിനായി ഗോള്‍ നേടിയ താരമാണ്. 26 വര്‍ഷത്തിനു ശേഷമാണു ഒരു മലയാളി താരത്തിനു ഇന്ത്യന്‍ സീനിയര്‍ ടീമില്‍ ഇടം ലഭിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ മികച്ച താരത്തിനുള്ള കേരള ഫുട്‌ബോള്‍ അസോസിയേഷന്റെ പുരസ്‌കാരം ഈ ഇരുപത്തിയൊന്നുകാരിക്കാണ് ലഭിച്ചത്. മിസാക യുനൈറ്റഡ്, ട്രാവന്‍കൂര്‍ റോയല്‍സ്, കെംപ്, കേരള ബ്ലാസ്റ്റേഴ്സ്, സേതു എഫ്‌സി എന്നീ ടീമുകളില്‍ കളിച്ചിട്ടുണ്ട്. ഭാരത പുരുഷ ടീമിന് മുന്‍പ് വനിതാ ടീം ലോകകപ്പ് യോഗ്യത നേടിയേക്കുമെന്ന വിലയിരുത്തലിന്റെ കൂടി അടിസ്ഥാനത്തിലാണ് വിംസിയുടെ പേരിലുള്ള പുരസ്‌കാരം ഉദിച്ചു വരുന്ന ഒരു വനിതാ ഫുട്ബാളര്‍ക്ക് നല്‍കുന്നതെന്ന് ജൂറി വിലയിരുത്തി.









