
കൊച്ചി: സൂപ്പര്‍ ലീഗ് കേരളയിലെ ആറാം റൗണ്ട് മത്സരങ്ങള്‍ ഇന്ന് മുതല്‍. കൊച്ചി മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ കാലിക്കറ്റ് എഫ്സി ഫോഴ്സ കൊച്ചിയുമായി ഏറ്റുമുട്ടും.
അഞ്ച് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ എട്ട് പോയിന്റുമായി കാലിക്കറ്റ് എഫ്സി നാലാം സ്ഥാനത്താണ്. അതേസമയം അഞ്ച് കളികളും തോറ്റ ഫോഴ്സ കൊച്ചിക്ക് ഇതുവരെ ഒരു പോയിന്റുമില്ല. ഈ സീസണിലെ ഉദ്ഘാടന മത്സരത്തില്‍ ഇരുടീമുകളും കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ വിജയം 2-1ന്റെ വിജയം കാലിക്കറ്റ് എഫ്സിക്കൊപ്പമായിരുന്നു.
പരിക്കിന്റെ പിടിയിലായ താരങ്ങള്‍ക്ക് പകരം പുതിയ താരങ്ങളെ ഉള്‍പ്പെടുത്തിയാണ് ഫോഴ്സ ഇന്നത്തെ പോരാട്ടത്തിനിറങ്ങുന്നത്. ഉഗാണ്ടന്‍ സ്ട്രൈക്കര്‍ അമോസ്, മധ്യനിര താരം സ്പെയിനില്‍ നിന്നുള്ള മാര്‍ക് വര്‍ഗസ്, പ്രതിരോധത്തില്‍ എന്‍ട്രികെ, വിങ്ങറായി അണ്ടര്‍ 23 താരം അഭിത് എന്നിവരാണ് ടീമില്‍ പുതുതായി എത്തിയത്. മികച്ച താരങ്ങള്‍ ടീമിനൊപ്പമുണ്ടെങ്കിലും ഗോളടിക്കാന്‍ സ്ട്രൈക്കര്‍മാര്‍ക്ക് കഴിയുന്നില്ല എന്നതാണ് ഫോഴ്സ കൊച്ചിയെ ബുദ്ധിമുട്ടിലാക്കുന്നത്. കൊച്ചിയില്‍ നടന്ന കഴിഞ്ഞ കളിയില്‍ മലപ്പുറം എഫ്സിയോട് ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ഫോഴ്സ കൊച്ചി തോറ്റത്. ഇന്നത്തെ മത്സരം അവര്‍ക്ക് അതിജീവനത്തിന്റെ പോരാട്ടമാണ്. അവരുടെ സെമി സാധ്യതകള്‍ ഏറെക്കുറെ അവസാനിച്ചെങ്കിലും ഒരു സമനിലയെങ്കിലും സ്വന്തമാക്കി പോയിന്റ് പട്ടികയില്‍ അക്കൗണ്ട് തുറക്കുക എന്നതാണ് അവരുടെ സ്വപ്നം.
മറുവശത്ത് കാലിക്കറ്റ് എഫ്സി തികഞ്ഞ ആത്മവിശ്വാസത്തിലാണ്. തിരുവനന്തപുരം കൊമ്പന്‍സിനെ അവസാന മത്സരത്തില്‍ പരാജയപ്പെടുത്താന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് അവര്‍. എന്നാല്‍ കളിയുടെ അവസാന മിനിറ്റുകളില്‍ എതിര്‍ താരങ്ങളുടെ പ്രസ്സിങ് ഗെയിമിന് മുന്നില്‍ പ്രതിരോധം തകരുകയും ഗോള്‍ വഴങ്ങുകയും ചെയ്യുന്നതാണ് ചില മത്സരങ്ങളില്‍ കണ്ടത്. കണ്ണൂര്‍ വാരിയേഴ്സിനെതിരായ കളിയില്‍ ചുകപ്പുകാര്‍ഡ് കണ്ട് കഴിഞ്ഞ കളിയില്‍ കളിക്കാന്‍ കഴിയാതിരുന്ന മുഹമ്മദ് ആസിഫ് ഇന്ന് ഇറങ്ങുമെന്നാണ് സൂചന. ആസിഫിന്റെ മടങ്ങിവരവ് കാലിക്കറ്റിന് ഗുണം ചെയ്യും. കഴിഞ്ഞ രണ്ട് കളിയില്‍ കളിയിലെ താരമായ നായകന്‍ പ്രശാന്തിന്റെ മികച്ച ഫോം കാലിക്കറ്റിന് അനുകൂലമാണ്. ഇരുവിങ്ങുകളില്‍ക്കൂടിയും ശരവേഗം കണക്കെ എതിര്‍ പ്രതിരോധം ഭേദിച്ച് നിരവധി അവസരങ്ങള്‍ ഒരുക്കിനല്‍കാന്‍ പ്രശാന്തിന് കഴിഞ്ഞിരുന്നു. റിച്ചാര്‍ഡ് നയിക്കുന്ന പ്രതിരോധവും മധ്യനിരയില്‍ ജോനാഥന്‍ പെരേര, ഫെഡ്രികോ, മുന്നേറ്റത്തില്‍ പ്രശാന്തിനൊപ്പം മുഹമ്മദ് അജ്സലും മിന്നിയാല്‍ കൊച്ചിയിലും ഇന്ന് വിജയം കാലിക്കറ്റ് എഫ്സിക്ക് സ്വന്തമാക്കാന്‍ കഴിഞ്ഞേക്കും. അതേസമയം കാലിക്കറ്റിന്റെ കരുത്തുറ്റ താരനിരയെ പിടിച്ചുകെട്ടുന്നതില്‍ ഫോഴ്സ പ്രതിരോധം എത്രത്തോളം വിജയിക്കുമെന്നതിനെ ആശ്രയിച്ചിരിക്കും മത്സരഫലം. ഇന്ന കാലിക്കറ്റിനെതിരെ കളിക്കാനിറങ്ങുമ്പോള്‍ ഫോഴ്സയ്‌ക്ക് ഒരു ലക്ഷ്യം കൂടിയുണ്ട്. ഈ സീസണിലെ ഉദ്ഘാടന മത്സരത്തില്‍ 2-1ന്റെ പരാജയത്തിന് കണക്കുതീര്‍ക്കുക എന്നതാണത്.









