
തിരുവനന്തപുരം: എം.ഡി. നിധീഷിന്റെ തകര്‍പ്പന്‍ ബൗളിങ്ങിന്റെ ബലത്തില്‍ സൗരാഷ്‌ട്രയ്‌ക്കെതിരായ രഞ്ജി ക്രിക്കറ്റിന്റെ ആദ്യ ദിനം കേരളം ശക്തമായ നിലയില്‍. സൗരാഷ്‌ട്രയുടെ ആദ്യ ഇന്നിങ്‌സ് 160 റണ്‍സില്‍ അവസാനിച്ചു. മറുപടി ബാറ്റിങ് ആരംഭിച്ച കേരളം രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 82 റണ്‍സെടുത്തു.
ടോസ് നേടി സൗരാഷ്‌ട്രയെ ആദ്യം ബാറ്റ് ചെയ്യാനയച്ച കേരളത്തിന് ബൗളര്‍മാര്‍ ഉജ്ജ്വല തുടക്കം സമ്മാനിച്ചു. സൗരാഷ്‌ട്ര അക്കൗണ്ട് തുറക്കും മുന്‍പെ ആദ്യ വിക്കറ്റ് വീഴ്‌ത്തി ആധിപത്യം തുടങ്ങി. ആദ്യ ഓവറിലെ അഞ്ചാം പന്തില്‍ ഹാര്‍വിക് ദേശായിയെ പുറത്താക്കി നിധീഷ് വിക്കറ്റ് വേട്ടയ്‌ക്ക് തുടക്കമിട്ടു. ഏഴാം ഓവറില്‍ തുടരെയുള്ള പന്തുകളില്‍ ചിരാഗ് ജാനിയെയും(അഞ്ച്) അര്‍പ്പിത് വസവദയെയും(പൂജ്യം) പുറത്താക്കി നിധീഷ് വീണ്ടും പ്രഹരമേല്‍പിച്ചു. ഇതോടെ മൂന്ന് വിക്കറ്റിന് ഏഴ് റണ്‍സെന്ന നിലയിലായ സൗരാഷ്‌ട്രയെ ജയ് ഗോഹിലും പ്രേരക് മങ്കാദും ചേര്‍ന്ന നാലാം വിക്കറ്റ് കൂട്ടുകെട്ടാണ് കരകയറ്റിയത് . ഇരുവരും ചേര്‍ന്ന് 69 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.
ഉച്ചഭക്ഷണത്തിന് തൊട്ടു മുന്‍പ് പ്രേരക് മങ്കാദിനെ(13) പുറത്താക്കി നിധീഷ് വീണ്ടും കേരളത്തിന് ബ്രേക്ക് ത്രൂ നല്‍കി. അടുത്ത ഓവറില്‍ അന്‍ഷ് ഗോസായിയെയും(ഒന്ന്) ക്യാപ്റ്റന്‍ മുഹമ്മദ് അസറുദ്ദീന്റെ കൈകളിലെത്തിച്ച് നിധീഷ് അഞ്ച് വിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കി. മറുവശത്ത് ഉറച്ച് നിന്ന ജയ് ഗോഹില്‍ തുടര്‍ന്നെത്തിയ ഗജ്ജര്‍ സമ്മാറുമായി ചേര്‍ന്ന് ഇന്നിങ്‌സ് മുന്നോട്ടു നീക്കി. ഇരുവരും ചേര്‍ന്ന് 41 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ 84 റണ്‍സെടുത്ത ജയ് ഗോഹിലിനെ ഏദന്‍ ആപ്പിള്‍ ടോം പുറത്താക്കിയതോടെ സൗരാഷ്‌ട്രയുടെ ഇന്നിങ്‌സ് വീണ്ടും തകര്‍ച്ചയിലേക്ക് നീങ്ങി. 23 റണ്‍സെടുത്ത ഗജ്ജറിനെയും 11 റണ്‍സെടുത്ത ധര്‍മ്മേന്ദ്ര സിങ് ജഡേജയെയും ഒരു റണ്ണെടുത്ത ഹിതന്‍ കാംബിയെയും പുറത്താക്കി ബാബ അപരാജിത് സൗരാഷ്‌ട്രയുടെ ചെറുത്തുനില്‍പ്പ് അവസാനിപ്പിച്ചു. ക്യാപ്റ്റന്‍ ജയ്‌ദേവ് ഉനദ്ഘട്ടിനെ കൂടി പുറത്താക്കി നിധീഷ് വിക്കറ്റ് നേട്ടം ആറായി ഉയര്‍ത്തി. കേരളത്തിനായി ബാബ അപരാജിത് മൂന്നും ഏദന്‍ ആപ്പിള്‍ ടോം ഒരു വിക്കറ്റും വീഴ്‌ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് രോഹന്‍ കുന്നുമ്മലും എ കെ ആകര്‍ഷും ചേര്‍ന്നാണ് ഇന്നിങ്‌സ് തുറന്നത്. ഇരുവരും ചേര്‍ന്നുള്ള ഓപ്പണിങ് കൂട്ടുകെട്ടില്‍ 61 റണ്‍സ് പിറന്നു. രോഹന്‍ കുന്നുമ്മല്‍ ഏകദിന ശൈലിയില്‍ ബാറ്റ് വീശിയതോടെ അതിവേഗത്തിലാണ് കേരളത്തിന്റെ ഇന്നിങ്‌സ് മുന്നോട്ടു നീങ്ങിയത്. ആദ്യ ദിവസത്തെ കളി അവസാനത്തോട് അടുക്കെ ആകര്‍ഷിന്റെയും(18) സച്ചിന്‍ ബേബിയുടെയും(ഒന്ന്) വിക്കറ്റുകള്‍ കേരളത്തിന് നഷ്ടമായി. ഹിതെന്‍ കാംബിയാണ് രണ്ട് പേരെയും പുറത്താക്കിയത്. ഒന്നാം ദിവസത്തെ മത്സരം അവസാനിപ്പിക്കുമ്പോള്‍ 59 റണ്‍സുമായി രോഹന്‍ കുന്നുമ്മലും രണ്ട് റണ്‍സെടുത്ത് അഹ്‌മദ് ഇമ്രാനും ആണ് ക്രീസില്‍.









