യാത്രകൾ ഇഷ്ടപ്പെടുന്നവരാണോ നിങ്ങൾ? പ്രായമായില്ലേ എന്നു കരുതി യാത്രചെയ്യാനുള്ള ഇഷ്ടങ്ങളെല്ലാം മനസ്സിലൊതുക്കി ജീവിക്കേണ്ട. പ്രായമായവർ വിനോദയാത്രകൾ ഒഴിവാക്കേണ്ട കാര്യവുമില്ല. പ്രായമായവരുടെ വിനോദയാത്രകൾ ജീവിതത്തിന് ഉണർവും സന്തോഷവും നൽകുന്ന പ്രധാന ഘടകങ്ങളിലൊന്നാണ്. ശ്രദ്ധയോടെയും കരുതലോടെയും കൃത്യമായി ആസൂത്രണം ചെയ്ത് യാത്രക്ക് ഒരുങ്ങിയാൽ ഏതു യാത്രയും സുഖകരമാകും.
ശ്രദ്ധിക്കേണ്ട കുറേ കാര്യങ്ങൾകൂടി യാത്രക്കൊരുങ്ങുമ്പോൾ മനസ്സിലാക്കിവെക്കണം. ആരോഗ്യത്തിനും സൗകര്യങ്ങൾക്കും പ്രഥമ പരിഗണന നൽകുക എന്നതുതന്നെയാണ് ആദ്യകാര്യം. ഇനി പറയുന്ന 10 കാര്യങ്ങൾ ശ്രദ്ധിക്കാൻ തയാറാണെങ്കിൽ യാത്രക്ക് ഒരുങ്ങിക്കോളൂ.
ആരോഗ്യപരിശോധനയും മരുന്നുകളും
പ്രധാനപ്പെട്ട കാര്യം ആരോഗ്യംതന്നെയാണ്. യാത്രക്കുമുമ്പ് ഡോക്ടറെ കണ്ട് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്ന് ഉറപ്പാക്കണം. എത്രദിവസമാണ് യാത്ര എന്ന് ഡോക്ടറെ മുൻകൂട്ടി അറിയിക്കണം. ആവശ്യമായ മരുന്നുകൾ, ഡോക്ടറുടെ കുറിപ്പടി, ആരോഗ്യ ഇൻഷുറൻസ് രേഖകൾ എന്നിവയെല്ലാം കൈവശംവെക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
താമസം മെച്ചപ്പെട്ടതാക്കാം
പ്രായമാകുമ്പോൾ യാത്രയിൽ മെച്ചപ്പെട്ട താമസം ഉറപ്പാക്കൽ പ്രധാനമാണ്. ലിഫ്റ്റ്, നടക്കാൻ സ്ഥലങ്ങൾ, കൈവരികളോടുകൂടിയ ശൗചാലയം, എളുപ്പത്തിൽ ടൗണിലും മറ്റും എത്തിച്ചേരാനുള്ള സൗകര്യം, സുരക്ഷ എന്നിവയെല്ലാം ഉറപ്പാക്കുന്ന താമസസൗകര്യങ്ങൾ വേണം യാത്രകളിൽ തെരഞ്ഞെടുക്കാൻ.
വേഗം അൽപം കുറക്കാം
പണ്ട് ഒന്നുരണ്ടു ദിവസംകൊണ്ട് ഒരുപാട് സ്ഥലങ്ങളിലേക്ക് വിശ്രമമില്ലാതെ യാത്രചെയ്തിട്ടുണ്ടാവും. എന്നാൽ, ഇനി അങ്ങനെ വേണ്ട. യാത്രാവേഗം അൽപം കുറക്കുന്നതാണ് നല്ലത്. തിരക്കിട്ടുള്ള യാത്രകൾ ഒഴിവാക്കുക. യാത്ര മുൻകൂട്ടി തീരുമാനിക്കണം. ഓരോ ദിവസവും മതിയായ വിശ്രമം ലഭിക്കുന്നുണ്ടെന്നും കാഴ്ചകൾ കാണാൻ ആവശ്യത്തിന് സമയമുണ്ടെന്നും ഉറപ്പുവരുത്തുക.
സ്ഥലങ്ങൾ
പ്രായത്തിന് അനുയോജ്യമായതും അധികം ബുദ്ധിമുട്ടില്ലാത്തതുമായ സ്ഥലങ്ങൾ വേണം യാത്രക്കായി തെരഞ്ഞെടുക്കാൻ. കുന്നിൻ പ്രദേശങ്ങളും മലകയറിയുള്ള യാത്രകളും ആരോഗ്യകരമായി അത്ര ഫിറ്റാണെങ്കിൽ മാത്രമേ തെരഞ്ഞെടുക്കാവൂ.
യാത്രാമാർഗങ്ങൾ
സ്വയം ഡ്രൈവ് ചെയ്തുള്ള യാത്രകൾ പരമാവധി ഒഴിവാക്കാം. വിമാനത്തിലോ ട്രെയിനിലോ ആണെങ്കിൽ എളുപ്പത്തിൽ കയറാനും ഇറങ്ങാനും കഴിയുന്ന സീറ്റുകൾ തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. മുൻകൂട്ടി ബുക്ക് ചെയ്താൽ അതിന് അധികം പ്രയാസമുണ്ടാവില്ല.
ആഹാരത്തിൽ ശ്രദ്ധവേണം
പലനാടുകളിൽ പലരീതിയിലുള്ള ഭക്ഷണങ്ങളാകും ഉണ്ടാവുക. എല്ലാം രുചിച്ചുനോക്കുന്നതിൽ തെറ്റൊന്നുമില്ല. എന്നാൽ, കൂടുതലായി വീട്ടിൽ കഴിക്കുന്നതിന് സമാനമായ, ദഹിക്കാൻ എളുപ്പമുള്ളതുമായ ഭക്ഷണസാധനങ്ങൾ കഴിക്കാൻ ശ്രദ്ധിക്കണം. പുതിയ ഭക്ഷണ പരീക്ഷണങ്ങൾ യാത്രകളിൽ ഒഴിവാക്കുന്നതാണ് നല്ലത്.
കൂട്ട് വേണം
ഒറ്റക്കുള്ള യാത്ര ഇഷ്ടപ്പെടുന്നവർ ഏറെയുണ്ടാകും. എങ്കിലും കഴിയുന്നതും കൂടെ ഒരാളെങ്കിലുമുള്ള യാത്ര തെരഞ്ഞെടുക്കുന്നതാകും കൂടുതൽ ഉചിതം. നമ്മുടെ ടേസ്റ്റുകളെല്ലാമറിയുന്ന, നമ്മൾയാത്രചെയ്യാനുദ്ദേശിക്കുന്ന സ്ഥലങ്ങൾ ഇഷ്ടപ്പെടുന്ന ഒരാളെങ്കിൽ യാത്ര വൈബാകും.
രേഖകൾ കരുതാം
പാസ്‌പോർട്ട്, തിരിച്ചറിയൽ കാർഡ്, പ്രധാനപ്പെട്ട ഫോൺ നമ്പറുകൾ എന്നിവയുടെ പകർപ്പുകൾ യാത്രയിൽ കൈയിലുണ്ടാകണം. കഴിയുമെങ്കിൽ യാത്രചെയ്യാനിരിക്കുന്ന സ്ഥലങ്ങളുടെ വിവരങ്ങളും സൂക്ഷിക്കാം. പണവും വിലപിടിപ്പുള്ള വസ്തുക്കളും സുരക്ഷിതമായി വെക്കാനും ശ്രദ്ധിക്കണം. യാത്രകളിലാണ് ഏറ്റവും കൂടുതൽ മോഷണങ്ങളും മറ്റും നടക്കുക.
വെള്ളംകുടി നിർബന്ധം
ധാരാളം വെള്ളം കുടിക്കുക എന്നതാണ് യാത്രകൾ സുഗമമാക്കാൻ ചെയ്യേണ്ട പ്രധാന കാര്യം. മിക്കവരും നിർജലീകരണം മൂലം യാത്രകളിൽ പല പ്രയാസങ്ങളും അനുഭവപ്പെടുന്നവരാണ്. കൈയിൽ എപ്പോഴും വെള്ളക്കുപ്പി കരുതാം. കഴിയുന്നതും തിളപ്പിച്ചാറിയതോ, ഫിൽറ്റർ ചെയ്തതോ ആയ വെള്ളം ഉപയോഗിക്കാൻ ശ്രദ്ധിക്കുക. നടക്കാൻ എളുപ്പമുള്ള പാദരക്ഷകളും കാലാവസ്ഥക്ക് അനുയോജ്യമായ വസ്ത്രങ്ങളും കരുതുക.
സ്മാർട്ടാവാം
മറ്റുള്ളവർക്ക് എളുപ്പത്തിൽ ബന്ധപ്പെടാനും ലൊക്കേഷൻ പങ്കുവെക്കാനും കഴിയുന്ന മൊബൈൽ ഫോൺ അല്ലെങ്കിൽ സ്മാർട്ട് വാച്ച് കൈയിൽ കരുതുന്നത് നല്ലതാണ്. യാത്രയിൽ മിക്കവരും ഇതൊന്നും ശ്രദ്ധിക്കാറില്ലെങ്കിലും വീട്ടിൽ ഉള്ളവരുടെ ടെൻഷൻകൂടി കണക്കിലെടുക്കുന്നതാണല്ലോ നല്ലത്.
പ്രായമായവർക്ക് വിനോദയാത്രകൾ നൽകുന്ന ഗുണങ്ങൾ ചെറുതൊന്നുമല്ല. പുതിയ കാഴ്ചകളും അനുഭവങ്ങളും മനസ്സിന് സന്തോഷവും ഉന്മേഷവും നൽകും. ഇതു വിഷാദം പോലുള്ള പ്രശ്നങ്ങൾ കുറക്കാൻ സഹായിക്കും. കുടുംബാംഗങ്ങളുമായോ സുഹൃത്തുക്കളുമായോ യാത്ര ചെയ്യുമ്പോൾ ബന്ധങ്ങൾ ശക്തിപ്പെടുത്താനും ഏകാന്തതയിൽനിന്ന് രക്ഷനേടാനും അതു കാരണമാകും.
പുതിയ കാര്യങ്ങൾ കാണുകയും പഠിക്കുകയും ചെയ്യുന്നത് തലച്ചോറിനെ സജീവമായി നിലനിർത്തുകയും ചെയ്യും. അതുകൊണ്ട് പ്രായം വിട്ടേക്കൂ, യാത്രകൾ തുടരൂ…









