
പനജി: ഗോവയിലെ ഫിഡെ ചെസ് ലോകകപ്പില്‍ മൂന്നാം റൗണ്ടിലെ മത്സരത്തില്‍ ചെസ് ലോകചാമ്പ്യന്‍ കൂടിയായ ഇന്ത്യയുടെ ഡി. ഗുകേഷ് തോറ്റ് പുറത്തായി. ജര്‍മ്മനിയുടെ യുവചെസ് താരം, 21 കാരനായ ഫ്രെഡറിക് സ്വെയിന്‍ ആണ് ഗുകേഷിനെ തോല്‍പിച്ചത്.
ഗുകേഷ് ലോക ചാമ്പ്യനും ലോക റാങ്കില്‍ ഒമ്പതാം സ്ഥാനത്ത് നില്‍ക്കുന്ന താരവുമാണ്. ലോകറാങ്കില്‍ 85ാം സ്ഥാനക്കാരന്‍ മാത്രമാണ് ഫ്രെഡറിക് സ്വെയിന്‍. ഫ്രെഡറിക് സ്വെയിന്‍. നാലാം വയസ്സില്‍ ചെസ്സില്‍ എത്തിപ്പെട്ട ഫ്രെഡറിക് സ്വെയിന്‍ ചെസ് കുടുംബത്തില്‍ നിന്നാണ് വരുന്നത്. ഫ്രെഡറിക്കിന്റെ സഹോദരന്‍ റസ്മസ് സ്വെയിനും ഗ്രാന്‍റ് മാസ്റ്ററാണ്.
ലോക ചെസ് ചാമ്പ്യനായതിന് ശേഷം ഗുകേഷ് ഫോം നഷ്ടപ്പെട്ടനിലയിലാണ്. പല ടൂര്‍ണ്ണമെന്‍റുകളിലും തുടര്‍ച്ചയായി തോല്‍വികള്‍ പിണയുന്നു. അതിന്റെ തുടര്‍ച്ചയാണ് ഗോവയിലും കണ്ടത്. ആദ്യ റൗണ്ട് ക്ലാസിക്കല്‍ ഗെയിമുകളില്‍ തന്നെ ഫ്രെഡറിക് സ്വെയിന്‍ ഗുകേഷിനെ തറപറ്റിച്ചു. ആദ്യ റൗണ്ട് സമനിലയില്‍ പിരിഞ്ഞു. രണ്ടാം ഗെയിമില്‍ ഫ്രെഡറിക് സ്വെയിന്‍ ജയിക്കുകയായിരുന്നു. കുതിരയും (നൈറ്റ്) കാലാളും (പോണ്‍) ഉള്‍പ്പെടുന്ന എന്‍ഡ് ഗെയിമില്‍ നിവൃത്തിയില്ലാതെ ഗുകേഷ് തോല്‍വി സമ്മതിക്കുകയായിരുന്നു. പൊതുവേ കൂടുതല്‍ സമയം അനുവദിക്കുന്ന ക്ലാസിക്കല്‍ ഗെയിമില്‍ വിദഗ്ധനായിട്ട് കൂടി ഗുകേഷ് തോല്‍വി ഏറ്റുവാങ്ങുകയായിരുന്നു.
ജര്‍മ്മന്‍താരങ്ങളുടെ അസാധാരണമുന്നേറ്റമാണ് ഗോവയില്‍ കാണുന്നത്. വിന്‍സെന്‍റ് കെയ്‌മര്‍, അലക്സാണ്ടര്‍ ഡോണ്‍ ചെങ്കോ എന്നിവരും വിജയിച്ചിട്ടുണ്ട്. 206 പേര്‍ മത്സരത്തിനുള്ള ഈ ടൂര്‍ണ്ണമെന്‍റില്‍ തോല്‍ക്കുന്നയാള്‍ പുറത്താവുന്ന നോക്കൗട്ട് ശൈലിയാണ് പിന്തുടരുന്നത്. 20 ലക്ഷം ഡോളര്‍ ആണ് ആകെ സമ്മാനത്തുക. ചാമ്പ്യനാകുന്ന ആള്‍ക്ക് 1,20,000 ഡോളര്‍ ലഭിക്കും. രണ്ടാം സ്ഥാനക്കാരന് 85000 ഡോളര്‍ ലഭിക്കും.
ഈ ടൂര്‍ണ്ണമെന്‍റില്‍ ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് ലോകചെസ് ചാമ്പ്യനെ നേരിടാനുള്ള കാന്‍ഡിഡേറ്റ്സ് ടൂര്‍ണ്ണമെന്‍റില്‍ പങ്കെടുക്കാനാകും എന്നതാണ് ആകര്‍ഷണം. അതിനാല്‍ മിക്ക ലോകതാരങ്ങളും പങ്കെടുക്കുന്നുണ്ട്. പക്ഷെ വലിയ താരങ്ങളെല്ലാം തോറ്റ് പുറത്താകുന്നതാണ് കഴിഞ്ഞ ദിവസം കണ്ടത്. അമേരിക്കയുടെ വെസ്ലി സോ (ലോക എട്ടാം റാങ്കുള്ള താരം) റഷ്യയുടെ ഇയാന്‍ നെപോമ്നെഷി (ലോക 19ാം റാങ്ക്), അമേരിക്കയുടെ ഹാന്‍സ് നീമാന്‍ (ലോക 20ാം റാങ്കുള്ള താരം), എന്നിവരെല്ലാം തോറ്റ് പുറത്തായി.
ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദിന്റെ പേരിലാണ് ഈ ടൂര്‍ണ്ണമെന്‍റിലെ ട്രോഫി നല്‍കുന്നത്. ഇതുവഴി ഇന്ത്യന്‍ ചെസ്സിന്റെപിതാവായ വിശ്വനാഥന്‍ ആനന്ദിനെ ആദരിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. 2002ല്‍ ഹൈദരാബാദില്‍ ഒരു ലോകചെസ് ടൂര്‍ണ്ണമെന്‍റ് നടന്നതിന് ശേഷം 23 വര്‍ഷത്തെ ഇടവേളയില്‍ വീണ്ടും ഒരു ലോകചെസ് മത്സരം ഗോവയില്‍ തിരിച്ചെത്തുകയാണ്. ഇന്ത്യയെ ആഗോള ചെസ് ശക്തിയാക്കുമെന്ന് പ്രധാനമന്ത്രി ടൂര്‍ണ്ണമെന്‍റ് ഉദ്ഘാടനം ചെയ്യവേ പ്രഖ്യാപിച്ചിരുന്നു.









