
ഗോവ: ഗോവയിലെ ഫിഡെ ചെസ് ലോകകപ്പില്‍ 2700ന് മേല്‍ റേറ്റിംഗുള്ള വമ്പന്‍ താരനിരകള്‍ വീഴുകയാണ്. ഏറ്റവുമൊടുവില്‍ ഒരു പിടി ലോകതാരങ്ങളാണ് വീണത്. ലോക ലൈവ് റാങ്കില്‍ 18ാമത് നില്‍ക്കുന്ന അനീഷ് ഗിരി നെതര്‍ലാന്‍റിലെ ഒന്നാം റാങ്കുകാരനാണ്. ക്ലാസിക്കല്‍ ചെസ്സില്‍ അഞ്ചാം റാങ്കുകാരനായിരുന്നു. 2769 റേറ്റിംഗും ഉള്ള ഡച്ച് താരം അനീഷ് ഗിരി തോറ്റുപുറത്തായത് ഞെട്ടിപ്പിക്കുന്ന വാര്‍ത്തയായിരുന്നു.
ജര്‍മ്മന്‍ താരം അലക്സാണ്ടര്‍ ഡോവ് ചെങ്കോയാണ് അനീഷ് ഗിരിയെ അട്ടിമറിച്ചത്. ഉസ്ബെക്കിസ്ഥാനിലെ ഒന്നാം നമ്പര്‍ താരവും ഫിഡെ ലോക റാങ്കിങ്ങളില്‍ 12ാം റാങ്കുകാരനുമാണ് നോഡിര്‍ബെക്ക് അബ്ദുസത്തൊറോവ്. വെറും 26 വയസ്സുള്ള മെക്സിക്കോയുടെ ജോസ് മാര്‍ടിനെസാണ് നോഡിര്‍ബെക്കിനെ തോല്‍പിച്ചത്.
അസര്‍ബൈജാന്റെ ഷക്രിയാര്‍ മമെഡ്യറൊവും തോറ്റു പുറത്തായി. സ്വീഡന്റെ നീല്‍സ് ഗ്രാന്റെഡിയസ് ആണ് ഷക്രിയാറിനെ തോല്‍പിച്ചത്. സ്ലൊവേനിയയുടെ പരിചയസമ്പന്നനായചെസ് താരം വ്ളാഡിമിര്‍ ഫിഡൊസീവും തോല്‍വിയുടെ രുചിയറിഞ്ഞു. പോളണ്ടിന്റെ റാഡൊസ്ലാവ് വോടെസക് ആണ് ഫിഡൊസീവിനെ കെട്ടുകെട്ടിച്ചത്.
നേരത്തെ അമേരിക്കയുടെ വെസ്ലി സോ (ലോക എട്ടാം റാങ്കുള്ള താരം) റഷ്യയുടെ ഇയാന്‍ നെപോമ്നെഷി (ലോക 19ാം റാങ്ക്), അമേരിക്കയുടെ ഹാന്‍സ് നീമാന്‍ (ലോക 20ാം റാങ്കുള്ള താരം), എന്നിവരെല്ലാം തോറ്റ് പുറത്തായിരുന്നു. ഇപ്പോഴത്തെ ലോക ചെസ് ചാമ്പ്യനും ലോക റാങ്കിങ്ങില്‍ ഒമ്പതാമനുമായ ഗുകേഷും തോറ്റു പുറത്തായി.
206 പേര്‍ മത്സരത്തിനുള്ള ഈ ടൂര്‍ണ്ണമെന്‍റില്‍ തോല്‍ക്കുന്നയാള്‍ പുറത്താവുന്ന നോക്കൗട്ട് ശൈലിയാണ് പിന്തുടരുന്നത്. 20 ലക്ഷം ഡോളര്‍ ആണ് ആകെ സമ്മാനത്തുക. ചാമ്പ്യനാകുന്ന ആള്‍ക്ക് 1,20,000 ഡോളര്‍ ലഭിക്കും. രണ്ടാം സ്ഥാനക്കാരന് 85000 ഡോളര്‍ ലഭിക്കും.
ഈ ടൂര്‍ണ്ണമെന്‍റില്‍ ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് ലോകചെസ് ചാമ്പ്യനെ നേരിടാനുള്ള കാന്‍ഡിഡേറ്റ്സ് ടൂര്‍ണ്ണമെന്‍റില്‍ പങ്കെടുക്കാനാകും എന്നതാണ് ആകര്‍ഷണം. അതിനാല്‍ മിക്ക ലോകതാരങ്ങളും പങ്കെടുക്കുന്നുണ്ട്. പക്ഷെ വലിയ താരങ്ങളെല്ലാം തോറ്റ് പുറത്താകുന്നതാണ് കഴിഞ്ഞ ദിവസം കണ്ടത്. അമേരിക്കയുടെ വെസ്ലി സോ (ലോക എട്ടാം റാങ്കുള്ള താരം) റഷ്യയുടെ ഇയാന്‍ നെപോമ്നെഷി (ലോക 19ാം റാങ്ക്), അമേരിക്കയുടെ ഹാന്‍സ് നീമാന്‍ (ലോക 20ാം റാങ്കുള്ള താരം), എന്നിവരെല്ലാം തോറ്റ് പുറത്തായി.
ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദിന്റെ പേരിലാണ് ഈ ടൂര്‍ണ്ണമെന്‍റിലെ ട്രോഫി നല്‍കുന്നത്. ഇതുവഴി ഇന്ത്യന്‍ ചെസ്സിന്റെപിതാവായ വിശ്വനാഥന്‍ ആനന്ദിനെ ആദരിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. 2002ല്‍ ഹൈദരാബാദില്‍ ഒരു ലോകചെസ് ടൂര്‍ണ്ണമെന്‍റ് നടന്നതിന് ശേഷം 23 വര്‍ഷത്തെ ഇടവേളയില്‍ വീണ്ടും ഒരു ലോകചെസ് മത്സരം ഗോവയില്‍ തിരിച്ചെത്തുകയാണ്. ഇന്ത്യയെ ആഗോള ചെസ് ശക്തിയാക്കുമെന്ന് പ്രധാനമന്ത്രി ടൂര്‍ണ്ണമെന്‍റ് ഉദ്ഘാടനം ചെയ്യവേ പ്രഖ്യാപിച്ചിരുന്നു.









