
പനജി: ഗോവയിലെ ഫിഡെ ചെസ് ലോകകപ്പില്‍ മൂന്നാം റൗണ്ടിലെ മത്സരത്തില്‍ പ്രജ്ഞാനന്ദ ജയിച്ചു. അര്‍മീനിയയുടെ ഗ്രാന്‍റ് മാസ്റ്റര്‍ റോബര്‍ട്ട് ഹോവ് ഹാസ്സിനിയനെയാണ് തോല്‍പിച്ചത്.
രണ്ട് ക്ലാസിക് ഗെയിമില്‍ ആദ്യമത്സരത്തില്‍ കറുത്തകരുക്കള്‍ ഉപയോഗിച്ച് പ്രജ്ഞാനന്ദ സമനില നേടി. രണ്ടാം മത്സരത്തില്‍ തന്ത്രപരമായ 27ാം നീക്കത്തിലൂടെ പ്രജ്ഞാനന്ദ വിജയത്തിലേക്ക് കുതിക്കുകയായിരുന്നു. പിന്നീട് രാജ്ഞിയും (ക്വീന്‍) തേരും (റൂക്ക്) ഉപയോഗിച്ച് കടുത്ത സമ്മര്‍ദ്ദം ചെലുത്തുകയായിരുന്നു പ്രജ്ഞാനന്ദ. ഒടുവില്‍ 42ാം നീക്കത്തില്‍ പ്രജ്ഞാനന്ദ വിജയം നേടി.
അര്‍ജുന്‍ എരിഗെയ്സിയും മൂന്നാം റൗണ്ടില്‍ വിജയം നേടി. ഇന്ത്യയുടെ പെന്‍റല ഹരികൃഷ്ണ അപാരഫോമിലാണ്. മൂന്നാം റൗണ്ടില്‍ ബെല്‍ജിയത്തിന്റെ ഗ്രാന്‍റ് മാസ്റ്റര്‍ ഡാനിയല്‍ ദര്‍ധയെയാണ് ഹരികൃഷ്ണ തോല്‍പിച്ചത്. ലോക ജൂനിയര്‍ ചാമ്പ്യനായ പ്രണവ് വി വിജയിച്ചു. ഗ്രാന്‍റ് മാസ്റ്റര്‍ പ്രണേഷ് എം. തോറ്റു പുറത്തായി. ജര്‍മ്മനിയുടെ വിന്‍സെന്‍റ് കെയ്‌മര്‍ ആണ് പ്രണേഷിനെ തോല്‍പിച്ചത്. ഏറെ പ്രതീക്ഷ പുലര്‍ത്തിയ ദീപ്തയാന്‍ ഘോഷും മൂന്നാം റൗണ്ടില്‍ വീണു. രണ്ടാം റൗണ്ടില്‍ ലോക 19ാം നമ്പര്‍ താരം റഷ്യയുടെ ഇയാന്‍ നെപോമ്നെഷിയെ തോല്‍പിച്ച് ഏറെ വാര്‍ത്ത സൃഷ്ടിച്ച താരമാണ്.
206 പേര്‍ മത്സരത്തിനുള്ള ഈ ടൂര്‍ണ്ണമെന്‍റില്‍ തോല്‍ക്കുന്നയാള്‍ പുറത്താവുന്ന നോക്കൗട്ട് ശൈലിയാണ് പിന്തുടരുന്നത്. 20 ലക്ഷം ഡോളര്‍ ആണ് ആകെ സമ്മാനത്തുക. ചാമ്പ്യനാകുന്ന ആള്‍ക്ക് 1,20,000 ഡോളര്‍ ലഭിക്കും. രണ്ടാം സ്ഥാനക്കാരന് 85000 ഡോളര്‍ ലഭിക്കും.
ഈ ടൂര്‍ണ്ണമെന്‍റില്‍ ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് ലോകചെസ് ചാമ്പ്യനെ നേരിടാനുള്ള കാന്‍ഡിഡേറ്റ്സ് ടൂര്‍ണ്ണമെന്‍റില്‍ പങ്കെടുക്കാനാകും എന്നതാണ് ആകര്‍ഷണം. അതിനാല്‍ മിക്ക ലോകതാരങ്ങളും പങ്കെടുക്കുന്നുണ്ട്. പക്ഷെ വലിയ താരങ്ങളെല്ലാം തോറ്റ് പുറത്താകുന്നതാണ് കഴിഞ്ഞ ദിവസം കണ്ടത്. അമേരിക്കയുടെ വെസ്ലി സോ (ലോക എട്ടാം റാങ്കുള്ള താരം) റഷ്യയുടെ ഇയാന്‍ നെപോമ്നെഷി (ലോക 19ാം റാങ്ക്), അമേരിക്കയുടെ ഹാന്‍സ് നീമാന്‍ (ലോക 20ാം റാങ്കുള്ള താരം), എന്നിവരെല്ലാം തോറ്റ് പുറത്തായി.
ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദിന്റെ പേരിലാണ് ഈ ടൂര്‍ണ്ണമെന്‍റിലെ ട്രോഫി നല്‍കുന്നത്. ഇതുവഴി ഇന്ത്യന്‍ ചെസ്സിന്റെപിതാവായ വിശ്വനാഥന്‍ ആനന്ദിനെ ആദരിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. 2002ല്‍ ഹൈദരാബാദില്‍ ഒരു ലോകചെസ് ടൂര്‍ണ്ണമെന്‍റ് നടന്നതിന് ശേഷം 23 വര്‍ഷത്തെ ഇടവേളയില്‍ വീണ്ടും ഒരു ലോകചെസ് മത്സരം ഗോവയില്‍ തിരിച്ചെത്തുകയാണ്. ഇന്ത്യയെ ആഗോള ചെസ് ശക്തിയാക്കുമെന്ന് പ്രധാനമന്ത്രി ടൂര്‍ണ്ണമെന്‍റ് ഉദ്ഘാടനം ചെയ്യവേ പ്രഖ്യാപിച്ചിരുന്നു.









