ഏഷ്യയെയും യുറോപ്പിനെയും ബന്ധിപ്പിക്കുന്ന മാന്ത്രിക മുദ്രയുള്ള മഹാ നഗരമായ ഇസ്താംബൂളിലേക്ക് യാത്ര ചെയ്യുക എന്നത് എക്കാലത്തെയും എന്റെ സ്വപ്നമായിരുന്നു. കുട്ടിക്കാലത്ത് യാത്രകളോട് വലിയ കമ്പമായിരുന്ന എന്റെ യാത്രാ സ്വപ്നങ്ങൾക്ക് ചിറകുകൾ നൽകിയത് സാമ്പത്തിക അഭയം നൽകിയ, വിസ്മയങ്ങൾക്ക് എന്നും വിരുന്നൊരുക്കുന്ന യു.എ.ഇയാണ്. സൂര്യനസ്തമിച്ചാൽ പോലും വെളിച്ചം നീളുന്ന ഇമാറാത്തിലെ പട്ടണങ്ങൾ ആഗ്രഹ സഫലീകരണത്തിന്റെ മഹാ നഗരങ്ങൾ കൂടിയാണ്. ലോകത്തെവിടേക്ക് പറക്കാനും ഇത് പോലെ അനുയോജ്യമായ മറ്റൊരു ഇടമുണ്ടാവില്ല.

യു.എ.ഇ താമസ വിസയുള്ളവർക്ക് നിരവധി രാജ്യങ്ങൾ വിസരഹിതമായി സന്ദർശിക്കാമെങ്കിലും ഇന്ത്യക്കാർക്ക് തുർക്കിയയിലേക്ക് മുൻകൂട്ടി വിസ സ്റ്റാമ്പ് ചെയ്യണം. 700 ദിർഹം നൽകിയാണ് വിസ കരസ്ഥമാക്കിയത്. കൂടെ മൂന്ന് സുഹൃത്തുക്കൾ ഉൾപ്പെടെ നാൽവർ സംഘമാണ് ഇസ്താംബൂളിലേക്ക് യാത്ര തിരിക്കുന്നത്. ഷാർജയിൽ നിന്നും പെഗാസസ് ഐർലൈനിലാണ് യാത്ര. അഞ്ചര മണിക്കൂർ യാത്രയാണ് തുർക്കിയിലേക്ക്. വെളുപ്പിന് നാല് മണിക്കാണ് വിമാനം പറന്നുയർന്നത്. നീണ്ട യാത്രക്കൊടുവിൽ മേഘത്തുണ്ടുകൾക്കിടയിലൂടെ ഇസ്താംബൂളിന്റെ മനോഹര കാഴ്ചകൾ ദൃശ്യമാകാൻ തുടങ്ങി. ഇസ്താംബൂളിനടുത്തുള്ള സബീഹാ ഇന്റർനാഷണൽ എയർപോർട്ടിൽ വിമാനം മുത്തമിടാൻ നിമിഷങ്ങൾ മാത്രമാണ് ബാക്കിയുള്ളതെന്ന് അറിയിപ്പ് വന്നു. മഴ മേഘങ്ങളെയും മഞ്ഞിനേയും കീറിമുറിച്ച് ചെറിയ ശബ്ദത്തോടെ സബീഹയിൽ സുരക്ഷിതമായി വിമാനം ലാൻഡ് ചെയ്തു.

മുൻകൂട്ടി വിസയടിച്ചതിനാൽ കാര്യങ്ങൾ എളുപ്പത്തിലാകുമെന്നായിരുന്നു ധാരണ. എന്നാൽ എമിഗ്രേഷൻ നടപടികൾ പൂർത്തീകരിക്കാൻ അൽപം സമയമെടുത്തു. പാസ്പോര്ട്ട് ചികഞ്ഞു പെറുക്കി ഒടുവിൽ എൻട്രി സ്റ്റാമ്പ് പതിപ്പിച്ച് ‘വെൽകം ടു തുർക്കി’ എന്ന് പറഞ്ഞപ്പോഴാണ് ആശ്വാസമായത്. പാസ്പോർട്ട് കോപ്പി കൊടുത്ത് സിംകാർഡ് എടുത്തു. നേരത്തെ ബുക്ക് ചെയ്ത റെന്റ് എ കാർ ഓഫീസാണ് അടുത്ത ലക്ഷ്യം. ഇന്റനാഷണൽ ലൈസെൻസും ക്രെഡിറ്റ് കാർഡും ആധാരമാക്കി നടപടികൾ പൂർത്തിയാക്കി വണ്ടി അനുവദിച്ചു. യു.എ.ഇയുടെ 160 ദിർഹമാണ് ദിവസ വാടക. ഗൂഗിൾ മാപ് നോക്കി ഹോട്ടലിലേക്ക് യാത്ര ആരംഭിച്ചു. പാതകൾ മനോഹരമായിരുന്നു. ഇസ്താംബൂളിന്റെ ഹൃദയ ഭാഗത്തായുള്ള ഹോട്ടലിലെത്തി. വണ്ടി നിർത്താൻ എല്ലായിടത്തും ഫീസ് നൽകണം. 15ലേറ മുതൽ മേലോട്ടാണ് നിരക്ക് ഈടാക്കുന്നത്. പ്രാതൽ കഴിച്ച് മുഴുവൻ ദിവസം വിശ്രമിച്ചു. അടുത്ത ദിവസം അതിരാവിലെ കാഴ്ചകൾ തേടിയിറങ്ങി. തണുത്തുറഞ്ഞ പുലരിയെ ചാറ്റൽ മഴ വരവേൽക്കുന്ന ഹൃദ്യമായ കാഴ്ച. ഇസ്താംബൂൾ ലോകത്തെ ഏഴാമത്തെ വലിയ നഗരമാണ്. ചരിത്രത്തിലുടനീളം പാശ്ചാത്യവും പൗരസ്ത്യവുമായ നിരവധി സംസ്കാരങ്ങൾ സമ്മേളിച്ച ഈ മഹാ നഗരത്തിലെ കാഴ്ചകൾ വിസ്മയിപ്പിക്കുന്നതാണ്.
ബ്ലൂ മോസ്ക്
ഇസ്തംബൂളിലെ ലോക പ്രസിദ്ധമായ ഒരു ചരിത്ര ശേഷിപ്പാണ് ബ്ലൂ മോസ്ക്. ഇസ്ലാമിക കലയും ആർക്കിടെക്ചറും ശോഭിച്ചുനിൽക്കുന്ന ഈ പള്ളി പണിതത് 1609 നും,1616നും ഇടയിലാണ്. ഓട്ടോമൻ സാമ്രാജ്യത്തിന്റെ മഹത്വം കാണിക്കാൻ സുൽത്താൻ അഹ്മദ് ഒന്നാമനാണ് മനോഹരമായ പള്ളി പണി കഴിപ്പിച്ചത്. സെദെഫ്കാർ മെഹ്മദ് ആഗാ എന്നയാൾക്കായിരുന്നു പള്ളിയുടെ നിർമ്മാണ ചുമതല. പള്ളിയുടെ അകത്തളങ്ങൾ 20,000ത്തിലധികം ടൈലുകളുപയോഗിച്ച് അലങ്കരിച്ചതിനാലാണ് പള്ളിക്ക് ബ്ലൂ മോസ്ക് എന്ന് പേര് വരാൻ കാരണം.
ഹയാ സോഫിയ
സുൽത്താൻ അഹ്മദ് മോസ്കിന് അഭിമുഖമായാണ് ഹയാ സോഫിയ നിലകൊള്ളുന്നത്. ക്രിസ്തുവർഷം 537ലാണ് ഇതിന്റെ നിർമ്മാണം ആരംഭിച്ചത്. ലോക ചരിത്രത്തിലെ ഏറ്റവും പ്രസിദ്ധവും അതുല്യവുമായ കെട്ടിടങ്ങളിൽ ഒന്നാണിത്. ക്രിസ്ത്യൻ പള്ളിയായി നിർമ്മിക്കപ്പെട്ട ഹയ സോഫിയ ഓട്ടോമൻ ഭരണകാലത്ത് മുസ്ലിം പള്ളിയായി പരിവർത്തിപ്പിക്കുകയായിരുന്നു. പിന്നീട് അത്താതുർക് ഇതിനെ മ്യൂസിയമാക്കി മാറ്റി. നിലവിൽ ഹയ സോഫിയ മുസ്ലിംപള്ളിയായും ലോക പ്രശസ്ത സഞ്ചാര കേന്ദ്രമായും അറിയപ്പെടുന്നു. ഹയ സോഫിയ, ബ്ലൂ മോസ്ക് പരിസരം വളരെ തിരക്കു പിടിച്ച ഒരിടമാണ്. ഇതിലൂടെ ട്രാമുകളുടെ തലങ്ങും വിലങ്ങുമുള്ള പാച്ചിലുകൾ നമ്മെ അത്ഭുതപ്പെടുത്തും. ഇത്രയധികം തിരക്കുകൾക്കിടയിലും വളരെയധികം വൃത്തിയിലാണ് റോഡുകളും തെരുവീഥികളും പരിപാലിക്കുന്നത് എന്നതും ശ്രദ്ധേയം.
ഗലാട്ട ടവർ-ഗ്രാൻഡ് ബസാർ
പിന്നീട് സന്ദർശിച്ചത് ഗലാട്ട ടവറാണ്. 1348ലാണ് ഗലാട്ട ടവർ നിർമ്മിച്ചത്. അക്കാലത്ത് രാജ്യ സുരക്ഷക്കായി നിർമിച്ചതാണ് ഈ ഗോപുരം. ഇന്ന് ഉയരത്തിൽ നിന്ന് ഇസ്തംബൂളിന്റെ മനോഹര കാഴ്ചകൾ കാണാൻ വേണ്ടിയാണ് ഈ ടവർ ഉപയോഗിക്കുന്നത്. ടിക്കറ്റ് എടുത്ത് മുകളിലെത്തിയാൽ മനോഹര കാഴ്ചകൾ കാണാം. അഞ്ച് ദിവസത്തേക്കാണ് ഞങ്ങളുടെ യാത്ര തിട്ടപ്പെടുത്തിയത്. ഗലാട്ട ടവർ സന്ദർശനം പൂർത്തിയാക്കി ഗ്രാൻഡ് ബസാറിലേക്കാണ് യാത്ര തിരിച്ചത്. മേൽക്കൂരയുള്ളതും, ലോകത്തിലെ ഏറ്റവും വലുതും പുരാതനവുമായ ഒരു ബസാറാണിത്. 61വ്യത്യസ്ത വഴികളും 4000ത്തോളം കടകളും ഉൾക്കൊള്ളുന്നതാണ് ഗ്രാൻഡ് ബസാർ. തുർക്കിയയുടെ പരമ്പരാഗത സാംസ്കാരിക മേഖലകളിലെ ഏല്ലാ വസ്തുക്കളും ഇവിടെ ലഭ്യമാണ്. തുർക്കിയ റിപ്പബ്ലിക്കിന്റെ സ്മാരകം സ്ഥിതി ചെയ്യുന്ന ടാക്സിം സ്ക്വയറിലാണ് ഞങ്ങളുടെ താമസം. ആധുനിക തുർക്കിയയുടെ ഹൃദയഭാഗമാണിത്. ടാക്സിം സ്ക്വയറിന്റെ വശങ്ങളിലായി നിരവധി വ്യാപാര സമുച്ചയങ്ങൾ കാണാം. ബൊസ്പറസിലൂടെ ബോട്ടിൽ ചുറ്റിക്കറങ്ങി ടാക്സിമിൽ തിരിച്ചെത്തി. ഡിന്നർ കഴിക്കാനായി ലോക പ്രശസ്ത ഷെഫ് ബുറാക്കിന്റെ ടാക്സിം സ്ക്വയറിലെ റസ്റ്റോറന്റിലെത്തി. തട്ടുകടകൾ മുതൽ വലിയ ഭോജനശാലകൾ വരെ കൃത്യമായ ശുചിത്വം പാലിക്കുന്നത് കാണാം.480 കി.മീറ്റർ അകലെയുള്ള ഇസ്മീറാണ് നാളത്തെ ലക്ഷ്യം.
ഇസ്മീർ
ലോകത്തെവിടെ പോയാലും സ്വന്തം നാട്ടിൽ വണ്ടിയോടിക്കുന്ന ലാഘവത്തോടെയാണ് അസ്ഹറിന്റെ ഡ്രൈവിങ്. വഴിനീളെ നിരവധി കാഴ്ചകളുണ്ടെങ്കിലും ബുർസയിലെ മഞ്ഞുമലകളും റോപ് കാറും ആസ്വദിച്ച് ഇസ്മീറിലേക്കുള്ള യാത്ര തുടർന്നു. അതി മനോഹരപാതയിൽ മലഞ്ചെരിവുകൾക്കിടയിലൂടെ 5 മണിക്കൂർ നീണ്ട യാത്ര. ഇസ്മീറിലെ തെരുവീഥികളിലെല്ലാം ഓറഞ്ച് കായ്ച് നിൽക്കുന്ന മനോഹര കാഴ്ചകൾ കാണാം. തുർക്കിയയിലെ മറ്റൊരു വലിയ പട്ടണമാണ് ഇസ്മീര്. എക്സ്പോ2020 വേണ്ടി ദുബൈ നഗരത്തോടൊപ്പം മത്സരിച്ച മഹാ നഗരം. സഞ്ചാരികളുടെ കൈകളിലാണെന്നും ഇസ്മീർ. ബീച്ചുകളും സ്ട്രീറ്റുകളും മനോഹരമായി സൂക്ഷിച്ചിരിക്കുന്നു. ഇസ്മീറിനടുത്ത് സെൽചുകിൽ സ്ഥിതി ചെയ്യുന്ന പുരാതന റോമൻ സാമ്രാജ്യകാലത്ത് പണിത ഏറ്റവും പ്രശസ്തമായ ലൈബ്രറിയും തുർക്കിയയിലെ എഫ്സസ് നഗരത്തിന്റെ അവശിഷ്ട്ടങ്ങളും സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്കാണ് അടുത്ത യാത്ര. ഇവിടുത്തെ അതുല്യമായ ശിൽപകലയും ചരിത്രപ്രാധാന്യവും കാരണം ലോകമെമ്പാടുമുള്ള സഞ്ചാരികൾ ഇവിടേക്ക് ഒഴുകിയെത്തുന്നു. ഹൃദ്യമായ കാഴ്ചകൾ സമ്മാനിച്ച തുർക്കിയയോട് വിട പറഞ്ഞു. അങ്കാറയുടെ മടിത്തട്ടിലേക്ക് മറ്റൊരു യാത്രയിലൂടെ എത്തിച്ചേരാമെന്ന പ്രതീക്ഷയോടെ.









