
വന്ദേഭാരത് ട്രെയിനിൽ വിദ്യാർത്ഥികൾ ഗണഗീതം ആലപിച്ചതിനെ പിന്തുണച്ച് കോൺഗ്രസിന്റെ യുവനേതാവ് എൻ. എസ്. നുസൂർ രംഗത്ത്. യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് എൻ. എസ്. നുസൂർ ആണ് എറണാകുളം–ബെംഗളൂരു വന്ദേഭാരത് എക്‌സ്‌പ്രസിന്റെ ഉദ്ഘാടന ചടങ്ങിനിടെ വിദ്യാർത്ഥികൾ ആർഎസ്എസ് ഗണഗീതം ആലപിച്ചതിന് പിന്തുണച്ച് രംഗത്തെത്തിയത്. ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിലാണ് എൻ. എസ്. നുസൂർ ഇക്കാര്യം വ്യക്തമാക്കുന്നത്.
ഒരു ഗാനം പാടിയാൽ അത് ആർഎസ്എസുകാരുടേതായി തീരില്ല. അവർ പാടുന്ന ഓരോ ഗാനവും അവരുടെതാണെന്ന് കരുതുന്ന ചിന്താഗതിയിൽ നിന്ന് സമൂഹം മാറേണ്ട സമയം എത്തിയെന്നും നുസൂർ പറയുന്നു. വിവാദമായ ഗണഗീതാലാപന ദൃശ്യങ്ങൾ ഫേസ്ബുക്കിൽ പങ്കുവെച്ച നുസൂർ, ഗാനം ആലപിച്ച വിദ്യാർത്ഥികളെ അഭിനന്ദിക്കുകയും ആശംസകൾ നേരുകയും ചെയ്തു. വിദ്യാർത്ഥികൾ പാടിയ ഗാനം വിവാദപരമല്ലെന്നും അതിനെ ആർഎസ്എസുമായി ബന്ധിപ്പിക്കുന്നത് തെറ്റായ സമീപനമാണെന്നും നുസൂർ പറയുന്നു. വർഷങ്ങൾക്കുമുമ്പ് ഭാരത് സ്‌കൗട്ട് ആൻഡ് ഗൈഡ്സ് ക്യാമ്പുകളിലും ഈ ഗാനം പാടാറുണ്ടായിരുന്നുവെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
ALSO READ: കള്ളപ്പണം വെളുപ്പിക്കൽ: കോൺഗ്രസ് എംഎൽഎ സതീഷ് കൃഷ്ണ സെയിലിന്റെ 64 കോടി സ്വത്ത് കണ്ടുകെട്ടി
എൻ.എസ്. നുസൂറിന്റെ കുറിപ്പ് ഇങ്ങനെ:
‘എന്ത് മനോഹരമായാണ് കുട്ടികൾ ഈ ഗാനം പാടിയത്. അത് ഒരിക്കലും ഒരു വിവാദഗാനം അല്ല. വർഷങ്ങൾക്ക് മുൻപ് ഞാനും ഭാരത് സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ് ക്യാമ്പുകളിൽ ഈ ഗാനം പാടിയിരുന്നു. ഇന്നും അത് തുടർന്ന് വരുന്നുമുണ്ട്. പിന്നെന്തിനാണ് ഈ ഗാനം ആർഎസ്എസിന് തീറെഴുതുന്നത്? അവർ പാടുന്ന ഗാനങ്ങളെല്ലാം അവരുടേതാണ് എന്ന ചിന്താഗതി എല്ലാപേരും മാറ്റിയെ തീരൂ. ഗാനം ആലപിച്ച കൂട്ടുകാർക്ക് ആശംസകൾ നേരുന്നു.’
The post വന്ദേഭാരത് ട്രെയിനിൽ വിദ്യാർത്ഥികൾ ഗണഗീതം ആലപിച്ചതിനെ പിന്തുണച്ച് കോൺഗ്രസിന്റെ യുവനേതാവ് appeared first on Express Kerala.









