
സംസ്ഥാനത്തെ പ്രധാന ജലവൈദ്യുത നിലയമായ ഇടുക്കിയിൽ നിന്നുള്ള വൈദ്യുതി ഉത്പാദനം ഒരു മാസത്തോളം പൂർണ്ണമായോ ഭാഗികമായോ തടസ്സപ്പെടും. മൂലമറ്റം പവർഹൗസിലെ ആറ് ജനറേറ്ററുകളിൽ മൂന്നെണ്ണം അറ്റകുറ്റപ്പണികൾക്കായി ചൊവ്വാഴ്ച മുതൽ പ്രവർത്തനം നിർത്തുന്നതാണ് ഇതിന് കാരണം.
വൈദ്യുതിയിലുണ്ടാകുന്ന ഈ കുറവ് പുറമേനിന്ന് വൈദ്യുതി എത്തിച്ച് പരിഹരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡാമിൽ നിന്ന് പവർഹൗസിലേക്ക് വെള്ളം എത്തിക്കുന്ന രണ്ടാമത്തെ പെൻസ്റ്റോക്ക് പൈപ്പിന്റെ ഭാഗമാണ് നാല്, അഞ്ച്, ആറ് ജനറേറ്ററുകൾ. അതിനാൽ നാലാം ജനറേറ്ററിന്റെ പ്രവർത്തനവും നിർത്തിവെക്കേണ്ടി വരും. ഇടുക്കിയിലെ ആകെ ഉത്പാദന ശേഷി 780 മെഗാവാട്ടാണ്. മൂന്ന് ജനറേറ്ററുകൾ നിർത്തിവെക്കുന്നതോടെ ഇത് പ്രതിദിനം 390 മെഗാവാട്ടായി കുറയും. ഇത് ഒരുമാസം കൊണ്ട് 24 കോടി യൂണിറ്റ് വൈദ്യുതിയുടെ കുറവിന് കാരണമാകും.
ALSO READ: ഡിജിറ്റൽ സ്വർണ്ണ നിക്ഷേപം; ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾക്കെതിരെ മുന്നറിയിപ്പുമായി സെബി
കാലപ്പഴക്കത്താൽ തേഞ്ഞുപോയ അഞ്ച്, ആറ് ജനറേറ്ററുകളിലേക്ക് വെള്ളമെത്തിക്കുന്ന പ്രധാന ഇൻലെറ്റ് വാൽവിന്റെ സീലുകൾ മാറ്റുന്നതിന് വേണ്ടിയാണ് നവംബർ 11 മുതൽ ഡിസംബർ 10 വരെ പ്രവർത്തനം നിർത്തിവെക്കുന്നത്.
സാധാരണയായി, ഓരോ വർഷവും ജൂലൈ മുതൽ ഡിസംബർ വരെ ഓരോ ജനറേറ്റർ വീതം ഓരോ മാസമാണ് അറ്റകുറ്റപ്പണി നടത്താറുള്ളത്. എന്നാൽ, ഈ വർഷം സീലുകൾക്ക് തകരാർ കണ്ടെത്തിയതിനാലാണ് മൂന്ന് ജനറേറ്ററുകളുടെയും അറ്റകുറ്റപ്പണി ഒരേസമയം നടത്താൻ തീരുമാനിച്ചത്.
The post ഇടുക്കിയിലെ വൈദ്യുതി ഉത്പാദനം കുറയും; മൂന്ന് ജനറേറ്ററുകളിൽ ഒരുമാസത്തേക്ക് അറ്റകുറ്റപ്പണികൾ appeared first on Express Kerala.









