മനാമ: ലോകത്തെ മുഴുവൻ വിപ്ലവങ്ങളും സാധ്യമായത് തൂലികയിലൂടെയാണെന്നും വർത്തമാന കാലത്തെ അരുതായ്‌മകൾക്കെതിരെ അക്ഷരങ്ങൾ കൊണ്ട് പ്രതിരോധം തീർക്കണമെന്നും ഐസിഎഫ് വായന ദിന സംഗമം അഭിപ്രായപ്പെട്ടു. അക്ഷരമാണ് പ്രതിരോധം എന്ന ശീർഷകത്തിൽ നടതുന്ന പ്രവാസി വായന പ്രചരണ കാമ്പയിനിന്റെ ഭാഗമായാണ് ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ സി എഫ്) ബഹ്റൈനിലെ വിവിധ യുണിറ്റുകളിൽ വായന ദിനാചരണം സംഘടിപ്പിച്ചത്.
പ്രസിദ്ധീകരണ രംഗത്ത് വിജയകരമായി പന്ത്രണ്ട് വർഷം പൂർത്തിയാക്കിയ പ്രവാസി വായന വിദേശത്ത് നിന്നും അച്ചടിക്കുന്ന ഏക പ്രവാസി മാസികയാണ്. ആനുകാലികം, സാമൂഹികം, സംസ്‌കാരികം ആത്മീയം തുടങ്ങി പ്രവാസ ജീവിതവുമായി ബന്ധപ്പെട്ട മുഴുവൻ വിഷയങ്ങളും ഉൾകൊള്ളുന്ന ഉള്ളടക്കങ്ങളോടെയാണ് മാസിക പുറത്തിറങ്ങുന്നത്. പൊതു സമൂഹത്തെ വായനയുടെ ഭാഗമാക്കി അക്ഷര വിപ്ലത്തിൽ എല്ലാവരും പങ്കാളികളാവണമെന്ന് വായനാ ദിന സംഗമത്തിൽ പങ്കെടുത്തവർ ആഹ്വാനം ചെയ്തു.
മുഹറഖ് റീജിയനിലെ ഖലാലി യൂണിറ്റിൽ നടന്ന സംഗമത്തിന് സമസ്ത മലപ്പുറം ജില്ലാ മുശാവറ അംഗം സയ്യിദ് എളങ്കൂർ മുത്തുകോയ തങ്ങൾ, ഐ.സി.എഫ്. നാഷണൽ ഡപ്യൂട്ടി പ്രസിഡണ്ട് അബ്ദുൽ ഹകീം സഖാഫി കിനാലൂർ എന്നിവർ നേതൃത്വം നൽകി.









