
കുമാമോട്ടോ(ജപ്പാന്‍): ചെറിയൊരു ഇടവേളയ്‌ക്ക് ശേഷം വീണ്ടും ബാഡ്മിന്റണ്‍ ബിഡബ്ല്യുഎഫ് ടൂര്‍ണമെന്റുകള്‍ക്ക് ഇന്ന് തുടക്കം. ജപ്പാന്‍ ഗരം കുമാമോട്ടോ വേദിയാകുന്ന കുമാമോട്ടോ മാസ്റ്റേഴ്‌സ് 500 ടൂര്‍ണമെന്റിലൂടെ തിരിച്ചുവരവിനൊരുങ്ങുകയാണ് ഭാരത താരങ്ങളായ എച്ച്.എസ്. പ്രണോയി, ലക്ഷ്യ സെന്‍ എന്നിവര്‍.
33കാരനായ മലയാളി താരം പ്രണോയിക്ക് ഇന്നത്തെ ആദ്യറൗണ്ട് എതിരാളി മലേഷ്യയുടെ ജുന്‍ ഹാവോ ലിയോങ് ആണ്. സപ്തംബറില്‍ നടന്ന കൊറിയന്‍ ഓപ്പണില്‍ പരിക്ക് കാരണം ആദ്യ റൗണ്ട് മത്സരത്തിന്റെ പകുതിക്ക് വച്ച് പിന്‍മാറിയിരുന്നു. പിന്നീട് ആദ്യമായാണ് പ്രണോയി ഇന്ന് പോരാടാനിറങ്ങുന്നത്.
നീണ്ടൊരു ഇടവേളയ്‌ക്ക് ശേഷം ഈ സീസണില്‍ തിരിച്ചുവരവിന്റെ ലക്ഷണം പ്രകടമാക്കിയാണ് ലക്ഷ്യാ സെന്‍ വീണ്ടും ഒരുങ്ങുന്നത്. ഹോങ്കോങ് ഓപ്പണില്‍ റണ്ണറപ്പായി, പിന്നാലെ ഡെന്‍മാര്‍ക്കിലും ഹൈലോയിലും നടന്ന ബിഡബ്ല്യുഎഫ് പര്യടനങ്ങളില്‍ ക്വാര്‍ട്ടര്‍ വരെ മുന്നേറാന്‍ സാധിച്ചു. കുമാമോട്ടോയില്‍ ഏഴാം സീഡ് ആയാണ് ഇറങ്ങുന്നത്. ലോക റാങ്കിങ് 25-ാമതുള്ള ആതിഥേയതാരം കോകി വറ്റനാബെ ആണ് എതിരാളി.
ഭാരതത്തിന്റെ പുതുതലമുറ താരങ്ങളായ ആയുഷ് ഷെട്ടി, തരുണ്‍ മന്നേപള്ളി, കിരണ്‍ ജോര്‍ജ് എന്നിവരും പുരുഷ സിംഗിള്‍സില്‍ കളിക്കാനിറങ്ങുന്നുണ്ട്, മിക്‌സഡ് ഡബിള്‍സില്‍ രോഹന്‍ കപൂര്‍-ഋത്വിക ശിവാനി ഗഡ്ഡേ സഖ്യവും മത്സരിക്കും. വനിതകളുടെ സിംഗിള്‍സ്, ഡബിള്‍സ് പോരാട്ടങ്ങള്‍ക്കും പുരുഷ ഡബിള്‍സ് വിഭാഗത്തിലും ഭാരത താരങ്ങളാരും കുമാമോട്ടോയില്‍ മത്സരിക്കുന്നില്ല.









