
ദുബായി: വരുന്ന ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായി നടക്കുന്ന 2026 ഐസിസി ട്വന്റി20 ലോകകപ്പ് സെമി വേദികളായി അഹമ്മദാബാദും കൊല്‍ക്കത്തയും തെരഞ്ഞെടുക്കപ്പെട്ടു. ഭാരതവും ശ്രീലങ്കയും സംയുക്താഭിമുഖ്യം വഹിക്കുന്ന ലോക കുട്ടിക്രിക്കറ്റ് പോരാട്ടത്തിന്റെ പ്രാഥമിക റൗണ്ട്, സൂപ്പര്‍ എട്ട് പോരാട്ടങ്ങള്‍ക്ക് ശേഷം ഈ വേദികളില്‍ ചിലപ്പോള്‍ മാറ്റം വന്നേക്കാം.
പാകിസ്ഥാനോ ശ്രീലങ്കയോ സെമിയിലെത്തിയാല്‍ ഒരു മത്സരം ശ്രീലങ്കയ്‌ക്ക് വിട്ടുനല്‍കേണ്ടിവരും. അതായിരിക്കും നിലവില്‍ സെമിക്കായി നിശ്ചയിച്ചിട്ടുള്ള വേദിയില്‍ വരുന്ന ഒരേയൊരു മാറ്റം. പാകിസ്ഥാന്‍ ഫൈനലിലെത്തിയില്ലെങ്കില്‍ അഹമ്മദാബാദിലായിരിക്കും കലാശപ്പോരാട്ടം നടക്കുക.
ആകെ എട്ട് വേദികളിലായാണ് മത്സരങ്ങള്‍. ഭാരതത്തില്‍ അഞ്ചും ശ്രീലങ്കയില്‍ മൂന്നും. അഹമ്മദാബാദിനും കൊല്‍ക്കത്തയ്‌ക്കും പുറമെ മുംബൈ, ദല്‍ഹി, ചെന്നൈ എന്നിവയായിരിക്കും ഭാരതത്തിലെ മറ്റ് വേദികള്‍. കൊളംബോയിലെ രണ്ട് സ്റ്റേഡിയങ്ങളിലും കാന്‍ഡിയിലുമായായിരിക്കും ശ്രീലങ്കയിലെ മത്സരങ്ങള്‍ നടക്കുക.
ഭാരതം ജേതാക്കളായ കഴിഞ്ഞ വര്‍ഷത്തെ അതേ ഫോര്‍മാറ്റിലായിരിക്കും വരാനിരിക്കുന്ന ലോകകപ്പും നടക്കുക. 20 ടീമുകള്‍ അണിനിരക്കുന്ന പ്രാഥമിക റൗണ്ട്. അഞ്ച് വീതം ടീമുകളുള്ള നാല് ഗ്രൂപ്പുകളായി തിരിഞ്ഞ് ഓരോ ഗ്രൂപ്പിലും പരസ്പരം പോരടിച്ച് മുന്നിലെത്തുന്ന രണ്ട് ടീമുകള്‍ വീതം സൂപ്പര്‍ എട്ടിലേക്ക് മുന്നേറും. സൂപ്പര്‍ എട്ടില്‍ രണ്ട് ഗ്രൂപ്പുകളായി തിരിച്ച് വീണ്ടും പരസ്പരം പോരാട്ടം. അതില്‍ മുന്നിലെത്തുന്ന രണ്ട് വീതം ടീമുകള്‍ സെമിയിലേക്ക്. തുടര്‍ന്ന് ഫൈനല്‍, എന്ന നിലയ്‌ക്കാണ് മത്സരങ്ങള്‍ ക്രമപ്പെടുത്തിയിട്ടുള്ളത്.









