
കൊച്ചി: സിംപിള്‍ എനര്‍ജി ബ്ലാസ്റ്റേഴ്സ് കോര്‍പ്പറേറ്റ് കപ്പ് 2025 ഫുട്‌ബോളില്‍ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്) പുരുഷ വിഭാഗം ജേതാക്കളും യുഎസ്ടി വനിതാ വിഭാഗം ജേതാക്കളുമായി. വനിതാ വിഭാഗം ഫൈനലില്‍ വിപ്രോയെ 1-0ന് തോല്‍പ്പിച്ചാണ് യുഎസ്ടി കിരീടം സ്വന്തമാക്കിയത്.
വാശിയേറിയ പുരുഷ ഫൈനലില്‍ എച്ച് ആന്റ് ആര്‍ ബ്ലോക്കിനെ 2-1ന് കീഴടക്കിയാണ് ടിസിഎസ് വിജയിച്ചത്.
പുരുഷ വിഭാഗത്തില്‍ ടിസിഎസിലെ റീജോ ജോര്‍ജ് പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരം നേടി. ഇതേ ടീമിലെ ജൂബിന്‍ അഗസ്റ്റിനാണ് ഗോള്‍ഡന്‍ ഗ്ലൗ സ്വന്തമാക്കിയത്. ടൂര്‍ണമെന്റിലെ ടോപ് സ്‌കോറര്‍ക്കുള്ള ഗോള്‍ഡന്‍ ബൂട്ട് എക്‌സ്പീരിയണിലെ അഹമ്മദ് മുര്‍ഷാദിന് ലഭിച്ചു. മികച്ച പ്രകടനം കാഴ്ചവെച്ച യുഎസ്ടിയിലെ സൂര്യ പോള്‍ വനിതാ വിഭാഗം പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ഗോള്‍കീപ്പിങ്ങിന് യുഎസ്ടിയിലെ വിജയലക്ഷ്മി വില്‍സണ്‍ ഗോള്‍ഡന്‍ ഗ്ലൗവും, ടോപ് സ്‌കോററായി വിപ്രോയിലെ അഞ്ജന ബേബി ഗോള്‍ഡന്‍ ബൂട്ട് പുരസ്‌കാരവും കരസ്ഥമാക്കി.
കഴിഞ്ഞ മാസം 18ന് തുടങ്ങിയ ടൂര്‍ണമെന്റില്‍ 12 പുരുഷ ടീമുകളും നാല് വനിതാ ടീമുകളുമാണ് പങ്കെടുത്തത്. നാല് വാരാന്ത്യങ്ങളിലായി നടന്ന മത്സരങ്ങളില്‍ സംസ്ഥാനത്തെ 250ല്‍ അധികം പേര്‍ പങ്കെടുത്തു.
ബ്ലാസ്റ്റേഴ്സ് താരം ശ്രീകുട്ടന്‍ എം.എസ്., ഗോള്‍കീപ്പര്‍ അല്‍സാബിത്ത് എസ്.ടി. എന്നിവരുടെ സാന്നിധ്യം താരങ്ങള്‍ക്കും ആവേശം പകര്‍ന്നു. കേരള ബ്ലാസ്റ്റേഴ്സ് എഫ്സി സിഇഒ അഭിക് ചാറ്റര്‍ജി, കൊമേഴ്സ്യല്‍ ആന്‍ഡ് റെവന്യൂ മേധാവി രഘു രാമചന്ദ്രന്‍, സിംപിള്‍ എനര്‍ജി മാര്‍ക്കറ്റിംഗ് മാനേജര്‍ ഷിനോയ് തോമസ്, ആക്ടിവ്‌ബേസ് മാനേജിംഗ് ഡയറക്ടര്‍ ഡോ. അനസ് കൊല്ലഞ്ചേരി തുടങ്ങി നിരവധി വിശിഷ്ടാതിഥികള്‍ സമാപന ചടങ്ങില്‍ പങ്കെടുത്തു.









