
കണ്ണൂര്‍: സൂപ്പര്‍ ലീഗ് കേരളയില്‍’കണ്ണൂര്‍ വാരിയേഴ്‌സിന് സീസണിലെ ആദ്യ തോല്‍വി. കഴിഞ്ഞ അഞ്ച് കളികളിലും അപരാജിതരായി മുന്നേറിയ വാരിയേഴ്‌സ് ഇന്നലെ സ്വന്തം സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ പതിനയ്യായിരത്തോളം വരുന്ന ആരാധകര്‍ക്ക് മുന്നിലാണ് തോല്‍വി വഴങ്ങിയത് വേദനാജനകമായി. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തിരുവനന്തപുരം കൊമ്പന്‍സാണ് കൊമ്പുകുലുക്കി വന്ന് വാരിയേഴ്‌സിന്റെ കോട്ട പൊളിച്ച് മിന്നുന്ന വിജയം സ്വന്തമാക്കിയത്. കൊമ്പന്‍സിനായി ബിസ്‌പോ രണ്ട് ഗോളടിച്ചു. ഒരു ഗോള്‍ മുഹമ്മദ് ജാസിമും സ്വന്തം പേരില്‍ കുറിച്ചു. വാരിയേഴ്‌സിനായി അസിയര്‍ ഗോമസ് ആശ്വാസ ഗോള്‍ കണ്ടെത്തി.
പന്ത് കൈവശം വെക്കുന്നതില്‍ വാരിയേഴ്‌സ് നേരിയ മുന്‍തൂക്കം നേടിയെങ്കിലും കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിച്ചതും ഷോട്ടുകളുതിര്‍ത്തതും കൊമ്പന്‍സായിരുന്നു. കൂടാതെ സീസണിലെ ആദ്യ മത്സരത്തില്‍ തിരുവനന്തപുരം കൊമ്പന്‍സിന്റെ ഹോം സ്റ്റേഡിയത്തില്‍ തോല്‍പ്പിച്ച കണ്ണൂര്‍ വാരിയേഴ്സിനെതിരെ ഇത് മധുര പ്രതികാരം കൂടിയായി ഈ വിജയം. ആറ് മത്സരങ്ങളില്‍ നിന്ന് രണ്ട് ജയവും മൂന്ന് സമനിലയും ഒരു തോല്‍വിയുമായി ഒമ്പത് പോയിന്റ് നേടി കണ്ണൂര്‍ നാലാം സ്ഥാനത്ത് തുടരുന്നു. ആറ് മത്സരങ്ങളില്‍ നിന്ന് രണ്ട് ജയവും ഒരു സമനിലയും മൂന്ന് തോല്‍വിയുമായി ഏഴ് പോയിന്റ് നേടി കൊമ്പന്‍സ് അഞ്ചാമതാണ്. വിജയത്തോടെ തിരുവനന്തപുരം കൊമ്പന്‍സ് സെമി സാധ്യത നിലനിര്‍ത്തി.
4-3-3ശൈലിയിലാണ് കൊമ്പന്‍സിനെതിരെ വാരിയേഴ്‌സ് ഇറങ്ങിയത്. കൊമ്പന്‍സും 4-3-3 ശൈലിയാണ് സ്വീകരിച്ചത്. 15-ാം മിനിറ്റില്‍ കണ്ണൂരിന് സുവര്‍ണാവസരം. മനോജ് ബോക്സിലേക്ക് നല്‍കിയ ലോ ക്രോസ് ഷിജിന്‍ വലയിലേക്ക് തിരിച്ചുവിട്ടെങ്കിലും പന്ത് ബാറിന് മുകളിലൂടെ പുറത്തേക്ക് പറന്നു. തൊട്ടുപിന്നാലെ എബിന്‍ ദാസിന്റെ വക ബോക്സിന് പുറത്ത് നിന്ന് ഒരു ഉഗ്രന്‍ ലോങ് റേഞ്ചര്‍. തിരുവനന്തപുരം കീപ്പര്‍ സത്യജിത്തിന്റെ ഉഗ്രന്‍ സേവ്. പിന്നീട് വലിയ സംഭവങ്ങളൊന്നുമില്ലാതെ ആദ്യ പകുതി ഗോള്‍ രഹിതമായി പിരിഞ്ഞു.
രണ്ടാം പകുതിയില്‍ കണ്ണൂര്‍ രണ്ട് മാറ്റങ്ങള്‍ നടത്തി. സച്ചിനും ഷിജിനും പകരം മുഹമ്മദ് സിനാനും ഷിബിന്‍ ഷാദുമെത്തി. കളി തുടങ്ങി രണ്ട് മിനിറ്റിനകം വാരിയേഴ്‌സിനെ ഞെട്ടിച്ച് കൊമ്പന്‍സ് ലീഡ് നേടി. ബോക്സിലേക്ക് ഓടി കയറിയ ബിസ്പോ തൊടുത്ത ഷോട്ട് കണ്ണൂര്‍ കീപ്പര്‍ ഉബൈദ് തടുത്തിട്ടു. റീബൗണ്ടില്‍ മുഹമ്മദ് ജാസിം ഗോളാക്കി മാറ്റി. 52-ാം മിനുട്ടില്‍ തിരുവനന്തപുരത്തില്‍ നിന്നും വീണ്ടുമൊരു അപകടം. കോര്‍ണറില്‍ നിന്ന് കിട്ടിയ പന്തിനെ ലോങ് റേഞ്ചറിലൂടെ മുഹമ്മദ് ജാസിം ഉഗ്രന്‍ ഒരു ലോങ് റേഞ്ചറിന് ശ്രമിച്ചു. കണ്ണൂര്‍ ഗോള്‍ കീപ്പര്‍ ഉബൈദ് രക്ഷകനായി. 57-ാം മിനിറ്റില്‍ കണ്ണൂര്‍ എഫ്‌സിയില്‍ അബ്ദു കരീമിനും നിദാലിനും പകരമായി അസിയര്‍ ഗോമസും അഡ്രിയാന്‍ സര്‍ഡിനേറോയും എത്തി.
69-ാം മിനിറ്റില്‍ തിരുവനന്തപുരം രണ്ടാം ഗോള്‍ നേടി. കൗണ്ടര്‍ അറ്റാക്കിലൂടെ ബോക്സിലേക്ക് സോളോ റണ്‍ നടത്തിയ റോണാള്‍ഡ് പോസ്റ്റിലേക്ക് ഷോട്ട് അടിച്ചെങ്കിലും ഗോള്‍ കീപ്പര്‍ ഉബൈദ് സേവ് ചെയ്തു. തുടര്‍ന്ന് ലഭിച്ച അവസരം ബിസ്പോ ഗോളാക്കി മാറ്റി.
തിരുവനന്തപുരം വിക്ടറിനെയും റോഹന്‍ സിംങിനേയും പകരക്കാരനായി ഇറക്കി. സമയം നഷ്ടപ്പെടുത്തിയതിന് തിരുവനന്തപുരത്തിന്റെ ബാദിഷിന് മഞ്ഞ കാര്‍ഡ് ലഭിച്ചു.
83-ാം മിനിറ്റില്‍ കൊമ്പന്‍സ് ബാദിഷിനെ പിന്‍വലിച്ച് ഷാനിദ് വാളനെ ഇറക്കി. തൊട്ടുപിന്നാലെ ബിസ്പോ ലീഡ് മൂന്നാക്കി ഉയര്‍ത്തി. ഇടത് വിങ്ങില്‍ നിന്ന് മുഹമ്മദ് ഷാഫി നല്‍കിയ പന്ത് സെകന്റ് പോസ്റ്റില്‍ നിലയുറപ്പിച്ചിരുന്ന ബിസ്പോ അനായാസം ഗോളാക്കി മാറ്റി. ബിസ്പോയുടെ രണ്ടാം ഗോള്‍. 86-ാം മിനിറ്റില്‍ കണ്ണൂര്‍ ക്യാപ്റ്റന്‍ അഡ്രിയാന് ചുവപ്പ് കാര്‍ഡ് ലഭിച്ചു. കൊമ്പന്‍സ് താരങ്ങളുമായുള്ള വാക്ക് തര്‍ക്കത്തിനാണ് ചുവപ്പ് കാര്‍ഡ്.
90+8-ാം മിനിറ്റില്‍ അസിയര്‍ ഗോമസ് കണ്ണൂരിനായി ആശ്വാസ ഗോള്‍ നേടി. ഇടത് വിങ്ങില്‍ നിന്ന് ലഭിച്ച ഫ്രീകിക്ക് മനോഹരമായി ഗോളാക്കി മാറ്റുകയായിരുന്നു.









