
തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിലെ കേരള-സൗരാഷ്‌ട്ര മത്സരം സമനിലയിലേക്ക്. ഇന്ന് ഒരു ദിവസം കൂടി ബാക്കി നില്‍ക്കെ സൗരാഷ്‌ട്ര 278 റണ്‍സിന്റെ ലീഡ് നേടിക്കഴിഞ്ഞു. രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് തുടരുന്ന അവര്‍ക്ക് ഇപ്പോഴും അഞ്ച് വിക്കറ്റുകള്‍ ബാക്കിയുണ്ട്. ഇന്ന് രാവിലത്തെ സെഷനില്‍ തന്നെ കേരളത്തെ ബാറ്റിങ്ങിന് വിട്ട് അതിവേഗം വിക്കറ്റുകള്‍ വീഴ്‌ത്താനാകും സൗരാഷ്‌ട്ര ലക്ഷ്യമിടുക. ഗ്രീന്‍ഫീല്‍ഡിലെ പിച്ച് ബാറ്റിങ്ങിന് അനുകൂലമായി തിരിഞ്ഞതിന്റെ സൂചനകളാണ് ഇന്നലെ പ്രകടമാക്കിയിട്ടുള്ളത്.
സ്‌കോര്‍: സൗരാഷ്‌ട്ര- 160, അഞ്ചിന് 351
കേരളം- 233.
ആദ്യ ഇന്നിങ്‌സില്‍ 73 റണ്‍സിന്റെ ലീഡ് വഴങ്ങിയ സൗരാഷ്‌ട്ര രണ്ടാം ഇന്നിങ്‌സില്‍ ചിരാഗ് ജാനിയുടെ ഉജ്ജ്വല സെഞ്ച്വറി മികവിന്റെ ബലത്തിലാണ് ഗംഭീര തിരിച്ചുവരവ് നടത്തിയത്. ഇന്നലെ രാവിലെ തന്ന രണ്ട് വിക്കറ്റുകള്‍ വീണ് സൗരാഷ്‌ട്രയെ വലിയ സമ്മര്‍ദ്ദത്തിലാഴ്‌ത്താന്‍ കേരളത്തിനായി. ഒന്നിന് 47 എന്ന നിലയില്‍ മത്സരം പുനരാരംഭിച്ച സൗരാഷ്‌ട്രയ്‌ക്കായി 24 റണ്‍സെടുത്ത ജയ് ഗോഹിലിനെ നിധീഷ് ലെഗ് ബിഫോറാക്കി. ഒട്ടും വൈകാതെ ഗജ്ജറിനെ(31) ബേസില്‍ എന്‍.പി ക്ലീന്‍ ബൗള്‍ഡാക്കുകയും ചെയ്തു.
എന്നാല്‍ നാലാം വിക്കറ്റില്‍ ഒന്നിച്ച വസവദയും ചിരാഗ് ജാനിയും ചേര്‍ന്ന കൂട്ടുകെട്ട് മത്സരത്തിന്റെ വിധി മാറ്റിമറിച്ചു. കരുതലോടെ ബാറ്റ് ചെയ്ത ഇരുവരും ചേര്‍ന്ന് വിക്കറ്റുകള്‍ നഷ്ടപ്പെടുത്താതെ ദിവസത്തിന്റെ ആദ്യ പകുതി പൂര്‍ത്തിയാക്കി. ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ സൗരാഷ്‌ട്ര മൂന്ന് വിക്കറ്റിന് 159 റണ്‍സെന്ന നിലയിലെത്തി. അര്‍പ്പിത് അര്‍ദ്ധ സെഞ്ച്വറിയും ചിരാഗ് സെഞ്ച്വറിയും പൂര്‍ത്തിയാക്കി. ഇരുവരും ചേര്‍ന്ന് 174 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. അര്‍പ്പിതിനെ(74) പുറത്താക്കി ബാബ അപരാജിത്താണ് കൂട്ടുകെട്ടിന് അവസാനമിട്ടത്.
ചിരാഗിന് കൂട്ടായി അഞ്ചാം വിക്കറ്റില്‍ പ്രേരക് മങ്കാദ് എത്തിയതോടെ സൗരാഷ്‌ട്രയുടെ സ്‌കോറിങ് വേഗത്തിലായി. ഇരുവരും ചേര്‍ന്ന് 17 ഓവറില്‍ 105 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 152 റണ്‍സെടുത്ത ചിരാഗ് ജാനിയെ ബേസില്‍ പന്തില്‍ ക്ലീന്‍ ബൗള്‍ഡാക്കി. 14 ബൗണ്ടറിയും നാല് സിക്‌സുകളും അടങ്ങുന്നതായിരുന്നു ആ ഗംഭീര ഇന്നിങ്‌സ്. കളി നിര്‍ത്തുമ്പോള്‍ 52 റണ്‍സോടെ പ്രേരക് മങ്കാദും ഒരു റണ്ണോടെ അന്‍ഷ് ഗോസായിയുമാണ് ക്രീസില്‍. കേരളത്തിന് വേണ്ടി നിധീഷും ബേസിലും രണ്ട് വിക്കറ്റ് വീതവും അപരാജിത് ഒരു വിക്കറ്റും വീഴ്‌ത്തി.









