
യാംബു: സൗദി ടൂറിസം തൊഴിലുകളിലെ സ്വദേശിവത്കരണത്തിനായി വിവിധ പദ്ധതികൾ നടപ്പാക്കുന്നു. 2020 മുതൽ 2025ന്റെ ആദ്യ പകുതി അവസാനം വരെയുള്ള അഞ്ച് വർഷത്തിനിടെ സ്വദേശികളായ 1,47,000 സ്ത്രീ, പുരുഷ ജീവനക്കാർ ടൂറിസം മേഖലയിൽ ചേർന്നു. മാനവ വിഭവശേഷി വകുപ്പ് (ഹദഫ്) കഴിഞ്ഞ ദിവസം പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. എല്ലാ ടൂറിസം ഹോസ്പിറ്റാലിറ്റി സേവനങ്ങളിലും ജോലി സമയത്ത് ഒരു സൗദി റിസപ്ഷനിസ്റ്റ് ഉണ്ടായിരിക്കണമെന്ന നിയമം ഇതിനകം പ്രാവർത്തികമായിട്ടുണ്ട്.
സൗദിവത്കരണ നിയമങ്ങൾ ഉൾക്കൊള്ളുന്ന ജോലികളിൽ രാജ്യത്തിന് പുറത്തുനിന്നുള്ള തൊഴിലാളികൾ ഉണ്ടാവാൻ പാടില്ലെന്ന ചട്ടം ടൂറിസം മേഖലയിൽ കർശനമാക്കി വരികയാണ്. ടൂറിസം മേഖലയിൽ സ്വദേശി യുവതീയുവാക്കളെ ശാക്തീകരിക്കാൻ ഹദഫ് പ്രത്യേക പരിശീലന പരിപാടികൾ നടപ്പാക്കിയതും ഏറെ വിജയം കണ്ടു. 8,450ലധികം ട്രെയ്നികളുടെ പരിശീലനം ലക്ഷ്യമിട്ട് 85.1 കോടി റിയാലിൽ കൂടുതൽ മൂല്യമുള്ള 19 തൊഴിൽ പരിശീലന കരാറിൽ ഹദഫ് ഒപ്പുവെച്ചിട്ടുണ്ട്.

സൗദി തൊഴിൽ വിപണിയിലെ തൊഴിൽ മേഖലയിലെ സ്ഥിരതയും വികസനവും വർധിപ്പിക്കുന്നതിന് മാർഗനിർദേശം നൽകാനും തൊഴിൽ ശാക്തീകരണ സേവനങ്ങൾ കാര്യക്ഷമമാക്കാനും സൗദി മാനവ വിഭവശേഷി വകുപ്പ് ചെയ്യുന്ന ബൃഹത്തായ പദ്ധതികൾ ഇതിനകം ഏറെ ഫലപ്രദമായതായി വിലയിരുത്തുന്നു. ടൂറിസം മന്ത്രാലയത്തിന്റെ വിവിധ പദ്ധതികളുടെയും സൗദി വിഷൻ 2030ന്റെയും ഭാഗമായുള്ള പ്രവർത്തനങ്ങളും ടൂറിസം മേഖലയിലെ സ്വദേശിവത്കരണം ദ്രുതഗതിയിലാക്കാൻ വഴിവെച്ചിട്ടുണ്ട്.









