
ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ഹൃദയം കവര്‍ന്ന മലയാളി താരം സഞ്ജു സാംസണ്‍ പുതിയ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം ചേരുമെന്ന് ഉറപ്പായി. സഞ്ജുവിന്റെ ജന്മദിനമായ ഇന്നലെ സഞ്ജുവിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുമിട്ടു.
സിഎസ്‌കെ മാനേജ്‌മെന്റും സഞ്ജുവും തമ്മിലുള്ള ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ട്രേഡ് വിന്‍ഡോയിലൂടെ സഞ്ജുവിനെ സ്വന്തമാക്കാനാണ് ചെന്നൈയുടെ പദ്ധതി. ഇതിനായി രവീന്ദ്ര ജഡേജയെയും സാം കറനെയും കൈവിടും. ഇന്നോ നാളെയോ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. സിഎകെ നായകന്‍ മഹേന്ദ്രസിങ് ധോണിയുടെ ആശീര്‍വാദവും ചെന്നൈയുടെ പുതിയ നീക്കത്തിനു പിന്നിലുണ്ട്. സഞ്ജു നായകനായാകും ചെന്നൈയിലെത്തുക എന്നും റിപ്പോര്‍ട്ടുകളുണ്ട്. അങ്ങനെ വന്നാല്‍ ചെന്നൈയ്‌ക്ക് സഞ്ജു തലൈവനാകും. 67 മത്സരങ്ങളില്‍ സഞ്ജു രാജസ്ഥാനെ നയിച്ചപ്പോള്‍ 33 വിജയവും 33 പരാജയവും നേരിട്ടു. 2024 സീസണില്‍ 48.27 ശരാശരിയില്‍ 531 റണ്‍സാണ് സഞ്ജു അടിച്ചുകൂട്ടിയത്. 153.47 ആയിരുന്നു സ്‌ട്രൈക്ക് റേറ്റ്. എന്നാല്‍, 2025ല്‍ പരിക്കിനെത്തുടര്‍ന്ന് സഞ്ജുവിന് നിരവധി മത്സരങ്ങള്‍ നഷ്ടമായി.
രാജസ്ഥാന്‍ റോയല്‍സ് നായകനായിരുന്ന കഴിഞ്ഞ സീസണില്‍ സഞ്ജുവിന്റെ ശമ്പളം 18 കോടി രൂപയായിരുന്നു. അതിലും വലിയ തുകയ്‌ക്കായിരിക്കും സഞ്ജു ചെന്നൈയിലെത്തുക.
ജഡേജ പോകുന്ന സാഹചര്യത്തില്‍ വാഷിങ്ടണ്‍ സുന്ദറിനെ ടീമിലെത്തിക്കുവാനും ചെന്നൈ ആലോചിക്കുന്നു. ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ മിന്നും പ്രകടനമാണ് ഗുജറാത്ത് ടൈറ്റന്‍സിന്റെ വാഷിങ്ടണ്‍ സുന്ദര്‍ നടത്തിയത്. ഡിസംബറിലാണ് ഐപിഎല്‍ ലേലമെങ്കിലും അതിനു മുന്നോടിയായി ട്രേഡ് ഡീലുകള്‍ സാധ്യമാണ്. കെഎല്‍. രാഹുല്‍ ലഖ്‌നൗ വിട്ട് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ ചേരുമെന്നും അഭ്യൂഹങ്ങളുണ്ട്. മുംബൈയുടെ രോഹിത് ശര്‍മയ്‌ക്കായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് വല വിരിച്ചിട്ടുണ്ട്.









