
ന്യൂഡല്‍ഹി: ലോക ക്രിക്കറ്റില്‍ ഒരു പുതിയ അധ്യായത്തിന് തുടക്കമിട്ടുകൊണ്ട് കാഴ്ച പരിമിതര്‍ക്കായി എസ്ബിഐ വനിതാ ടി20 ലോകകപ്പ് ക്രിക്കറ്റിന്റെ ആദ്യ മത്സരം ന്യൂഡല്‍ഹി മോഡേണ്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്നു.
ആദ്യമത്സരത്തില്‍ ഭാരതം ശ്രീലങ്കയെ പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്യാനെത്തിയ ശ്രീലങ്ക 13.3 ഓവറില്‍ 41 റണ്‍സിന് ഓള്‍ഔട്ടായി. ഒരു വിക്കറ്റ് വീഴ്‌ത്തി അഞ്ച് റണ്ണൗട്ടുകള്‍ അടക്കം ആറ് വിക്കറ്റുകളുമായി ഇന്ത്യന്‍ ടീം വൈസ് ക്യാപ്റ്റന്‍ ഗംഗ എസ്. കദം മികച്ച ഓള്‍റൗണ്ട് പ്രകടനം കാഴ്ചവച്ചു. ശ്രീലങ്കയുടെ മുന്നേറ്റം തടഞ്ഞ് ദീപിക ടി.സിയും, ജമുന റാണി ടുഡുവും ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.
മറുപടിയായി, ഇന്ത്യന്‍ ഓപ്പണര്‍മാര്‍ വെറും 3 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 43 റണ്‍സ് നേടി. ക്യാപ്റ്റന്‍ ദീപിക ടി.സി. 14 പന്തില്‍ നിന്ന് 26 റണ്‍സ് നേടി പുറത്താകാതെ നിന്നു, അനേക ദേവി 6 പന്തില്‍ നിന്ന് 15 റണ്‍സ് നേടി.
മുന്‍ കായിക മന്ത്രി അനുരാഗ് താക്കൂര്‍ എം പി മത്സരം ഉദ്ഘാടനം ചെയ്തു. കാഴ്ച വൈകല്യമുള്ള വനിതാ സ്‌പോര്‍ട്‌സ് താരങ്ങള്‍ക്ക് ആഗോളതലത്തില്‍ ലഭിക്കുന്ന ശാക്തീകരണവും അംഗീകാരവുമാണിതെന്ന് അനുരാഗ് താക്കൂര്‍ പറഞ്ഞു. ചാമ്പ്യന്‍ഷിപ്പ് നിശ്ചയദാര്‍ഢ്യത്തിന്റെയും സമത്വത്തിന്റെയും പ്രതീകമാണെന്ന് മുന്‍ വിദേശകാര്യ സഹമന്ത്രിയും സംഘാടക സമിതി ചെയര്‍പേഴ്സണുമായ മീനാക്ഷി ലേഖി പറഞ്ഞു. ശരിയായ മാനസികാവസ്ഥ സുപ്രധാനമാണ്. ഏത് തടസ്സങ്ങളെയും മറികടക്കാന്‍ അതുകൊണ്ട് കഴിയുമെന്നതിന് പെണ്‍കുട്ടികള്‍ തെളിയിക്കുന്നുണ്ട്. ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ് ഈ ടൂര്‍ണമെന്റെന്ന് വേള്‍ഡ് ബ്ലൈന്‍ഡ് ക്രിക്കറ്റ് കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ രജനീഷ് ഹെന്റി പറഞ്ഞു.
ലോകമെമ്പാടുമുള്ള കാഴ്ച വൈകല്യമുള്ള സമൂഹത്തിന് മത്സരം പ്രചോദനമാകും. ഇന്ത്യ, ഓസ്ട്രേലിയ, ഇംഗ്ലണ്ട്, നേപ്പാള്‍, പാകിസ്ഥാന്‍, ശ്രീലങ്ക, യുഎസ് എന്നീ ടീമുകള്‍ തമ്മിലുള്ള മത്സരങ്ങള്‍ നവംബര്‍ 23 വരെ ന്യൂഡല്‍ഹി, ബെംഗളൂരു, കൊളംബോ എന്നിവിടങ്ങളിലായി നടക്കും.









