
തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളവും സൗരാഷ്‌ട്രയും തമ്മിലുള്ള മത്സരം സമനിലയില്‍. 330 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ് തുടങ്ങിയ കേരളം മൂന്ന് വിക്കറ്റിന് 154 റണ്‍സെടുത്ത് നില്‍ക്കെയാണ് കളി സമനിലയില്‍ പിരിഞ്ഞത്. നേരത്തെ എട്ട് വിക്കറ്റിന് 402 റണ്‍സെന്ന നിലയില്‍ സൗരാഷ്‌ട്ര രണ്ടാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തിരുന്നു. ഒന്നാം ഇന്നിങ്‌സ് ലീഡിന്റെ മികവില്‍ കേരളത്തിന് മത്സരത്തില്‍ നിന്ന് മൂന്ന് പോയിന്റ് ലഭിച്ചു.
സ്‌കോര്‍ – സൗരാഷ്‌ട്ര 160, എട്ട് വിക്കറ്റിന് 402 ഡിക്ലയര്‍
കേരളം – 233, മൂന്ന് വിക്കറ്റിന് 154.
സൗരാഷ്‌ട്ര ഒരു പോയിന്റ് നേടി. അഞ്ച് വിക്കറ്റിന് 351 റണ്‍സെന്ന നിലയിലാണ് സൗരാഷ്‌ട്ര അവസാന ദിവസം ബാറ്റിങ് തുടങ്ങിയത്. ഡിക്ലറേഷന്‍ മുന്നില്‍ക്കണ്ട് അതിവേഗം സ്‌കോര്‍ ചെയ്ത സൗരാഷ്‌ട്ര ബാറ്റര്‍മാര്‍ എട്ട് ഓവറില്‍ 51 റണ്‍സ് കൂട്ടിച്ചേര്‍ത്തു.ഒടുവില്‍ എട്ട് വിക്കറ്റിന് 402 റണ്‍സെന്ന നിലയില്‍ സൗരാഷ്‌ട്ര ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. ഇതിനിടയില്‍ പ്രേരക് മങ്കാദ് 62ഉം അന്‍ഷ് ഗോസായി പത്തും ധര്‍മ്മേന്ദ്ര സിങ് ജഡേജ അഞ്ചും റണ്‍സ് നേടി പുറത്തായി. പ്രേരകിനെയും അന്‍ഷ് ഗോസായിയെയും എം ഡി നിധീഷ് പുറത്താക്കിയപ്പോള്‍ എന്‍ പി ബേസിലാണ് ധര്‍മ്മേന്ദ്ര സിങ് ജഡേജയെ പുറത്താക്കിയത്. യുവരാജ് സിങ് 12ഉം ജയ്‌ദേവ് ഉനദ്ഘട്ട് 11ഉം റണ്‍സ് നേടി പുറത്താകാതെ നിന്നു. കേരളത്തിന് വേണ്ടി നിധീഷ് നാലും ബേസില്‍ മൂന്നും വിക്കറ്റുകള്‍ വീഴ്‌ത്തി.
330 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ് തുടങ്ങിയ കേരളത്തിന് തുടക്കത്തില്‍ തന്നെ രോഹന്‍ കുന്നുമ്മലിന്റെ വിക്കറ്റ് നഷ്ടമായി. ധര്‍മ്മേന്ദ്ര സിങ് ജഡേജയുടെ പന്തില്‍ എല്‍ബിഡബ്ല്യു ആയാണ് രോഹന്‍ പുറത്തായത്.
തുടര്‍ന്നെത്തിയ സച്ചിന്‍ ബേബിയും 16 റണ്‍സെടുത്ത് പുറത്തായി. ഇതിനിടയില്‍ ഓപ്പണര്‍ എ കെ ആകര്‍ഷ് പരിക്കേറ്റ് റിട്ടയേഡ് ഹര്‍ട്ടായി മടങ്ങി. അഞ്ച് റണ്‍സായിരുന്നു ആകര്‍ഷ് നേടിയത്.
തുടര്‍ന്നെത്തിയ വരുണ്‍ നായനാരും അഭിഷേക് പി നായരും മികച്ച പ്രതിരോധവുമായി ഉറച്ചു നിന്നു. ഇടയ്‌ക്ക് മഴയെ തുടര്‍ന്ന് കളി തടസ്സപ്പെട്ടു.
കളി പുനരാരംഭിച്ചപ്പോഴും മികച്ച ബാറ്റിങ് തുടര്‍ന്ന ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 59 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 19 റണ്‍സെടുത്ത അഭിഷേകിനെ ജഡേജയാണ് പുറത്താക്കിയത്. അഭിഷേകിന് പകരമെത്തിയ അഹ്‌മദ് ഇമ്രാന്‍ ഏകദിന ശൈലിയിലാണ് ബാറ്റ് വീശിയത്. ഒടുവില്‍ കേരളം മൂന്ന് വിക്കറ്റിന് 154 റണ്‍സെടുത്ത് നില്‍ക്കെ കളി സമനിലയില്‍ പിരിയുകയായിരുന്നു. വരുണ്‍ നായനാര്‍ 66ഉം അഹ്‌മദ് ഇമ്രാന്‍ 42ഉം റണ്‍സുമായി പുറത്താകാതെ നിന്നു. സൗരാഷ്‌ട്രയ്‌ക്ക് വേണ്ടി ധര്‍മ്മേന്ദ്ര സിങ് ജഡേജ രണ്ട് വിക്കറ്റ് വീഴ്‌ത്തി.









