
അഹമ്മദാബാദ്: 23 വയസ്സില്‍ താഴെയുള്ളവര്‍ക്കായുള്ള ദേശീയ ഏകദിന ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ ഹരിയാനയ്‌ക്കെതിരെ കൂറ്റന്‍ വിജയവുമായി കേരളം. 230 റണ്‍സിനായിരുന്നു കേരളത്തിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത കേരളം 50 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 310 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഹരിയാന 23ാം ഓവറില്‍ വെറും 80 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. നാല് വിക്കറ്റ് വീതം വീഴ്‌ത്തിയ ക്യാപ്റ്റന്‍ അഭിജിത് പ്രവീണും പി നസലുമാണ് ഹരിയാന ബാറ്റിങ് നിരയെ തകര്‍ത്തത്.
ടോസ് നേടിയ ഹരിയാന കേരളത്തെ ആദ്യം ബാറ്റിങ്ങിന് അയയ്‌ക്കുകയായിരുന്നു. ഓപ്പണര്‍മാരായ ഒമര്‍ അബൂബക്കറും അഭിഷേക് ജെ നായരും ചേര്‍ന്ന് കേരളത്തിന് മികച്ച തുടക്കമാണ് നല്കിയത്. ഇരുവരും ചേര്‍ന്നുള്ള ഓപ്പണിങ് കൂട്ടുകെട്ടില്‍ 61 റണ്‍സ് പിറന്നു. അഭിഷേക് 19 റണ്‍സെടുത്ത് പുറത്തായി. തുടര്‍ന്നെത്തിയ കൃഷ്ണനാരായണിന്റെ ഉജ്ജ്വല ഇന്നിങ്‌സാണ് കേരളത്തിന്റെ കൂറ്റന്‍ സ്‌കോറിന് അടിത്തറയിട്ടത്. ഒമര്‍ അബൂബക്കറും രോഹന്‍ നായരും പവന്‍ ശ്രീധറും മികച്ച പിന്തുണ നല്കി. 65 റണ്‍സെടുത്ത ഒമര്‍ അബൂബക്കര്‍ റണ്ണൗട്ടാവുകയായിരുന്നു.
തുടര്‍ന്നെത്തിയ ഷോണ്‍ റോജര്‍ 26 റണ്‍സുമായി മടങ്ങിയെങ്കിലും രോഹന്‍ നായര്‍ 37 പന്തുകളില്‍ നിന്ന് 43 റണ്‍സ് നേടി. 24 പന്തുകളില്‍ നിന്ന് 37 റണ്‍സെടുത്ത പവന്‍ ശ്രീധറുടെ പ്രകടനവും ശ്രദ്ധേയമായി. മറുവശത്ത് ഉറച്ച് നിന്ന കൃഷ്ണനാരായണാണ് കേരളത്തിന്റെ ടോപ് സ്‌കോറര്‍. 67 പന്തുകളില്‍ നിന്ന് ആറ് ബൗണ്ടറികളടക്കം 71 റണ്‍സാണ് കൃഷ്ണനാരായണ്‍ നേടിയത്. ഹരിയാനയ്‌ക്ക് വേണ്ടി വിവേക് കുമാര്‍ നാല് വിക്കറ്റ് വീഴ്‌ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഹരിയാനയ്‌ക്ക് രണ്ടാം ഓവറില്‍ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. ഓപ്പണര്‍ ഹര്‍ഷ് രംഗയെ പുറത്താക്കിയ പവന്‍ രാജ് ആറാം ഓവറില്‍ ഹര്‍മാന്‍ മാലിക്കിനെയും പുറത്താക്കി കേരളത്തിന് മികച്ച തുടക്കം നല്കി. തുടര്‍ന്ന് കളം നിറഞ്ഞ അഭിജിത് പ്രവീണും നസലും ചേര്‍ന്ന് ഹരിയാനയുടെ ബാറ്റിങ് നിരയെ തകര്‍ത്തെറിയുകയായിരുന്നു. ഹരിയാനയുടെ മൂന്ന് ബാറ്റര്‍മാര്‍ മാത്രമാണ് രണ്ടക്കം കണ്ടത്. 22.2 ഓവറില്‍ 80 റണ്‍സിന് ഹരിയാന ഓള്‍ഔട്ടായി. അഭിജിത് പ്രവീണും പി നസലും നാല് വിക്കറ്റ് വീതം വീഴ്‌ത്തിയപ്പോള്‍ പവന്‍ രാജ് രണ്ട് വിക്കറ്റ് നേടി.









